മ്യൂസിയം കേസിലെ പ്രതിയോ? തിരുവനന്തപുരത്ത് വീട്ടില്‍ അതിക്രമിച്ച കയറിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍
തിരുവനന്തപുരം മ്യൂസിയത്തില്‍ പ്രഭാത സവാരിക്കിറങ്ങിയ യുവതിയെ ആക്രമിച്ച കേസില്‍ അന്വേഷണം തുടരുന്നതിനിടെ കുറവന്‍കോണത്ത് വീട്ടില്‍ അതിക്രമിച്ച കേസില്‍ ഒരാള്‍ പിടിയില്‍. മലയിന്‍ കീഴ് സ്വദേശിയായ സന്തോഷാണ് പിടിയിലായത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കുറവന്‍കോണത്തെ വീട്ടില്‍ അതിക്രമിച്ച് കയറിയത് താനാണെന്ന് ഇയാള്‍ സമ്മതിച്ചതായി പോലീസ് അറിയിച്ചു.
ഇയാള്‍തന്നെയാണ് മ്യൂസിയത്തില്‍ യുവതിയെ ആക്രമിച്ചതെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഈ സംഭവത്തിലും ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്യും. കുറവന്‍കോണത്തെ വീട്ടില്‍ അതിക്രമിച്ച കയറിയ വ്യക്തിതന്നെയാണ് തന്നെ ആക്രമിച്ചതെന്ന് നേരത്തെ മ്യൂസിയം സംഭവത്തില്‍ ഇരയായ യുവതി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
അതേസമയം, പിടിയിലായ യുവാവ് ഒരു മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിന്റെ ഡ്രൈവറാണെന്ന സൂചനയും പുറത്തുവരുന്നുണ്ട്. പേരൂര്‍ക്കട പോലീസാണ് ഇത് സംബന്ധിച്ച് പ്രതികരിച്ചത്. സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് ഒരാള്‍ പിടിയിലാകുന്നത്.
കഴിഞ്ഞ ബുധനാഴ്ച്ച പുലര്‍ച്ചെ 4.40 ഓടെയായിരുന്നു പ്രഭാത സവാരിക്കിടെ യുവതിക്കുനേരെ ആക്രമണമുണ്ടായത്. കാറില്‍ മ്യൂസിയത്തില്‍ എത്തിയ പ്രതിയാണ് യുവതിയെ കടന്നു പിടിച്ചത്. ഇയാളെ പിടികൂടാന്‍ യുവതി പിന്നാലെ ഓടിയെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് യുവതി മ്യൂസിയം സ്റ്റേഷനിലെത്തി പരാതി നല്‍കി. എന്നാല്‍, സംഭവത്തില്‍ പോലീസിന്റെ ഇടപെടല്‍ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് യുവതി രംഗത്തെത്തിയിരുന്നു. പിന്നാലെ, ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തി പ്രതിക്കെതിരെ കേസെടുത്തു. മ്യൂസിയത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് പ്രതിയുടെ രേഖാചിത്രവും പുറത്തുവിട്ടിരുന്നു.
അതേസമയം, യുവതിയെ ആക്രമിച്ചയാളും കുറവന്‍കോണത്ത് വീടാക്രമിച്ച ആളും ഒരാള്‍ തന്നെയാണെന്ന് ഇന്ന് രാവിലെ അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു. രണ്ടും ഒരാള്‍ തന്നെയാണെന്ന് സിസിടിവി ദൃശ്യങ്ങള്‍ കണ്ട പരാതിക്കാരി പറഞ്ഞെങ്കിലും രണ്ട് പേരാണെന്ന നിലപാടിലായിരുന്നു പോലീസ് ആദ്യം.