മധു
മധു

അട്ടപ്പാടി മധു വധക്കേസില്‍ വീണ്ടും കൂറുമാറ്റം; 17-ാം സാക്ഷിയും മൊഴി മാറ്റി

മജിസ്ട്രേറ്റിന് നല്‍കിയ രഹസ്യമൊഴി പോലീസിന്റെ സമ്മർദ്ദത്താലാണെന്ന് വിശദീകരണം
Updated on
1 min read

അട്ടപ്പാടി മധുവധക്കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി. പതിനേഴാം സാക്ഷി ജോളിയാണ് മൊഴി മാറ്റിയത്. രഹസ്യമൊഴി പോലീസിന്റെ സമ്മർദ്ദത്താല്‍ നല്‍കിയതാണെന്നാണ് വിശദീകരണം. ഇതോടെ കേസില്‍ കൂറുമാറിയവരുടെ എണ്ണം ഏഴായി.

സംഭവം നടന്ന മുക്കാലിയിലേക്ക് പ്രതികള്‍ മധുവിനെ പിടിച്ചുകൊണ്ടു വരുന്നത് കണ്ടെന്നായിരുന്നു ജോളി മജിസ്ട്രേറ്റിന് നല്‍കിയ മൊഴി. ഈ രഹസ്യമൊഴിയാണ് തിരുത്തിയത്. കേസില്‍ 10 മുതല്‍ 17 വരെയുള്ള സാക്ഷികളാണ് മജിസ്ട്രേറ്റിന് മുന്‍പില്‍ സെക്ഷന്‍ 164 പ്രകാരം രഹസ്യമൊഴി നല്‍കിയത്. ഇതില്‍ 13-ാം സാക്ഷി സുരേഷ് മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയത്. 12, 16 സാക്ഷികളായ വാച്ചർമാർ മൊഴി മാറ്റിയതിന് വനംവകുപ്പ് പിരിച്ച് വിട്ടിരുന്നു. സാക്ഷിപട്ടികയില്‍ ഇനി രണ്ട് വനംവകുപ്പ് വാച്ചര്‍മാര്‍ കൂടി മൊഴി നല്‍കാനുണ്ട്.

പോലീസിന്റെ ഭീഷണിക്ക് വഴങ്ങിയാണ് മജിസ്ട്രേറ്റിന് മൊഴി നല്‍കിയതെന്നാണ് കൂറുമാറിയ എല്ലാവരുടെയും വിശദീകരണം. പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കുന്നുവെന്ന് വിചാരണയുടെ ആദ്യഘട്ടം മുതല്‍ മധുവിന്റെ കുടുംബം ആരോപിച്ചിരുന്നു. കൂറുമാറ്റം തടയാന്‍ സാക്ഷികള്‍ക്ക് ഈ മാസം ആദ്യം മുതല്‍ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അതിനുശേഷവും നാല് പേർ മൊഴി മാറ്റി.

logo
The Fourth
www.thefourthnews.in