മധുവിന്‍റെ മാതാവും സഹോദരിയും
മധുവിന്‍റെ മാതാവും സഹോദരിയും

മധു വധക്കേസ്: കൂറുമാറിയ സാക്ഷികള്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം, കോടതിയില്‍ പരാതി നല്‍കി

അട്ടപ്പാടിയില്‍ ജീവിക്കാന്‍ പോലും കഴിയാത്ത നിലയാണെന്ന് കുടുംബം
Updated on
1 min read

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകം സംബന്ധിച്ച കേസില്‍ സാക്ഷികളുടെ കൂറുമാറ്റം തുടരുന്നതിനിടെ പരാതിയുമായി കുടുംബം. വിചാരണ വേളയില്‍ കൂറുമാറ്റം പതിവായതോടെയാണ് മൊഴിമാറ്റിയ സാക്ഷികള്‍ക്ക് എതിരെ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് എത്തിയത്. പ്രതികളുടെ സ്വാധീനമാണ് കൂറുമാറ്റങ്ങള്‍ക്ക് പിന്നില്‍ എന്നാണ് മധുവിന്റെ കുടുംബത്തിന്റെ ആരോപണം. സാക്ഷികള്‍ക്ക് പണം നല്‍കിയും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചുമാണ് മൊഴിമാറ്റിയിരിക്കുന്നത് എന്നും മധുവിന്റെ അമ്മ മണ്ണാര്‍ക്കാട് മുന്‍സിഫ് കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.

തങ്ങള്‍ നിരന്തരമായി ഭീഷണി നേരിടുന്ന അവസ്ഥയാണ്. സമാനമായ ഭീഷണി സാക്ഷികള്‍ക്ക് നേരെയും ഉണ്ടായിട്ടുണ്ടാവാം

കൂറുമാറ്റത്തിന് പുറമെ കുടുംബത്തിന് ഭീഷണിയുണ്ടെന്നും അട്ടപ്പാടിയില്‍ ജീവിക്കാന്‍ പോലും കഴിയാത്ത നിലയാണ് ഉള്ളതെന്നും പരാതിയില്‍ ആരോപിക്കുന്നു. തങ്ങള്‍ നിരന്തരമായി ഭീഷണി നേരിടുന്ന അവസ്ഥയാണ്. സമാനമായ ഭീഷണി സാക്ഷികള്‍ക്ക് നേരെയും ഉണ്ടായിട്ടുണ്ടാവാം എന്നും മധുവിന്റെ മാതാവ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പരാതിയില്‍ കോടതിയെടുക്കുന്ന തീരുമാനം കേസിന്റെ വലിയ തോതില്‍ സ്വാധീനിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മധു വധക്കേസില്‍ കേസില്‍ ആകെ 119 സാക്ഷികളാണ് ഉണ്ടായിരുന്നത് ഇതുവരെ 18 സാക്ഷികളെയാണ് വിസ്തരിച്ചിട്ടുള്ളത്. ഇതില്‍ എട്ട് സാക്ഷികളാണ് കുറുമാറിയത്. പ്രധാന സാക്ഷികളായി പ്രോസിക്യൂഷന്‍ മുന്നോട്ടുകൊണ്ടുവന്ന എട്ടു സാക്ഷികളില്‍ ഏഴു പേരും വിചാരണയ്ക്കിടെ മൊഴിമാറ്റി. 10 മുതല്‍ 18 വരെയുള്ള സാക്ഷികളില്‍ എട്ടു പേരാണ് മൊഴിമാറ്റിപ്പറഞ്ഞത്. പോലീസിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയായിരുന്നു രഹസ്യമൊഴി നല്‍കിയതെന്നാണ് ഇവര്‍ കോടതിയെ അറിയിച്ചത്.

വനം വകുപ്പില്‍ താല്‍ക്കാലിക വാച്ചറായിരുന്ന 18ാം സാക്ഷിയായിരുന്ന കാളിമൂപ്പനാണ് ഒടുവില്‍ കൂറുമാറിയത്. ഇയാളെ ഉള്‍പ്പെടെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടതായി വനം വകുപ്പ് അറിയിച്ചു. നേരത്തെ കുറുമാറിയ റസാഖ്, അനില്‍കുമാര്‍ തുടങ്ങിയ സാക്ഷികളെയും താല്‍ക്കാലിക ജോലിയില്‍ നിന്നും വനം വകുപ്പ് പിരിച്ചുവിട്ടിരുന്നു. ഉണ്ണികൃഷ്ണന്‍, ചന്ദ്രന്‍, ആനന്ദന്‍, മെഹറുന്നീസ ജോളി എന്നിവരാണ് കുറുമാറിയ മറ്റ് സാക്ഷികള്‍.

13ാം സാക്ഷി സുരേഷ് മാത്രമാണ് മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയില്‍ ഉറച്ചുനിന്നത്.

മധു വധക്കേസില്‍ വിചാരണയുടെ ആദ്യഘട്ടം മുതല്‍ പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന ആശങ്ക മധുവിന്റെ കുടുംബം പങ്കുവെച്ചിരുന്നു. ഇത് സാധൂകരിക്കുന്ന റിപ്പോര്‍ട്ടുകളായിരുന്നു പിന്നാലെ പുറത്ത് വന്നത്.

ഇതുവരെ വിസ്തരിച്ച സാക്ഷികളില്‍ 13ാം സാക്ഷി സുരേഷ് മാത്രമാണ് മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയില്‍ ഉറച്ചുനിന്നത്. മധുവിനെ പാക്കുളം സ്വദേശി ഹുസൈന്‍ ചവിട്ടുന്നത് കണ്ടെന്നു നേരത്തെ നല്‍കിയ മൊഴിയില്‍ സുരേഷ് ഉറച്ചുനിന്നു. മര്‍ദ്ദിക്കുന്ന സമയത്ത് മധുവിന്റെ കൈകള്‍ ബന്ധിക്കപ്പെട്ടിരുന്നുവെന്നും ചവിട്ടേറ്റു മധു തലയടിച്ചു വീഴുന്നത് കണ്ടുവെന്നും സുരേഷ് കോടതിയെ അറിയിച്ചു. പ്രതി ഹുസൈനെ കോടതിയില്‍ സുരേഷ് തിരിച്ചറിയുകയും ചെയ്തു. ഹുസൈനു പുറമേ മൂന്നാം പ്രതി ഷംസുദ്ദീനെയും ഏഴാം പ്രതി സിദ്ദീഖിനെയും മധുവിന്റെ ബന്ധു കൂടിയായ സുരേഷ് തിരിച്ചറിഞ്ഞിരുന്നു.

logo
The Fourth
www.thefourthnews.in