മധുവിന് പൂർണ നീതി ലഭിച്ചില്ലെന്ന് കുടുംബം; വിധി തൃപ്തികരമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ, പ്രതിഭാഗം അപ്പീൽ പോകും

മധുവിന് പൂർണ നീതി ലഭിച്ചില്ലെന്ന് കുടുംബം; വിധി തൃപ്തികരമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ, പ്രതിഭാഗം അപ്പീൽ പോകും

മനഃപൂർവമായ കൊലപാതകമാണെന്ന് കണ്ടെത്താന്‍ കോടതിയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജേഷ് എം മേനോന്‍ പ്രതികരിച്ചു
Updated on
2 min read

മധുവിന് പൂര്‍ണ നീതി കിട്ടിയില്ലെന്നു കുടുംബം. എല്ലാവരും കുറ്റക്കാരാണെന്നും രണ്ടു പേരെ വെറുതെ വിട്ടത് നീതിയല്ലെന്നും അമ്മ മല്ലി പ്രതികരിച്ചു. രണ്ടു പ്രതികളെ വെറുതെ സാഹചര്യത്തില്‍ മധുവിന് പൂര്‍ണ നീതി കിട്ടിയില്ലെന്ന് സഹോദരി സരസുവും പ്രതികരിച്ചു.

രണ്ടുപേരെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ പോകുമെന്ന് കുടുംബം വ്യക്തമാക്കി. ഒരുപാട് പോലീസ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ കൂടെ നിന്ന് പോരാടിയിട്ടുണ്ട്. അവര്‍ക്കെല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും വിധി വന്നതിനു പിന്നാലെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.

കോടതിയുടെ മുന്‍പില്‍ സമര്‍പ്പിച്ച എല്ലാ ശാസ്ത്രീയ തെളിവുകളും സാങ്കേതിക തെളിവുകളും കോടതി പരിഗണിച്ചാണ് അട്ടപ്പാടി മധുവധക്കേസില്‍ മണ്ണാര്‍ക്കാട് പട്ടിക ജാതി, പട്ടിക വര്‍ഗ കോടതി വിധി പറഞ്ഞത്.

മനഃപൂർവമായ കൊലപാതകമാണെന്ന് കണ്ടെത്താന്‍ കോടതിയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജേഷ് എം മേനോന്‍ പ്രതികരിച്ചു. പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് നിലവിൽ പ്രതികളുടെ മേൽ ചുമത്തിയിരിക്കുന്നത്.

326 വകുപ്പിൻറെ പരിധിയിൽ ജീവപര്യന്തം വരെ ശിക്ഷ കൊടുക്കാവുന്നതാണ്

16-ാം പ്രതിക്കെതിരെ 352 വകുപ്പാണ് ചുമത്തിയിരിക്കുന്നത്. അതിന് മൂന്ന് മാസമാണ് ശിക്ഷാ കാലാവധിയുണ്ടാവുക. ബാക്കിയുള്ള 13 പ്രതികളുടെ മേല്‍ 304(2) ആണ് ചുമത്തിയ ത്. ഈ വകുപ്പിനാണ് 10 വര്‍ഷം വരെ ശിക്ഷ ലഭിക്കുക. ഒന്നാം പ്രതിയുടെ മേല്‍ 304(2) ആണ് ചുമത്തിയിട്ടുള്ളത്. ബാക്കി 12 പേര്‍ക്ക് 304(2) ന് പുറമേ 326, 367 എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. എസ് സി എസ് ടി പ്രകാരമുള്ള 31ഡി പ്രകാരമുള്ള വകുപ്പിലും അവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പത്ത് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന ഒരു കുറ്റമാണ് 367 വകുപ്പിന്റെ പരിധിയില്‍ വരുന്നത്.

എല്ലാവരും കുറ്റക്കാരാണെന്നും രണ്ട് പേരെ വെറുതെ വിട്ടത് നീതിയല്ല എന്നുമാണ് മധുവിന്റെ അമ്മ മല്ലി പ്രതികരിച്ചത്

326 വകുപ്പിന്റെ പരിധിയിൽ ജീവപര്യന്തം വരെ ശിക്ഷ കൊടുക്കാവുന്നതാണ്. നേരിട്ടുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് തുടക്കത്തിൽ കേസ് പുരോഗമിച്ചത്. എന്നാല്‍ പിന്നീട് അനുബന്ധ തെളിവുകളുടെ അടിസ്ഥാനത്തില്‍ പോരാടേണ്ട അവസ്ഥ വന്നു. നിലവിലെ വിധി പ്രസ്താവത്തില്‍ തൃപ്തനാണോ എന്ന ചോദ്യത്തിന് വിധി പ്രസ്താവത്തിന്റെ പൂര്‍ണരൂപം കിട്ടിയതിന് ശേഷം പ്രതികരിക്കാമെന്നായിരുന്നു സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ മറുപടി. എല്ലാ സാങ്കേതിക തെളിവുകളും ശാസ്ത്രീയ തെളിവുകളും ഇതില്‍ നിര്‍ണായകമായെന്നും അദ്ദേഹം പ്രതികരിച്ചു.

മനപൂര്‍വം കൊല്ലണമെന്ന ഉദ്ദേശം പ്രതികള്‍ക്കുണ്ടായിരുന്നില്ല

ഒരുപാട് പ്രതിസന്ധികളിലൂടെയാണ് അട്ടപ്പാടി മധുവിന്റെ കൊലപാതക്കേസ് കടന്നുപോയതെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ പ്രതികരിച്ചത്. പല സാക്ഷികളും കൂറുമാറി. പ്രോസിക്യൂട്ടര്‍മാരുടെ കാര്യത്തിലും ഒട്ടേറെ ആശങ്കകളുണ്ടായി. അതിനാല്‍ ഒരുപാട് കടമ്പകള്‍ കടക്കേണ്ടി വന്നു. പ്രതികളെയെല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. മാതൃകാപരമായ ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും മധുവിന്റെ കുടുംബത്തിന് ഇനിയും സുരക്ഷ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

കോടതിയില്‍ നിന്നുണ്ടായത് നീതി പൂര്‍വമായ വിധിയാണെന്ന് പ്രതിഭാഗം അഭിഭാഷകന്‍ സിദ്ദിഖ് പ്രതികരിച്ചു. മനഃപൂർ‍വം കൊല്ലണമെന്ന ഉദ്ദേശം പ്രതികള്‍ക്കുണ്ടായിരുന്നില്ല. അത് കണ്ടെത്തിയാണ് കോടതി വിധി. വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും അദ്ദേഹം അറിയിച്ചു.

logo
The Fourth
www.thefourthnews.in