അട്ടപ്പാടി മധു വധക്കേസ്; കൂറുമാറിയ സാക്ഷി സുനിൽ കുമാറിനെ വനംവകുപ്പ് പിരിച്ചുവിട്ടു

അട്ടപ്പാടി മധു വധക്കേസ്; കൂറുമാറിയ സാക്ഷി സുനിൽ കുമാറിനെ വനംവകുപ്പ് പിരിച്ചുവിട്ടു

സുനിൽ കുമാറിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ നേത്ര പരിശോധനയ്ക്ക് വിധേയമാക്കി. ഫലം നാളെ കോടതിയില്‍ ഹാജരാക്കും.
Updated on
1 min read

അട്ടപ്പാടി മധു വധക്കേസില്‍ കൂറുമാറിയ ഒരു വനം വകുപ്പ് വാച്ചറെ കൂടി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. സൈലന്‍റ് വാലി ഡിവിഷനിലെ ആനവായ് ഫോറസ്റ്റ് സ്‌റ്റേഷനിലെ താല്‍ക്കാലിക ജീവനക്കാരനായ സുനില്‍ കുമാറിനെയാണ് പിരിച്ചുവിട്ടത്. കേസിലെ 29ാം സാക്ഷിയായ സുനില്‍ കുമാറിനെ മൊഴി മാറ്റിയതിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിട്ടത്. ഇതോടെ കൂറുമാറ്റത്തെ തുടര്‍ന്ന് പുറത്താക്കുന്ന വനം വകുപ്പ് വാച്ചര്‍മാരുടെ എണ്ണം നാലായി.

മൊഴി മാറ്റിയതിന് പിന്നാലെ പ്രോസിക്യൂഷന്‍ സംഭവദിവസത്തെ ദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു

മധുവിനെ പ്രതികൾ പിടിച്ചുകൊണ്ടുവരുന്നതും കള്ളൻ എന്ന് പറഞ്ഞ് ദൃശ്യങ്ങൾ പകർത്തുന്നതും കണ്ടുവെന്നായിരുന്നു സുനിൽ കുമാർ ആദ്യം നൽകിയ മൊഴി. ഈ മൊഴിയാണ് ഇയാൾ ഇന്ന് കോടതിയിൽ തിരുത്തിയത്. തുടർന്നാണ് വനംവകുപ്പിന്റെ നടപടി. മൊഴി മാറ്റിയതിന് പിന്നാലെ പ്രോസിക്യൂഷന്‍ സംഭവദിവസത്തെ ദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

കോടതിയിൽ പ്രദർശിപ്പിച്ച ദൃശ്യങ്ങളിൽ സംഭവങ്ങൾക്ക് ദൃക്സാക്ഷിയായി സുനിൽ കുമാർ നിൽക്കുന്നത് കാണാമായിരുന്നു. എന്നാൽ തനിക്ക് ദൃശ്യങ്ങൾ കാണാൻ സാധിക്കുന്നില്ലെന്നായിരുന്നു സുനിൽ കുമാറിന്റെ മറുപടി. ഇതോടെയാണ് ഇയാളുടെ കാഴ്ച ശക്തി പരിശോധിക്കാൻ കോടതി ഉത്തരവിട്ടത്. തുടര്‍ന്ന് സുനിൽ കുമാറിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ നേത്ര പരിശോധനയ്ക്ക് വിധേയമാക്കി. ഫലം നാളെ കോടതിയില്‍ ഹാജരാക്കും. സുനിൽ കുമാറിനോട് നാളെ കോടതിയിൽ ഹാജരാകാനും നിർദേശിച്ചിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് മൂന്ന് സാക്ഷികളെ വിസ്തരിക്കാനായിരുന്നു മണ്ണാര്‍ക്കാട് പട്ടിക ജാതി പട്ടിക വര്‍ഗ്ഗ കോടതിയുടെ നിര്‍ദ്ദേശം. 29,30,31 സാക്ഷികളില്‍ മുപ്പതാം സാക്ഷി താജുദ്ദീന് നേരത്തെ മരിച്ചിരുന്നു. ഇരുപത്തി ഒമ്പതാം സാക്ഷി സുനില്‍ കുമാര്‍, മുപ്പത്തിയൊന്നാം സാക്ഷി ദീപു എന്നിവര്‍ കോടതിയില്‍ ഹാജരായി. ദീപുവും ഇന്ന് വിചാരണ കോടതിയ്ക്ക് മുന്‍പില്‍ മൊഴിമാറ്റി.

ജോലി നഷ്ടപ്പെടുമെന്ന് വ്യക്തമായിട്ടും കൂറ് മാറിയത് വലിയ തുക പണമായി ലഭിച്ചതിന്റെ തെളിവാണെന്നും പ്രോസിക്യൂഷനും കോടതിയും ചൂണ്ടിക്കാട്ടി

കേസുമായി ബന്ധപ്പെട്ട് പോലീസിന് മൊഴി നല്‍കിയിട്ടില്ലെന്നാണ് ദീപു കോടതിയെ അറിയിച്ചത്. എന്നാല്‍ ഇയാളെ പ്രതികള്‍ നിരന്തരം ഫോണിലൂടെ ബന്ധപ്പെട്ടതിന്‍റെ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നതായും പ്രതികള്‍ സാക്ഷികളെ ഇപ്പോഴും സ്വാധീനിക്കാൻ ശ്രമിക്കുകയാണ് എന്നുമായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. ജോലി നഷ്ടപ്പെടുമെന്ന് വ്യക്തമായിട്ടും കൂറ് മാറിയത് വലിയ തുക പണമായി ലഭിച്ചതിന്റെ തെളിവാണെന്നും പ്രോസിക്യൂഷനും കോടതിയും ചൂണ്ടിക്കാട്ടി. കേസിലെ 32 മുതല്‍ 34 വരെയുള്ള സാക്ഷികളെ നാളെ വിസ്തരിക്കും. 16 പേരാണ് കേസില്‍ ഇതുവരെ കൂറുമാറിയത്.

logo
The Fourth
www.thefourthnews.in