മധു
മധു

അട്ടപ്പാടി മധു വധക്കേസില്‍ വിധി ഏപ്രില്‍ നാലിന്

മധു കൊല്ലപ്പെട്ട് അഞ്ച് വർഷം പിന്നിടുമ്പോഴാണ് വിചാരണ പൂർത്തിയാക്കി കേസിൽ അന്തിമ വിധി പറയാനൊരുങ്ങുന്നത്
Updated on
1 min read

അട്ടപ്പാടി മധു വധക്കേസില്‍ വിധി പ്രഖ്യാപനം ഏപ്രില്‍ നാലിന്. മണ്ണാർക്കാട് എസ് സി-എസ് ടി കോടതിയാണ് വിധി പറയുക. മധു കൊല്ലപ്പെട്ട് അഞ്ച് വർഷം പിന്നിടുമ്പോഴാണ് വിചാരണ പൂർത്തിയാക്കി കേസിൽ അന്തിമ വിധി പറയാനൊരുങ്ങുന്നത്. പാലക്കാട് അട്ടപ്പാടി ചിണ്ടക്കി സ്വദേശിയായ മധു എന്ന ആദിവാസി യുവാവിനെ ആൾക്കൂട്ട വിചാരണ നടത്തി മർദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. പതിനാറ് പ്രതികളാണ് കേസിലുള്ളത്.

2018 ഫെബ്രുവരി 22 നാണ് ഇരുപത്തിയേഴുകാരനായ മധുവിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയത്. കാടിനുസമീപത്തെ മുക്കാലിക്കവലയിലെ കടയിൽനിന്ന് അരിയും മറ്റു സാധനങ്ങളും മോഷ്ടിച്ചുവെന്നാരോപിച്ചാണ് ആൾക്കൂട്ട വിചാരണ നടത്തി അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. സംഭവം നടന്ന് നാല്‌ വർഷം കഴിഞ്ഞാണ് കേസിന്റെ വിചാരണ ആരംഭിക്കുന്നത്. മധുവിന്റെ അമ്മ മല്ലിയുടെയും സഹോദരി സരസുവിന്റെയും അഞ്ച് വര്‍ഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് കേസ് ഇപ്പോൾ അന്തിമ ഘട്ടത്തിലെത്തുന്നത്.

മധു
അട്ടപ്പാടി മധു വധക്കേസ്: അഞ്ച് വർഷം നീണ്ട നീതി നിഷേധത്തിന് അറുതിയാകുമോ?

സാക്ഷികളുടെ കൂറുമാറ്റമായിരുന്നു കേസിൽ പ്രോസിക്യൂഷൻ നേരിട്ടിരുന്ന വലിയ വെല്ലുവിളി. കേസിൽ ആകെ 121 സാക്ഷികളാണുണ്ടായിരുന്നത്. ഇതിൽ 103 പേരെ വിസ്തരിച്ചതിൽ 24 പേര്‍ വിചാരണയുടെ പല ഘട്ടങ്ങളിലായി കൂറുമാറി. ഇവരിൽ മധുവിന്റെ ബന്ധുക്കളും ഉൾപ്പെടുന്നു. കേസിൽ കൂറുമാറിയ വനം വകുപ്പിലെ താല്‍കാലിക ജീവനക്കാരായ നാലുപേരെ ജോലിയില്‍നിന്നു പിരിച്ചുവിട്ടു. സര്‍ക്കാര്‍ ശമ്പളം വാങ്ങുന്നയാള്‍ പ്രോസിക്യൂഷന് അനുകൂലമായി നല്‍കിയ രഹസ്യമൊഴി തിരുത്തിയതിനായിരുന്നു നടപടി. മധുവിനെ മർദിക്കുന്ന ദൃശ്യങ്ങൾ തിരിച്ചറിയാൻ സാധിക്കുന്നില്ലെന്ന് അറിയിച്ച സാക്ഷിയെ കാഴ്ച പരിശോധനക്കയച്ച അപൂർവമായ കോടതി നടപടിയും ഈ കേസിൽ കണ്ടു. സാക്ഷി സംരക്ഷണ നിയമം നടപ്പിലാക്കിയതോടെയാണ് കൂറുമാറ്റം ഒരു പരിധി വരെ തടയാൻ പ്രോസിക്യൂഷന് സാധിച്ചത്.

logo
The Fourth
www.thefourthnews.in