അട്ടപ്പാടി മധു വധക്കേസിൽ വിധി 30ന് ; എല്ലാ പ്രതികളും ഹാജരാവണമെന്ന് നിർദേശം
അട്ടപ്പാടി മധുവധക്കേസിൽ ഈ മാസം 30ന് വിധി പറയും. കേസില്‍ കഴിഞ്ഞ വെള്ളിയാഴ്ച വിചാരണ നടപടികള്‍ പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് വിധി പറയുന്ന ദിവസം പ്രഖ്യാപിക്കുന്നതിനായാണ് കേസ് ഇന്ന് പരിഗണിച്ചത്. കേസിലെ 16 പ്രതികളോടും 30ന് ഹാജരാകണമെന്ന് കോടതി നിര്‍ദേശം നല്‍കി. മണ്ണാർക്കാട് പട്ടികജാതി - പട്ടികവർഗ കോടതിയാണ് കേസില്‍ വിധി പറയുക.
"ബൃഹത്തായ നിയമനടപടിക്ക് ശേഷമുള്ള വിധിയാണിത്. കൊലപാതകം അല്ലെന്നും കേസ് തെളിയിക്കാൻ സാധിച്ചിട്ടില്ലെന്നുമാണ് പ്രതികളുടെ ഇപ്പോഴത്തെ ആരോപണം. അത് വെറും ആരോപണം മാത്രമാണ്" - പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് മേനോൻ വ്യക്തമാക്കി.
മധു കൊല്ലപ്പെട്ട് നാല് വര്‍ഷം കഴിഞ്ഞാണ് വിചാരണ ആരംഭിച്ചത്
അരി മോഷ്ടിച്ചെന്നാരോപിച്ച് 2018 ഫെബ്രുവരിയിൽ ആദിവാസി യുവാവായ മധുവിനെ ആൾക്കൂട്ട വിചാരണ നടത്തി മർദിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. മാനസികാസ്വാസ്ഥ്യമുള്ള മധുവിനെ ആൾക്കൂട്ടം കെട്ടിയിട്ട് മർദിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പിന്നാലെ വലിയ പ്രതിഷേധങ്ങൾ ഉയർന്നു. കേസിൽ ആകെ 16 പ്രതികളാണുള്ളത്. 121 സാക്ഷികളില്‍ 24 പേര്‍ വിചാരണയുടെ പല ഘട്ടങ്ങളിലായി കൂറുമാറിയിരുന്നു.പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചതിനാല്‍ ഇവര്‍ കൂട്ടത്തോടെ കൂറുമാറിയെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയില്‍ വിചാരണ കോടതി 12 പ്രതികളുടെ ജാമ്യം 2022 ഓഗസ്റ്റ് 20ന് റദ്ദാക്കിയിരുന്നു.
12 പ്രതികളില്‍ 11 പേരുടെ ജാമ്യം റദ്ദാക്കിയ നടപടിയെ ഹൈക്കോടതി ശരിവെക്കുകയും ചെയ്തു. പിന്നീട്, സാക്ഷി വിസ്താരം ഏറെക്കുറെ പൂർത്തിയായ സാഹചര്യത്തില്‍ റിമാൻഡിലുള്ള 11 പ്രതികൾക്കും വിചാരണക്കോടതി ശക്തമായ ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. എല്ലാ ദിവസവും വിസ്താരത്തിനായി കോടതിയില്‍ ഹാജരാകണം, മധുവിന്റെ കുടുംബത്തെ അടുപ്പമുള്ളവരേയോ കാണാനോ ഭീഷണിപ്പെടുത്താനോ പാടില്ല, വിസ്തരിച്ച സാക്ഷികളെയോ വിസ്തരിക്കാനുള്ള സാക്ഷികളെയോ സ്വാധീനിക്കാന്‍ പാടില്ല, രാജ്യം വിട്ടു പോകാന്‍ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
മധു കൊല്ലപ്പെട്ട് നാല് വര്‍ഷം കഴിഞ്ഞാണ് വിചാരണ ആരംഭിച്ചത്. മധുവിന്റെ അമ്മ മല്ലിയുടേയും സഹോദരി സരസുവിന്റെയും അഞ്ച് വര്‍ഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് കേസ് അന്തിമ ഘട്ടത്തിലെത്തിയത്.