"കലോത്സവത്തില്‍ കലാപമുണ്ടാക്കാനുള്ള നീക്കം നടന്നോയെന്ന് പരിശോധിക്കും"; മന്ത്രി റിയാസ്
സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വാഗത ഗാന ദൃശ്യാവിഷ്‌കാര വിവാദത്തില്‍ പ്രതികരണവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ജനങ്ങളെ ഭിന്നിപ്പിച്ച് കലാപമുണ്ടാക്കാനുള്ള നീക്കം കലോത്സവ വേദിയിലുണ്ടായോ എന്ന് കൃത്യമായി പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. ഒരു പ്രത്യേക മതവിഭാഗത്തെ തീവ്രവാദികളായി മുദ്രകുത്താനുള്ള ശ്രമം ഒരു തരത്തിലും അംഗീകരിക്കാനാകില്ല. രാജ്യത്തെ മറ്റ് പല ശക്തികളും ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തിയാണത്. ദൃശ്യാവിഷ്‌കാരം തയ്യാറാക്കിയ വ്യക്തിയുടെ സംഘ്പരിവാർ ബന്ധം ഗൗരവമായി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
ഒരു പ്രത്യേക വിഭാഗം തീവ്രവാദം നടത്തുന്നവരാണ് എന്നൊരു ആശയം കുത്തി വെയ്ക്കാനുള്ള ശ്രമണങ്ങളുടെ ഭാഗമാണോ ഈ നീക്കമെന്നും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അവതരിപ്പിച്ച സംഗീത ശിൽപ്പത്തിൽ മുസ്ലിം വേഷധാരിയെ ഭീകരനായി ചിത്രീകരിച്ചത് വിവാദമായിരുന്നു. വേദിയിൽ അവതരിപ്പിക്കുന്നതിന് മുൻപ് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ കണ്ട ശേഷം അനുവാദം നൽകണമെന്നാണ് ചട്ടം.
ജനങ്ങളെ ഭിന്നിപ്പിച്ച് കലാപശ്രമമുണ്ടാക്കാനുള്ള നീക്കം കലോത്സവ വേദിയിലുണ്ടായോ എന്ന് കൃത്യമായി പരിശോധിക്കും
പി എ മുഹമ്മദ് റിയാസ്, മന്ത്രി
സംഭവത്തില്‍ വ്യാപക വിമർശനമാണുയർന്നത്. മാപ്പ് അർഹിക്കാത്ത തെറ്റാണ് സർക്കാർ ചെയ്തതെന്ന് ആരോപിച്ച് മുസ്ലിം ലീഗ് രംഗത്തെത്തിയിരുന്നു. ദൃശ്യാവിഷ്‌കാരം സംവിധാനം ചെയ്തവരുടെ വികലമായ മനസ്സ് തിരിച്ചറിയാൻ കഴിയാത്തത് മാപ്പ് അർഹിക്കാത്ത തെറ്റാണെന്നായിരുന്നു പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. സംഭവം യാദൃച്ഛികമല്ലെന്ന് കെപിഎ മജീദും വിമർശിച്ചു. അതേസമയം, സംഭവത്തിൽ സർക്കാരിന് സങ്കുചിത മനോഭാവമില്ലെന്നും പരാതിയിൽ നടപടിയെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു.