വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ വികസനത്തിന് ഏറെ പ്രധാനം; കലാപം സൃഷ്ടിക്കാനുള്ള ഗൂഢശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് സിപിഎം

വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ വികസനത്തിന് ഏറെ പ്രധാനം; കലാപം സൃഷ്ടിക്കാനുള്ള ഗൂഢശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് സിപിഎം

ജനങ്ങള്‍ക്കിടയിലെ സൗഹൃദം ഇല്ലാതാക്കുന്നതിന് പുറപ്പെട്ട ശക്തികള്‍ കലാപം ലക്ഷ്യംവെച്ച് അക്രമ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയാണെന്ന് സിപിഎം സെക്രട്ടേറിയേറ്റ്
Updated on
2 min read

വിഴിഞ്ഞം മേഖലയില്‍ കലാപം സൃഷ്ടിക്കാനുള്ള ഗൂഢശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. ജനങ്ങള്‍ക്കിടയിലെ സൗഹൃദം ഇല്ലാതാക്കുന്നതിന് പുറപ്പെട്ട ശക്തികള്‍ കലാപം ലക്ഷ്യംവെച്ച് അക്രമ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയാണ്. സമരത്തിലുണ്ടാകുന്ന അക്രമസംഭവങ്ങള്‍ സമരക്കാരെ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്തികൊണ്ടിരിക്കുകയാണ്. അക്രമങ്ങള്‍ കുത്തിപ്പൊക്കി കടലോര മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ സമരത്തിന്റെ പേരില്‍ നടക്കുന്നത് എന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

അക്രമങ്ങള്‍ കുത്തിപ്പൊക്കി കടലോര മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ സമരത്തിന്റെ പേരില്‍ നടക്കുന്നത്

കേരളത്തിന്റെ വികസനത്തിന് പ്രധാനമായ പദ്ധതികള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കുമ്പോള്‍ അവയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ച്ചയായി നടക്കുകയാണെന്നും സിപിഎം ആരോപിക്കുന്നു. കൂടംകുളം പദ്ധതി, നാഷണല്‍ ഹൈവേയുടെ വികസനം, ഗെയില്‍ പൈപ്പ് ലൈന്‍ തുടങ്ങിയവയിലെല്ലാം ഇത്തരം എതിര്‍പ്പുകള്‍ ഉയര്‍ന്നുവരികയും, ശക്തമായ നടപടികളിലൂടെ അത് നടപ്പിലാക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്.

നിയമവാഴ്ചയെ കൈയ്യിലെടുക്കാനും, കടലോര മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കാനുമുള്ള പരിശ്രമങ്ങളാണ് ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകണം. ഒപ്പം ചില സ്ഥാപിത ലക്ഷ്യങ്ങളോടെ ജനങ്ങളെ ഇളക്കിവിടുന്നവരെ തുറന്നുകാണിക്കാനും കഴിയേണ്ടതുണ്ട്. കേരളത്തിന്റേയും, തിരുവനന്തപുരത്തിന്റേയും വികസനത്തിന് ഏറെ പ്രാധാന്യമുള്ളതാണ് വിഴിഞ്ഞം തുറമുഖം. മത്സ്യത്തൊഴിലാളി മേഖലയില്‍ ഇതുമായി ബന്ധപ്പെട്ട് നേരത്തെ ഉയര്‍ന്നുവന്ന ആശങ്കകളെല്ലാം ചര്‍ച്ചകളിലൂടെ പരിഹരിക്കുകയും, സാധ്യമായ ഇടപെടലുകളെല്ലാം സംസ്ഥാന സര്‍ക്കാര്‍ നടത്തിയിട്ടുള്ളതുമാണ്. ഇപ്പോള്‍ സമരരംഗത്തുള്ള ചെറുവിഭാഗമായും ചര്‍ച്ച നടത്താനും, പ്രശ്നം പരിഹരിക്കാനുമുള്ള നടപടികളെല്ലാം സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതുമാണ്. ചില സ്ഥാപിത താല്‍പര്യങ്ങളാണ് ഇതിന് തടസ്സമായി നിന്നതെന്നും സിപിഎം ചൂണ്ടിക്കാട്ടുന്നു.

വിഴിഞ്ഞം പദ്ധതി നടപ്പിലായാലും സംഭവിക്കാന്‍ പോകുന്നത് ഗെയ്ല്‍ വിരുദ്ധ സമരത്തിന്റെ ആവര്‍ത്തനമാകും

കെ ടി ജലീല്‍

അതേസമയം, വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ ആക്രമണത്തെ കലാപം എന്ന് വിമര്‍ശിച്ച് കെടി ജലീല്‍ എംഎല്‍എ രംഗത്തെത്തി. ബിഷപ്പായാലും തന്ത്രിയായാലും മൗലവിയായാലും എല്ലാവരും നിയമത്തിന് വിധേയരാണ്. പുരോഹിതന്മാര്‍ ജനങ്ങള കലാപത്തിന് പ്രേരിപ്പിക്കുന്നത് കാര്യങ്ങളുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. ബിഷപ്പായാലും തന്ത്രിയായാലും മൗലവിയായാലും എല്ലാവരും നിയമത്തിന് വിധേയരാണ്. സര്‍ക്കാര്‍ വിരുദ്ധരോട് മുഖ്യ മാധ്യമങ്ങള്‍ക്കും വലിയ കരുതലാണെന്നാരോപിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത പത്ര മാധ്യമങ്ങളെയും ജലീല്‍ വിമര്‍ശിച്ചു.

മതചിഹ്നങ്ങളുടെ പവിത്രത കളഞ്ഞ് കുളിച്ചവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം.

മതചിഹ്നങ്ങളുടെ പവിത്രത കളഞ്ഞ് കുളിച്ചവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. ഒരു മതത്തിന്റെയും പേരില്‍ ആരെയും അഴിഞ്ഞാടാന്‍ വിടരുത്. ഓരോ മത സമുദായത്തിലെയും പുരോഹിതന്‍മാര്‍ വിവിധ സമരങ്ങളുടെ നേതൃത്വം ഏറ്റെടുത്ത് ആരാധനാലയങ്ങളെ സമര കേന്ദ്രങ്ങളാക്കിയാല്‍ ഇന്ത്യയെപ്പോലെ ഒരു ബഹുമത രാജ്യത്ത് അതുണ്ടാക്കുന്ന ഭവിഷ്യത്ത് ഊഹിക്കാവുന്നതാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വങ്ങള്‍ ഇക്കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണം.

ഗെയ്ല്‍ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് എതിരായി ചില മതസംഘടനകള്‍ രംഗത്തു വന്നത് നാം കണ്ടതാണ്. എതിര്‍പ്പുകള്‍ മറികടന്ന് പദ്ധതി സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കി. അത്തരക്കാര്‍ പറഞ്ഞതിലൊന്നും ഒരു കഴമ്പുമില്ലെന്ന് അനുഭവം ജനങ്ങളെ പഠിപ്പിച്ചു. വിഴിഞ്ഞം പദ്ധതി നടപ്പിലായാലും സംഭവിക്കാന്‍ പോകുന്നത് ഗെയ്ല്‍ വിരുദ്ധ സമരത്തിന്റെ ആവര്‍ത്തനമാകും. ഒരപകടവും ആര്‍ക്കും സംഭവിക്കില്ല. നിരര്‍ത്ഥകമായ ആശങ്കകള്‍ പറഞ്ഞു പരത്തി ആളുകളെ അക്രമത്തിന് പ്രചോദിപ്പിക്കുന്നവരെ സമൂഹം കരുതിയിരിക്കണമെന്നും ജലീല്‍ കൂട്ടിചേര്‍ത്തു.

logo
The Fourth
www.thefourthnews.in