ആറ്റുകാല്‍ പൊങ്കാലയുടെ ചുടുകല്ലുകള്‍ ലൈഫ് പദ്ധതിക്ക്; നഗരസഭയല്ലാതെ ആരെങ്കിലും ശേഖരിച്ചാല്‍ പിഴയീടാക്കുമെന്ന് മേയര്‍
ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ലുകള്‍ ലൈഫ് പദ്ധതിക്കുള്ള ഭവന നിര്‍മാണത്തിനായി ശേഖരിക്കുമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍. പൊങ്കാല ശേഷമുള്ള ശുചീകരണ വേളയില്‍ ഈ കല്ലുകള്‍ ശേഖരിക്കാനായി പ്രത്യേക വോളന്റീയര്‍മാരെ സജ്ജീകരിക്കും. നഗരസഭയുടെ ഭാഗമല്ലാത്ത ആരെങ്കിലും അനധികൃതമായി ചുടുകട്ടകള്‍ ശേഖരിച്ചാല്‍ പിഴ ഈടാക്കുമെന്നും മേയര്‍ അറിയിച്ചു. പൊങ്കാലയിടുന്നവര്‍ കല്ലുകള്‍ അവിടെ തന്നെ നിക്ഷേപിക്കണമെന്നും മേയര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നല്ല ഉദ്ദേശത്തിന് വേണ്ടിയാണ് കട്ടകള്‍ ഉപയോഗിക്കുന്നത്. ഇതിനായി 14ഓളം വാഹനങ്ങളും ഏർപ്പാട് ചെയ്യും. ആറ്റുകാൽ പൊങ്കാലയ്ക്കായി 5.16 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് നഗരസഭയുടെ ഭാഗത്ത് നിന്ന് നടത്തിയതെന്നും മേയർ പറഞ്ഞു. പൊങ്കാലയ്ക്ക് ശേഷം ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയതായും മേയര്‍ അറിയിച്ചു.
നഗരസഭാ പ്രവര്‍ത്തകര്‍ക്കൊപ്പം സന്നദ്ധ പ്രവര്‍ത്തകരും ഇത്തവണ പൊങ്കാലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമാകും. മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ പൊങ്കാല കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം തന്നെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. പൊങ്കാലയോട് അനുബന്ധിച്ച് നഗരസഭ റോഡുകളും സ്മാര്‍ട് സിറ്റിയുടെ ഭാഗമായുള്ള റോഡുകളും നവീകരിച്ചെന്നും മേയര്‍ അറിയിച്ചു.
പൊങ്കാലയ്ക്ക് എത്തുന്നവര്‍ പ്ലാസ്റ്റിക് ഒഴിവാക്കി സ്റ്റീല്‍ ഗ്ലാസുകളും കുപ്പികളും കൊണ്ടുവരണം. പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന മണ്‍കലങ്ങളില്‍ നിറം ലഭിക്കാന്‍ മായം കലര്‍ത്തിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചെന്നും, 11 സാമ്പിളുകളില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ പ്രശ്നങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും മേയര്‍ അറിയിച്ചു. ശ്രദ്ധയോടെ ആ വിഷയത്തില്‍ ഇടപെടാന്‍ സാധിച്ചുവെന്നും മേയര്‍ വ്യക്തമാക്കി.
നഗരസഭയുടെ പേരില്‍ ആരെങ്കിലും പൊങ്കാല പിരിവ് നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും. ശുചീകരണം, റോഡുകളുടെ അറ്റകുറ്റപ്പണി, കുടിവെള്ളം, വൈദ്യുതി തുടങ്ങിയ ക്രമീകരണങ്ങളെല്ലാം നടത്തിയതായും മേയര്‍ വ്യക്തമാക്കി.