പെരിയ കേസിലെ പ്രതിക്ക് സുഖചികിത്സ; സിപിഐഎം പ്രവർത്തകരായ പ്രതികളെ വിയ്യൂരിലേക്ക് മാറ്റാന്‍ നിർദേശം
പെരിയ ഇരട്ട കൊലപാതക കേസിലെ ഒന്നാം പ്രതിയായ സിപിഐഎം നേതാവ് പി പീതാംബരന് കോടതിയെ അറിയിക്കാതെ ആയുർവേദ ചികിത്സ നൽകിയതിൽ ജയിലധികൃതർക്ക് കൊച്ചി സിബിഐ കോടതിയുടെ വിമർശനം.കേസിലെ എല്ലാ പ്രതികളേയും ഉടൻ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വിയ്യൂരിലേക്ക് മാറ്റാൻ കോടതി നിർദേശിച്ചു. വിചാരണ നടപടികൾ വേഗത്തിലാക്കാനും നിർദേശമുണ്ട്. എത്രയും വേഗം മെഡിക്കൽ ബോർഡ് രൂപികരിച്ച് പീതാംബരനെ ബോർഡിന് മുന്നിൽ ഹാജരാക്കണം. മെഡിക്കൽ ബോർഡിൽ ന്യൂറോളജിയിലും സർജറിയിലും വിദഗ്ധരെ ഉൾപ്പെടുത്തണമെന്നും സിബിഐ പ്രത്യേക ജഡ്ജി കെ കമനീസ് നിർദേശിച്ചു.
പീതാംബരന് ആയുർവേദ ചികിത്സ നൽകണമെന്ന് ശുപാർശ ചെയ്ത മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ നേരത്തെ ഉത്തരവൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ കോടതിയിൽ നിന്ന് അനുമതി വാങ്ങിയിട്ടില്ലന്ന് ജഡ്ജി ചൂണ്ടിക്കാട്ടി.
കോടതി നിർദേശപ്രകാരമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അതിനാൽ ജയിലധികൃതർ ഇക്കാര്യം കോടതിയെ അറിയിക്കേണ്ടതായിരുന്നുവെന്നും ജഡ്ജി വ്യക്തമാക്കി. ഇക്കാര്യത്തിൽ ജയിലുദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചു. തടവുകാരന്റെ ആരോഗ്യം കോടതിയെ സംബന്ധിച്ച് പരമപ്രധാനമാണ്. എന്നാൽ ഇതിന് അനുമതി വേണമെന്നും കോടതി ഉത്തരവിലുണ്ട്.
സംഭവത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ തിങ്കളാഴ്ച കോടതി ഉത്തരവിട്ടിരുന്നു. കണ്ണൂർ സെൻട്രൽ ജയിൽ ജോയിൻറ് സൂപ്രണ്ട് സിബിഐ കോടതിയിൽ ഇന്ന് ഹാജരായി. ജയിൽ സൂപ്രണ്ട് ആർ സാജൻ മറ്റൊരു കേസിൽ സസ്പെൻഷൻ നേരിടുന്ന സാഹചര്യത്തിലാണ് ജോയിൻ്റ് സൂപ്രണ്ട് നസീമാണ് ഹാജരായത്.
കഴിഞ്ഞ ഒക്‌ടോബര്‍ 19നാണ് പീതാംബരന് വിദഗ്ധ ചികിത്സ വേണമെന്ന് നിര്‍ദേശിച്ച് ജയില്‍ ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഉടന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ജില്ലാ ആയുര്‍വേദ ആശുപത്രിലേക്ക് മാറ്റുകയായിരുന്നു. ഇത് ജയില്‍ സൂപ്രണ്ടിന്റെ നേത്യത്വത്തിലായിരുന്നെന്ന് സിബിഐ വിചാരണ കോടതിയെ അറിയിച്ചിരുന്നു.
കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലാണ് പീതാംബരന്‍
നിലവില്‍ കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലാണ് പീതാംബരന്‍. പെരിയ ഇരട്ട കൊലക്കേസിലെ വിചാരണ നടപടികള്‍ പ്രത്യേക സിബിഐ കോടതിയില്‍ നടന്നുവരികെയാണ് ചട്ടം ലംഘിച്ച് പ്രതിക്ക് ചികത്സ നല്‍കിയത് സംബന്ധിച്ച് പരാതി ഉയര്‍ന്നത്. കേസില്‍ 24 പ്രതികളാണുള്ളത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ എംഎല്‍എയുമായ കെ വി കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍ എന്നിവര്‍ യഥാക്രമം 19, 13 പ്രതികളാണ്. 2019 ഫെബ്രുവരി 17 ന് രാത്രിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയത്.