Big Breaking: ചാൻസലർ നിയമനത്തിന് മാനദണ്ഡമില്ല, ബില്ലിൽ ഉദ്ദേശവും, കാരണവുമില്ല; പിഴവുകള്‍ എണ്ണിപ്പറഞ്ഞ് ബി അശോക്

Big Breaking: ചാൻസലർ നിയമനത്തിന് മാനദണ്ഡമില്ല, ബില്ലിൽ ഉദ്ദേശവും, കാരണവുമില്ല; പിഴവുകള്‍ എണ്ണിപ്പറഞ്ഞ് ബി അശോക്

ചാൻസലർ നിയമനത്തിനായി ഒരു തിരഞ്ഞെടുപ്പ് പ്രക്രിയ നിർദേശിക്കുന്നില്ലെന്നതാണ് അശോക് ചൂണ്ടിക്കാട്ടിയ പ്രധാന ന്യൂനതകളിലൊന്ന്
Updated on
2 min read

സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കി വിഷയ വിദഗ്ധരെ നിയമിക്കാനായി സർക്കാർ കൊണ്ടുവരുന്ന ബില്ലിന്റെ കരടിൽ ഒട്ടേറെ ന്യൂനതകളും പൊരുത്തക്കേടുകളും. ബില്ലിന്റെ കരട് പരിശോധിച്ച കൃഷിവകുപ്പ് സെക്രട്ടറി ഡോ: ബി അശോക് പത്തോളം ന്യൂനതകൾ ചൂണ്ടിക്കാട്ടി വിശദമായ കുറിപ്പാണ് ഫയലിൽ എഴുതിയത്. ഈ കുറിപ്പാണ് ഇന്നുരാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ ചർച്ചയ്ക്ക് വഴിവെച്ചത്. അശോകിന്റെ നിർദേശങ്ങൾ പരിഗണിക്കാൻ കൂട്ടാക്കാത്ത മന്ത്രിസഭ ഉന്നത വിദ്യാഭ്യാസ വകുപ്പ് തയാറാക്കി നിയമ വകുപ്പ് അംഗീകരിച്ച കരട് ബിൽ അതേരൂപത്തിൽ നിയമസഭയിൽ അവതരിപ്പിക്കാൻ തീരുമാനിച്ചു. ദീർഘമായ കുറിപ്പ് എഴുതിയെന്ന കുറ്റത്തിന് അശോകിന് വാക്കാൽ താക്കീത് നല്കാൻ ചീഫ് സെക്രട്ടറി വി പി ജോയിയെ മന്ത്രിസഭ ചുമതലപ്പെടുത്തി.

ചാൻസലർ നിയമനത്തിനായി ഒരു തിരഞ്ഞെടുപ്പ് പ്രക്രിയ നിർദേശിക്കുന്നില്ലെന്നതാണ് അശോക് ചൂണ്ടിക്കാട്ടിയ പ്രധാന ന്യൂനതകളിലൊന്ന്. വൈസ് ചാൻസലർമാരെ നിയമിക്കാൻ യുജിസി അംഗീകരിച്ച മാനദണ്ഡം നിലവിലുള്ളപ്പോൾ അവർക്കു മേലെ വരുന്ന ചാൻസലർ, നിയമം വഴി വിഭാവന ചെയ്ത ഭരണഘടനാ പദവിയിലുള്ള ആൾ അല്ലെങ്കിൽ എന്ത് മാനദണ്ഡം അനുസരിച്ചാകും തിരഞ്ഞെടുപ്പെന്ന് വ്യക്തമാക്കണമെന്നായിരുന്നു നിർദേശം. ”പ്രശസ്തനായ വിദ്യാഭ്യാസ വിദഗ്ധനെ നിയമിക്കുമെന്ന്” മാത്രമാണ് കരട് ബില്ലിൽ പറയുന്നത്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പോലും നിർദേശിക്കുന്നില്ല. മറ്റു മാനദണ്ഡങ്ങൾ നിർദേശിക്കാത്ത സ്ഥിതിക്ക് ചാൻസലർ നിയമനം മന്ത്രിസഭയുടെ പ്രീതിയെ മാത്രം ആശ്രയിച്ചു നടത്തുന്ന ഒന്നായി തീരുമെന്നും അദ്ദേഹം കുറിപ്പിൽ എഴുതി.

പ്രോട്ടോകോൾ പ്രകാരം മുകളിലായ പ്രോ ചാൻസലർ താൻ നിയമിച്ച ചാൻസലർ നൽകുന്ന ഉത്തരവുകൾ അനുസരിക്കേണ്ടി വരുന്ന വിചിത്രമായ സ്ഥിതിവിശേഷമെന്ന് കുറിപ്പില്‍

നിലവിൽ തിരഞ്ഞെടുപ്പ് വഴി അല്ലാതെ വരുന്ന ഭരണഘടനാ പദവി വഹിക്കുന്നവർ ആണ് സർവകലാശാല ചാൻസലർ പദവിയിലുള്ളത് (നിയമ സർവകലാശാലയിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസും മറ്റ് സർവകലാശാലകളിൽ ഗവർണറും). ഇവരെ നീക്കി തിരഞ്ഞെടുത്ത മന്ത്രിസഭ നിയമിക്കുന്ന വ്യക്തി ചാൻസലർ ആകുന്ന സ്ഥിതി നിരവധി പ്രശനങ്ങളിലേക്ക് വഴിതുറക്കും. വിഷയ വിദഗ്ധർ ചാൻസലർ ആയി വരുന്ന സർവകലാശാലകളിൽ പ്രോ ചാൻസലർ പദവി വഹിക്കുന്നത് വിദ്യാഭ്യാസ മന്ത്രിയാണ്. ഈ മന്ത്രി കൂടെ അംഗമായ മന്ത്രിസഭയാണ് അദ്ദേഹത്തിന്റെ മേലധികാരിയാകേണ്ട ചാൻസലറെ നിയമിക്കേണ്ടത്. പ്രോട്ടോകോൾ പ്രകാരം മുകളിലായ പ്രോ ചാൻസലർ താൻ നിയമിച്ച ചാൻസലർ നൽകുന്ന ഉത്തരവുകൾ അനുസരിക്കേണ്ടി വരുന്ന വിചിത്രമായ സ്ഥിതിവിശേഷത്തിലും ബി അശോക് ആശങ്ക പ്രകടിപ്പിക്കുന്നു.

പുനർനിയമനം എത്ര വർഷത്തേക്ക് ആണെന്നോ ചാൻസലറുടെ പ്രായപരിധി എത്രയാണെന്നോ പറയുന്നില്ലെന്നും പരാമർശം

ചാൻസലർക്ക് ഓഫിസ്, ജീവനക്കാർ, കാർ തുടങ്ങിയവ അതാത് സർവകലാശാലകൾ നൽകണം എന്ന ബില്ലിലെ വ്യവസ്ഥ താല്പര്യ സംഘട്ടനം ഉളവാക്കുമെന്നും വൈസ് ചാൻസലർ അധ്യക്ഷനായ സിൻഡിക്കേറ്റ് അംഗീകരിക്കുന്ന ബജറ്റ് വഴി ചെലവ് കണ്ടെത്തേണ്ട പദവിയായി വൈസ് ചാൻസലറുടെ മേലധികാരിയുടെ ഓഫിസ് തരം താഴുന്നത് ഉചിതമല്ലെന്നും കുറിപ്പിൽ പരാമർശം ഉണ്ടെന്നറിയുന്നു. മാത്രവുമല്ല പുതിയ യുജിസി നിയമം അനുസരിച്ച് യൂണിവേഴ്സിറ്റിയുമായി നേരിട്ട് ബന്ധമുള്ള ആരും വിസി നിയമന സമിതിയിൽ അംഗമാകാൻ പാടില്ല. ആയതിനാൽ ചാൻസലർമാരായി വരുന്ന വിദഗ്ധർക്ക് വിസി നിയമന പ്രക്രിയയിൽ പങ്കെടുക്കാൻ പറ്റാത്ത അവസ്ഥയും സംജാതമാകും.

അഞ്ചുവർഷ കാലാവധി കഴിഞ്ഞാൽ പുനർനിയമനത്തിന് കരട് നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാൽ പുനർനിയമനം എത്ര വർഷത്തേക്ക് ആണെന്നോ ചാൻസലറുടെ പ്രായപരിധി എത്രയാണെന്നോ നിയമത്തിൽ ഒന്നും പറയുന്നില്ല എന്നതാണ് കുറിപ്പിലെ മറ്റൊരു പരാമർശം.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവേഷണ കേന്ദ്രങ്ങൾ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ ഗുണനിലവാരം നിർണയിക്കലും ഏകോപനവും ഇന്ത്യൻ ഭരണഘടന യൂണിയൻ ലിസ്റ്റിൽ പെടുത്തിയിട്ടുള്ള ഇനമാണെന്ന് അശോക് ചൂണ്ടിക്കാട്ടുന്നു. ഏഴാം ഷെഡ്യൂളിൽ 66-ആം ഇനമായി ഉൾപ്പെടുത്തിയിരിക്കുന്ന ഈ ചുമതലയെ ലംഘിക്കുന്നതാണോ കരട് നിയമത്തിലെ വകുപ്പുകൾ എന്ന ആശങ്ക പ്രകടിപ്പിക്കുന്ന അദ്ദേഹം ബിൽ നിയമം ആകും മുൻപ് യു ജി സി, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചർ എന്നിവയോട് ബില്ലിലെ വ്യവസ്ഥകൾ ചർച്ച ചെയ്യുന്നത് ഉചിതമാകുമെന്നും നിർദേശിക്കുന്നു.

ഇതിനെല്ലാം പുറമെ ബില്ലിൽ ഉദ്ദേശ കാരണങ്ങളുടെ വിവരണം (statement of objectives and reason) ഉൾപ്പെടുത്തിയിട്ടില്ല എന്ന ഗുരുതരമായ പിശകും കുറിപ്പിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കാർഷിക സർവകലാശാല ചാൻസലറെയും മാറ്റുന്നതിനാലാണ് കൃഷി വകുപ്പ് സെക്രട്ടറി എന്ന നിലയിൽ കരട് ബില്ലിൽ ബി അശോകിന്റെ നിർദേശങ്ങൾ ഉന്നത വിദ്യാഭ്യാസ വകുപ്പ് തേടിയത്.

പെരുമാറ്റദൂഷ്യ ആരോപണങ്ങൾ ഉണ്ടായാൽ ചുമതലകളില്‍ നിന്ന് നീക്കാന്‍ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് അധികാരമുണ്ടായിരിക്കുമെന്ന് ബില്ലില്‍ വ്യവസ്ഥയുണ്ട്

ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കം ചെയ്യാൻ കേരള, മഹാത്മാഗാന്ധി, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, ശങ്കരാചാര്യ, തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല, കേരള ഡിജിറ്റല്‍ സര്‍വകലാശാല, ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല, കേരള കാര്‍ഷിക സര്‍വകലാശാല, കേരള വെറ്ററിനറി അനിമല്‍ സയന്‍സ് സര്‍വകലാശാല, കേരള ഫിഷറീസ് & ഓഷ്യന്‍ സ്റ്റഡീസ്, കേരള ആരോഗ്യ സര്‍വകലാശാല, എ പി ജെ അബ്ദുള്‍കലാം സര്‍വകലാശാല എന്നീ സര്‍വകലാശാലാ നിയമങ്ങളിലാണ് പുതിയ ബിൽ പ്രകാരം ഭേദഗതി വരുത്തുന്നത്. നിയമിക്കപ്പെട്ടുന്ന ചാന്‍സലർക്കെതിരെ ഗുരുതരമായ പെരുമാറ്റ ദൂഷ്യ ആരോപണങ്ങൾ ഉണ്ടായാൽ ചുമതലകളില്‍ നിന്ന് നീക്കം ചെയ്യുന്നതിന് സുപ്രീം കോടതിയിലെയോ ഹൈക്കോടതിയിലെയോ ജഡ്ജായിരുന്ന ഒരാള്‍ നടത്തുന്ന അന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് അധികാരമുണ്ടായിരിക്കുമെന്നും കരട് ബില്ലില്‍ വ്യവസ്ഥയുണ്ട്.

logo
The Fourth
www.thefourthnews.in