ഗവര്‍ണര്‍ക്ക് തിരിച്ചടി; ലോകായുക്ത ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം
നിയമസഭ പാസാക്കിയ ലോകായുക്ത നിയമഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിക്ക് വിട്ട ബില്ലിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. ഗവര്‍ണര്‍-സര്‍ക്കാര്‍ പോരില്‍ സര്‍ക്കാരിന് വന്‍ നേട്ടമുണ്ടാക്കുന്ന നടപടിയാണ് രാഷ്ട്രപതിയുടെ ഭാഗത്തുനിന്നുണ്ടായത്.
സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ ഏഴു ബില്ലുകളില്‍ ഒപ്പിടാതിരുന്ന ഗവര്‍ണറുടെ നിലപാടിന് എതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് ലോകായുക്ത ബില്ലടക്കം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ 2023 നവംബറില്‍ രാഷ്ട്രപതിക്ക് അയച്ചത്.
ലോക്പാല്‍ ബില്ലിന് സമാനം എന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു ബില്ലില്‍ ഒപ്പുവച്ചിരിക്കുന്നത്. ഇതോടെ, സംസ്ഥാനം ലോകായുക്ത അഴിമതിക്കേസില്‍ പ്രതിയാണെന്ന് വിധിച്ചാല്‍ ജനപ്രതിനിധികള്‍ക്ക് രാജിവയ്‌ക്കേണ്ടിവരില്ല. ലോകായുക്ത വിധി മന്ത്രിമാര്‍ക്ക് എതിരാണെങ്കില്‍ മുഖ്യമന്ത്രിക്ക് അപ്പീല്‍ പരിഗണിക്കാം. വിധി മുഖ്യമന്ത്രിക്ക് എതിരാണെങ്കില്‍ നിയമസഭയ്ക്ക് അപ്പീല്‍ പരിഗണിക്കാം. എംഎല്‍എമാര്‍ക്ക് എതിരായ വിധി സ്പീക്കര്‍ക്ക് പുനഃപരിശോധിക്കാം. ഉദ്യോസ്ഥന് എതിരാണെങ്കില്‍ ചീഫ് സെക്രട്ടറിക്ക് വിധി പുനഃപരിശോധിക്കാം.