കെഎസ്ആര്‍ടിസി ബസിലെ നഗ്നതാ പ്രദര്‍ശനം: സവാദിന് ജാമ്യം
കെഎസ്ആര്‍ടിസി ബസില്‍ നഗ്നതാപ്രദര്‍ശനം നടത്തിയതിനെത്തുടര്‍ന്ന് നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്ത കോഴിക്കോട് സ്വദേശി സവാദിന് ജാമ്യം ലഭിച്ചു. എറണാകുളം അഡിഷണൽ സെഷന്‍സ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. മേയ് 18 നാണ് സവാദിനെ പോലീസ് അറസ്റ്റ് ചെയ്തത്. തൃശൂരില്‍ നിന്ന് ഷൂട്ടിങ് ആവശ്യത്തിനായി എറണാകുളത്തേക്ക് വരികയായിരുന്ന സിനിമ പ്രവര്‍ത്തകയുടെ പരാതിയിലായിരുന്നു അറസ്റ്റ്.
കെഎസ്ആര്‍ടിസി ബസില്‍ പരാതിക്കാരിയുടെ അടുത്ത സീറ്റില്‍ ചെന്നിരുന്ന പ്രതി പാന്റിന്റെ സിബ്ബ് ഊരി നഗ്നത പ്രദര്‍ശനം നടത്തിയെന്നാണ് പരാതി. പ്രതിയുടെ പ്രവൃത്തികള്‍ പരാതിക്കാരി മൊബൈലില്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. പ്രതിയുടെ ശല്യം സഹിക്കാനാവാതെ വന്നതോടെ പരാതിക്കാരി ബഹളമുണ്ടാക്കി. തുടര്‍ന്ന് ബസ് കണ്ടക്ടര്‍ ഉള്‍പ്പെടെ ഇടപെട്ടാണ് ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പിച്ചത്.
എന്നാല്‍ താന്‍ നിരപരാധിയാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ഒന്‍പത് മിനിറ്റ് മാത്രമാണ് സംഭവം നടന്നുവെന്ന് പറയുന്ന കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്തത്. ഇതിനിടയില്‍ തൊട്ടടുത്തിരുന്ന പരാതിക്കാരിയെ ഏതെങ്കിലും തരത്തില്‍ ഉപദ്രവിച്ചിട്ടില്ല. പരാതിക്കാരിക്ക് സോഷ്യല്‍ മീഡിയയില്‍ 103 K ഫോളോവേഴ്‌സ് ഉണ്ടായത് ഈ സംഭവത്തോടെ മില്യണായി ഉയര്‍ന്നു. അതിനുവേണ്ടി അത്തരമൊരു സന്ദര്‍ഭം ഉണ്ടാക്കിയെടുത്തതാണെന്നും തൊട്ടടുത്തിരുന്ന പെണ്‍കുട്ടി പോലും ഇത്തരമൊരു ആരോപണം ഉന്നയിച്ചില്ലെന്നുമാണ് പ്രതി കോടതിയെ അറിയിച്ചത്.
പ്രതിയെ ഇനിയും കസ്റ്റഡിയില്‍ വയ്ക്കേണ്ട ആവശ്യമില്ലെന്ന് വിലയിരുത്തിയാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്
അന്വേഷണം നടക്കുകയാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ നിലപാടെടുത്തു. എന്നാല്‍ പ്രതിയെ ഇനിയും കസ്റ്റഡിയില്‍ വയ്ക്കേണ്ട ആവശ്യമില്ലെന്ന് വിലയിരുത്തിയാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
50,000 രൂപയുടെ ബോണ്ട്, രണ്ടാള്‍ ജാമ്യം, എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകണം, അന്വേഷണവുമായി സഹകരിക്കണം, സാക്ഷികളെ സ്വാധീനിക്കരുത്, പരാതിക്കാരിയുമായി സംസാരിക്കാന്‍ ശ്രമിക്കരുത്, എറണാകുളം ജില്ല വിട്ടുപോകരുത് തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.