യുപിഐയില്‍ കുരുങ്ങുന്ന ബാങ്ക് അക്കൗണ്ടുകള്‍; തെറ്റ് പറ്റുന്നത് എവിടെ? വിദഗ്ധര്‍ പറയുന്നു

യുപിഐയില്‍ കുരുങ്ങുന്ന ബാങ്ക് അക്കൗണ്ടുകള്‍; തെറ്റ് പറ്റുന്നത് എവിടെ? വിദഗ്ധര്‍ പറയുന്നു

"ബാങ്ക് സ്വമേധയാ എടുക്കുന്ന നടപടിയല്ലിത്. നിയമപാലകരാണ് അന്വേഷണത്തിന്റെ ഭാഗമായി ബാങ്കിന് നിർദേശം നൽകുന്നത്"- പി ഡി ശങ്കരനാരായണന്‍
Updated on
2 min read

സംസ്ഥാനത്ത് നൂറുകണക്കിന് പേരുടെ ബാങ്ക് അക്കൗണ്ടുകളാണ് അടുത്തിടെ മരവിപ്പിക്കപ്പെട്ടത്. മിക്കയിടത്തും വില്ലനായത് യുപിഐ പേയ്‌മെന്റ് സംവിധാനവും. എന്നാല്‍ ഇത്തരത്തില്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിന് പിന്നിലെന്താണ്?

തട്ടിപ്പിന് ഇരയായെന്ന് ഒരാളുടെ പരാതി ലഭിക്കുമ്പോള്‍ തന്നെ പണം കൈമാറ്റം ചെയ്യപ്പെടുന്നത് തടയാനോ, അക്കൗണ്ട് ദുരുപയോഗം തടയാനോ ആണ് അധികൃതര്‍ ശ്രദ്ധിക്കുക. അതിന്റെ ഭാഗമായാണ് മുൻ‌കൂർ അറിയിപ്പില്ലാതെ പെട്ടെന്ന് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതെന്ന് പറയുന്നു എസ്ബിഐ മുൻ അസിസ്റ്റന്റ് ജനറൽ മാനേജർ പി ഡി ശങ്കരനാരായണൻ. ബാങ്ക് സ്വമേധയാ എടുക്കുന്ന നടപടിയല്ല ഇത്. നിയമപാലകരാണ് അന്വേഷണത്തിന്റെ ഭാഗമായി ബാങ്കിന് അക്കൗണ്ടുകൾ മരവിപ്പിക്കാന്‍ നിർദേശം നൽകുന്നതെന്നും അദ്ദേഹം പറയുന്നു.

Q

1) ബാങ്ക് അക്കൗണ്ടുകൾ അകാരണമായി മരവിപ്പിക്കുന്നുവെന്ന നിരവധി പരാതികളാണ് കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഉയരുന്നത്. ഇതിൽ യുപിഐയാണ് ഇവിടെയെല്ലാം പ്രതിസ്ഥാനത്ത്. ശരിക്കും യുപിഐയുടെ മാത്രം പ്രശ്നം കൊണ്ടാണോ ഇത് സംഭവിക്കുന്നത്?

A

ഒരിക്കലുമല്ല. സംശയിക്കപ്പെടുന്ന അക്കൗണ്ടുകളിലേയ്ക്ക് പണം വരുന്നതും, അതിൽ നിന്ന് പണം പോകുന്നതുമായ എല്ലാ അക്കൗണ്ടുകളും നിരീക്ഷിക്കും. പുറത്തുവന്നത് ചുരുങ്ങിയ തുകകൾ കൈകാര്യം ചെയ്യുന്ന യുപിഐ ആയി എന്ന് മാത്രമേ ഉള്ളൂ. സംശയാസ്പദമായ ചെക്ക്, എൻഇഎഫ്റ്റി, ആർടിജിഎസ്, ബാങ്ക് ഓൺലൈൻ തുടങ്ങിയ മറ്റ് മാർഗ്ഗങ്ങളിലുള്ള ഇടപാടുകളും അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിന് കാരണമാകാറുണ്ട്.

ഏത് അധികാരിയാണോ അക്കൗണ്ടുകൾ മരവിപ്പിക്കുവാൻ ഉത്തരവിട്ടത്, അദ്ദേഹത്തിന് മുൻപിൽ പണത്തിന്റെ ഉറവിടം ബോധ്യപ്പെടുത്തിയാൽ നിയന്ത്രണങ്ങൾ എടുത്തുമാറ്റും
പി ഡി ശങ്കരനാരായണൻ
Q

2) അക്കൗണ്ടുകൾ മുന്നറിയിപ്പില്ലാതെയാണ് മരവിപ്പിക്കുന്നത് എന്നതാണ് മറ്റൊരു വ്യാപക പരാതി. കേസ് നമ്പർ അടങ്ങിയ ഒരു പേപ്പർ മാത്രമാണ് ബാങ്കുകൾ കാരണം അന്വേഷിച്ചെത്തുന്നവർക്ക് നൽകുന്നതും. ഇത്തരത്തിൽ അക്കൗണ്ടുകൾ മരവിപ്പിക്കാൻ ബാങ്കുകൾക്ക് അധികാരമുണ്ടോ? ഏതൊക്കെ നിയമപ്രകാരമാണ് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ബാങ്കുകൾക്ക് കഴിയുക? അതിനുവേണ്ടി ബാങ്കുകൾ പാലിക്കേണ്ട നടപടിക്രമങ്ങൾ എന്തൊക്കെയാണ്?

A

അക്കൗണ്ടുകൾ മരവിപ്പിക്കുവാൻ ഉത്തരവിടുന്നത് ബാങ്കുകളല്ല, നിയമപാലകരാണ്. ക്രിമിനൽ നടപടിക്രമത്തിലെ 102-ാം വകുപ്പ്, കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ 5, 17, 18, 19, 20 വകുപ്പുകൾ, യുഎപിഎ നിയമത്തിലെ വകുപ്പ് 25, ടാഡ നിയമത്തിലെ 7എ വകുപ്പ് തുടങ്ങിയ നിരവധി വകുപ്പുകൾ പ്രകാരം, സിബിഐ അടക്കമുള്ള പോലീസ് സംവിധാനങ്ങളുടെയും ഇഡിയുടെയും അധികാരികൾക്ക് അക്കൗണ്ട് മരവിപ്പിക്കാനോ അല്ലെങ്കിൽ നിശ്ചിത തുക മരവിപ്പിച്ച് നിർത്താനോ ബാങ്കുകളോട് ആവശ്യപ്പെടാൻ അധികാരമുണ്ട്. അത് കുറ്റാന്വേഷണത്തിന്റെയും നീതിനിർവഹണത്തിന്റേയും ഭാഗമായിട്ടാണ് കണക്കാക്കുന്നത്.

പണം മറ്റുവഴികളിലൂടെ പോകുന്നതിന് മുൻപ് അതിന്റെ കൈമാറ്റം തടയേണ്ടതുണ്ട്. അതിനാൽ മുൻ‌കൂർ നോട്ടീസ് നൽകുന്നത് പ്രായോഗികമല്ല. പോലീസിൽ നിന്നോ കോടതിയിൽ നിന്നോ ഉള്ള നോട്ടീസുകളിൽ കേസ് നമ്പർ, ബാധകമായ വകുപ്പുകൾ,കേസന്വേഷിക്കുന്ന / അന്വേഷിച്ച ഓഫീസ് എന്നിങ്ങനെ ചുരുക്കം ചില വിവരങ്ങളേ ഉണ്ടാകൂ. കൂടുതൽ വിവരങ്ങൾ എഴുതുമ്പോൾ വരാവുന്ന കൈത്തെറ്റുകളും ആശയക്കുഴപ്പങ്ങളും അർത്ഥവ്യതിയാനങ്ങളും കേസിന് എതിരായോ അനുകൂലമായോ ബാധിക്കാതിരിക്കാനാണ്, ഇത്തരത്തിൽ ഭാഷരഹിത ക്ലിപ്തവിവരങ്ങളും ചുരുക്കം ചില സൂചനകളും മാത്രം നോട്ടീസിൽ നൽകുന്നത്.

Q

3) റിപ്പോർട്ട് ചെയ്യപ്പെടുന്ന പല കേസുകളിലും ആയിരത്തിൽ താഴെ മാത്രം തുകയുടെ ഇടപാടാണ് നടന്നിട്ടുള്ളത്. അങ്ങനെയുള്ളവരുടെ അക്കൗണ്ട് മുഴുവനായും മരവിക്കപ്പെടുകയാണ്. നിയമപരമായ ഒരു വീഴ്ച ഇതിൽ ഉണ്ടെന്ന് കരുതാൻ കഴിയുമോ?

A

തുകയുടെ വലിപ്പത്തിന് വലിയ പ്രസക്തി ഉണ്ടെന്ന് തോന്നുന്നില്ല. ആയിരത്തിന് മുകളിലുള്ളതും അതിൽ താഴെയുള്ളതുമൊക്കെ മരവിപ്പിക്കപ്പെട്ടതിൽ ഉണ്ടാവും. കളവ്, തട്ടിപ്പ്, വഞ്ചന എന്നിവയിൽ ഉൾപ്പെട്ട പണമാണെങ്കിൽ, മറ്റ് തട്ടിപ്പുകൾ സംശയിക്കപ്പെടുന്നില്ലെങ്കിൽ, ക്ളിപ്ത തുക മരവിപ്പിച്ചാലും മതി. എന്നാൽ, മറ്റ് നിയമങ്ങൾ അവയുടെ പരിധിയിൽ വരുന്ന പ്രവൃത്തികൾ തടയാനുള്ളതാണ്. മുഴുവൻ അക്കൗണ്ടും, അതിൽ പിന്നീട് ക്രെഡിറ്റ് വരുന്ന തുകകളടക്കം മരവിപ്പിച്ചാലേ പറ്റൂ. നിയമപരമായ വീഴ്ച അതിലുണ്ടെന്ന് കരുതാനാവില്ല.

Q

4) അക്കൗണ്ടുകൾ മരവിക്കപ്പെട്ടാൽ അതിനെ മറികടക്കാൻ കസ്റ്റമർക്ക് മുന്നിലുള്ള വഴികളെന്താണ്?

A

ഏത് അധികാരിയാണോ അക്കൗണ്ടുകൾ മരവിപ്പിക്കുവാൻ ഉത്തരവിട്ടത്, അദ്ദേഹത്തിന് മുൻപിൽ പണത്തിന്റെ ഉറവിടം ബോധ്യപ്പെടുത്തിയാൽ നിയന്ത്രണങ്ങൾ എടുത്തതുമാറ്റും. അധികാരി ദൂരെയാണെങ്കിൽ തപാൽ, ഫോൺ, ഇമെയിൽ, വീഡിയോ കോൾ തുടങ്ങിയ ആശയവിനിമയ സംവിധാനങ്ങൾ ഉപയോഗിക്കാം. മതിയായ സമൻസ് അയയ്ക്കാതെ, ഒരാളോടും നേരിൽ ഹാജരാകുവാൻ പറയുവാൻ ഒരുദ്യോഗസ്ഥനും അധികാരമില്ല. വിവരങ്ങൾ ആരാഞ്ഞാൽ കൈമാറണം. നേരിൽ ഹാജരാകുവാൻ സമൻസ് കിട്ടിയാൽ മാത്രമേ ചെല്ലേണ്ട ആവശ്യമുള്ളൂ. പോലീസ് ഉദ്യോഗസ്ഥർ പണം ആവശ്യപ്പെട്ടാൽ, വിവരം ആ സംസ്ഥാനത്തെ വിജിലൻസിനെ അറിയിക്കുക. കേന്ദ്ര ഏജൻസികളാണെങ്കിൽ, അവയോരോന്നിനും പ്രത്യേകം വിജിലന്‍സ് സംവിധാനങ്ങൾ ഉണ്ട്. സംസ്ഥാന-കേന്ദ്ര വിജിലൻസ് അധികാരികളുടെ വിവരങ്ങൾ ഇന്റർനെറ്റിൽ ലഭ്യമാണ്.

Q

5) ഈ സംഭവങ്ങൾക്ക് പിന്നിൽ ഒരു വലിയ നെറ്റ് വർക്ക് പ്രവർത്തിക്കുന്നു, ഇതൊരു വലിയ സ്‌കാം ആണ്. എന്നിങ്ങനെ നിരവധി ആരോപണങ്ങൾ ഉയരുന്നുണ്ട്. ഇതിലെന്തെങ്കിലും വാസ്തവമുണ്ടോ?

A

ആവാം; ആവാതിരിക്കാം. ഊഹാപോഹങ്ങളെ അടിസ്ഥാനപ്പെടുത്തി മറുപടി നൽകുവാൻ ഞാൻ അശക്തനാണ്. ഏതായാലും, ഇത്തരം സംശയങ്ങൾ വരുന്നുണ്ടെങ്കിൽ, പ്രശ്നബാധിതർക്ക്, കാര്യകാരണ സഹിതം കേരള പോലീസിൽ പരാതി നൽകാവുന്നതാണ്. തട്ടിപ്പ് ശൃംഖലയോ ആസൂത്രിതശ്രമമോ ഗൂഢാലോചനയോ ഈ കേസുകൾക്ക് പിന്നിൽ ഉണ്ടെങ്കിൽ അത് കണ്ടുപിടിക്കാനുള്ള പ്രാപ്തിയും അറിവും നൈപുണ്യവും സാങ്കേതികത്തികവും കേരള പോലീസിന് ഉണ്ട്.

logo
The Fourth
www.thefourthnews.in