ബത്തേരി തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപിക്ക് തിരിച്ചടി; ഫോണ്‍ സംഭാഷണത്തിലെ ശബ്ദം കെ സുരേന്ദ്രന്റേത് തന്നെ
ബത്തേരി തിരഞ്ഞെടുപ്പ് കോഴക്കേസില്‍ വിവാദ ഫോണ്‍സംഭാഷണത്തിലെ ശബ്ദം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റേത് തന്നെയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബത്തേരിയിലെ എന്‍ ഡി എ സ്ഥാനാര്‍ഥി സി കെ ജാനുവിന് കെ സുരേന്ദ്രന്‍ കോഴ നല്‍കിയ കേസില്‍ നിര്‍ണായകമാണ് ഫോറൻസിക് റിപ്പോർട്ട്. ജനാധിപത്യ രാഷ്ട്രീയ പാർട്ടി ട്രഷറര്‍ പ്രസീത അഴീക്കോട് പുറത്തുവിട്ട ഫോണ്‍ സംഭാഷണത്തിലെ ശബ്ദമാണ് കേസിന് ആധാരം. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ 35 ലക്ഷം രൂപ സി കെ ജാനുവിന് കോഴ നൽകിയെന്നാണ് കേസ്.
നാലുപേരുടെ ശബ്ദ സാമ്പിളുകളാണ് 2021 നവംബര്‍ അഞ്ചിന് പരിശോധനയ്ക്കയച്ചത്. കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വെച്ച് പരിശോധന നടന്നു. ഒന്നും രണ്ടും പ്രതികളായ കെ സുരേന്ദ്രന്‍, സികെ ജാനു, പ്രധാന സാക്ഷികളായ പ്രസീത അഴീക്കോട്, പ്രശാന്ത് മലയവയല്‍ എന്നിവരുടെ ശബ്ദമാണ് പരിശോധിച്ചത്. 14 ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഫോറന്‍സിക് റിപ്പോര്‍ട്ട് പോലിസിന് ലഭിച്ചു. ഒരു ഫോണിലെ വിവരങ്ങള്‍ ഇനിയും പോലീസിന് ലഭിക്കാനുണ്ട്. പ്രതികള്‍ക്കെതിരെ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ ജെ ആര്‍ പി നേതാവായിരുന്ന സികെ ജാനുവിന് ബിജെപി നേതാക്കള്‍ കോഴ നല്‍കിയെന്നാണ് ആരോപണം. ജെ ആർ പി ട്രഷറര്‍ പ്രസീത അഴീക്കോടാണ് ആരോപണവുമായി രംഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട ഫോൺ സംഭാഷണവും പ്രസീത പുറത്തുവിട്ടു. തുടർന്ന് വയനാട് ജില്ലാ ക്രൈംബ്രാഞ്ചിന് അന്വേഷണ ചുമതല നൽകി. അന്വേഷണ സംഘം സമർപ്പിച്ച അപേക്ഷയിലാണ് ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശബ്ദസാമ്പിൾ പരിശോധിക്കാൻ ഉത്തരവുണ്ടായത്. പ്രസീത അഴീക്കോട് പുറത്തുവിട്ട ശബ്ദ രേഖകളുടെ ആധികാരികത പരിശോധിക്കുക എന്നതായിരുന്നു അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.
കെ സുരേന്ദ്രനും ആരോപണമുന്നയിച്ച പ്രസീത അഴീക്കോടും ഒക്ടോബര്‍ 11 ന് കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലെത്തി ശബ്ദ സാമ്പിളുകള്‍ നല്‍കണമെന്നായിരുന്നു കോടതി ഉത്തരവ്. എന്നാല്‍ അന്നേദിവസം പ്രസീത മാത്രമാണ് ഹാജരായത്. പിന്നീട് നവംബര്‍ അഞ്ചിനാണ് കെ സുരേന്ദ്രന്‍ പരിശോധനയ്ക്കെത്തിയത്. മാര്‍ച്ച് ഏഴിന് തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ച് 10 ലക്ഷവും മാര്‍ച്ച് 26 ന് ബത്തേരി മണിമല ഹോം സ്‌റ്റേയില്‍ വച്ച് 25 ലക്ഷം രൂപയും ജാനുവിന് കൈമാറിയതായാണ് പ്രസീതയുടെ ആരോപണം.