രഞ്ജിത്തിനെതിരെ ജാമ്യമില്ലാ കേസ്, മുകേഷിനെ സംരക്ഷിക്കുന്നത് ആര്?

രഞ്ജിത്തിനെതിരെ ജാമ്യമില്ലാ കേസ്, മുകേഷിനെ സംരക്ഷിക്കുന്നത് ആര്?

കുറ്റ കൃത്യം നടന്ന സ്ഥലം വരെ ഇരകള്‍ വ്യക്തമാക്കിയിട്ടും ആരോപണ വിധേയര്‍ക്കെതിരേ ചെറുവിരല്‍ അനക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നതാണ് ശ്രദ്ധേയമായ വസ്തുത
Updated on
2 min read

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാള സിനിമയിലെ അത്രിക്രമങ്ങളെ കുറിച്ചുള്ള തുറന്നു പറച്ചിലുകള്‍ തുടരുകയാണ്. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രഞ്ജിത്തിനും താര സംഘടനാ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും സിദ്ധിഖിനും രാജിവെയ്‌ക്കേണ്ടിവരികയും ചെയ്തു. എന്നാല്‍ സിനിമ മേഖലയിലെ ചൂഷണങ്ങള്‍ വിവരിച്ച് കൂടുതല്‍ ഇരകള്‍ രംഗത്തെത്തിയതോടെ മലയാള സിനിമ മേഖല ആഗോള തലത്തില്‍ തന്നെ മാധ്യമ തലക്കെട്ടുകള്‍ സൃഷ്ടിച്ചുകഴിഞ്ഞു. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ കുറ്റ കൃത്യം നടന്ന സ്ഥലം വരെ ഇരകള്‍ വ്യക്തമാക്കിയിട്ടും ആരോപണ വിധേയര്‍ക്കെതിരേ ചെറുവിരല്‍ അനക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നതാണ് ശ്രദ്ധേയമായ വസ്തുത.

രഞ്ജിത്തിന് എതിരെ ബംഗാളി നടി ഉന്നയിച്ച ആരോപണത്തില്‍ പോലീസ് കേസെടുത്തു കഴിഞ്ഞു. അതിക്രമം നേരിട്ടെന്ന വെളിപ്പെടുത്തല്‍ ഉണ്ടായി നാല് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ നടി ഔദ്യോഗികമായി പരാതി നല്‍കിയതിന് ശേഷമാണ് പോലീസ് നടപടി സ്വീകരിച്ചത്. എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നടി ഇമെയിലിലൂടെ പരാതി നല്‍കിയതിന് ശേഷമാണ് പോലീസ് നടപടി. ഐപിസി 354 പ്രകാരമാണ് എറണാകുളം നോര്‍ത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിവരങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുമെന്ന് എറണാകുളം കമ്മീഷണര്‍ അറിയിച്ചു.

രഞ്ജിത്തിനെതിരെ ജാമ്യമില്ലാ കേസ്, മുകേഷിനെ സംരക്ഷിക്കുന്നത് ആര്?
അമ്മയ്‌ക്കെതിരെ പൃഥ്വിരാജ്; 'പരാതികള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച പറ്റി, നിലപാട് തിരുത്തണം, പവര്‍ ഗ്രൂപ്പ് ഇല്ലെന്ന് പറയില്ല'

എന്നാല്‍, സംസ്ഥാനം ഭരിക്കുന്ന ഇടത് സര്‍ക്കാരിലെ സിപിഎം എംഎല്‍എയും നടനുമായ എം മുകേഷാണ് ആരോപണ വിധേയരായ പ്രമുഖരില്‍ മറ്റൊരാള്‍. ഒന്നിലധികം പേര്‍ ഇതിനോടകം മുകേഷിനെതിരെ ആരോപണം ഉന്നയിച്ചിട്ടും നടപടികള്‍ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. സിപിഎം എംഎല്‍എ ആയതുകൊണ്ടാണ് താന്‍ വേട്ടയാടപ്പെടുന്നത് എന്ന വാദം ഉയര്‍ത്തി ആരോപണങ്ങളില്‍ രാഷ്ട്രീയം കലക്കാനാണ് മുകേഷ് ശ്രമിക്കുന്നത്. വിഷയത്തില്‍ സിപിഎം നേതൃത്വം ഉള്‍പ്പെടെ നിലപാട് വ്യക്തമാക്കാന്‍ തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

മുകേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇതിനോടകം തന്നെ രംഗത്ത് എത്തിക്കഴിഞ്ഞു. ഗുരുതര ആരോപണങ്ങള്‍ നേരിടുന്നവര്‍ ഒരു സ്ഥാനത്തും ഇരിക്കാന്‍ യോഗ്യരല്ല. രാജി വയ്ക്കുന്നതാണ് നല്ലത്. രഞ്ജിത്തും സിദ്ധിഖും രാജി വച്ചത് മറ്റുള്ളവരും പിന്തുടരുന്നതാണ് നല്ലത്. മുകേഷും രാജി വയ്ക്കുമെന്നാണ് കരുതുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചിരുന്നു.

കുറ്റകൃത്യങ്ങളുടെ പരമ്പര ഉണ്ടായെന്നത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ വ്യക്തമായിരിക്കുകയാണ്. അത് ശരിയാണോയെന്ന് അന്വേഷിച്ച് തെറ്റുകാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. അത് സര്‍ക്കാരിന്റെ നിയമപരമായ ബാധ്യതയാണ്. എന്നിട്ടാണ് കുറ്റകൃത്യങ്ങളുടെ പരമ്പര നടന്നുവെന്ന വിവരം സര്‍ക്കാര്‍ നാലര വര്‍ഷം മറച്ചുവച്ചത്. ഹേമ കമ്മിറ്റിക്ക് മൊഴി കൊടുത്തവര്‍ വീണ്ടും പൊലീസിന് പിന്നാലെ നടക്കണമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. കോവിഡ് ആയതു കൊണ്ടാണ് റിപ്പോര്‍ട്ടില്‍ നടപടി എടുക്കാതിരുന്നതെന്നാണ് മുന്‍ സാംസ്‌കാരിക മന്ത്രി പറഞ്ഞത്. വേണ്ടപ്പെട്ടവരെ സംരക്ഷിക്കാനുള്ള വിചിത്ര വാദങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നത്. സര്‍ക്കാര്‍ കള്ളക്കളി നടത്തുന്നതു കൊണ്ടാണ് സാംസ്‌കാരിക മന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ നിയോഗിച്ച് കമ്മിറ്റിക്ക് മുന്‍പാകെ ഇരകള്‍ കൊടുത്തിരിക്കുന്ന ആധികാരിക മൊഴികളും തെളിവുകളും സംബന്ധിച്ച് ഒരു കാരണവശാലും അന്വേഷിക്കില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. സര്‍ക്കാരിന്റെ ആ നിലപാട് സ്വീകാര്യമല്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണം നടത്താന്‍ എന്താണ് തടസമെന്നാണ് കേടതിയും ചോദിച്ചിരിക്കുന്നത്. ഇരകള്‍ മൊഴിയില്‍ ഉറച്ചു നിന്നാല്‍ അന്വേഷിക്കാമെന്നാണ് സര്‍ക്കാരുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. ഏത് ലൈംഗിക പീഡന കേസിലാണ് ഇരകള്‍ മൊഴിയില്‍ ഉറച്ചു നില്‍ക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടു വയ്ക്കുന്നത്? വേട്ടക്കാരെ സംരക്ഷിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇരകള്‍ വീണ്ടും മൊഴി നല്‍കണമെന്ന് പറയുന്നതും അവരെ അപമാനിക്കലാണ്. ഇരകളെ അപമാനിക്കുകയും വേട്ടക്കാരെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, നടനും എംഎല്‍എയുമായ മുകേഷിനെതിരായ ആരോപണം പരിശോധിക്കേണ്ടതാണന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു. ആര് കുറ്റം ചെയ്താലും ശിക്ഷിക്കപ്പെടണമെന്നും മന്ത്രി ബിന്ദു പറഞ്ഞു. ആര്‍ക്കെതിരെ ആരോപണം വന്നാലും പരിശോധിക്കപ്പെടേണ്ടതാണ്. വസ്തുനിഷ്ഠമായ അന്വേഷണം നടക്കട്ടെയെന്നും മന്ത്രി വ്യക്തമാക്കി. നിരപരാധികള്‍ ശിക്ഷിക്കപ്പെടരുത്. ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുന്നത് വൈകിയിട്ടില്ലെന്നും മന്ത്രി വിശദമാക്കി.

logo
The Fourth
www.thefourthnews.in