ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍
ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍

ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു

ആദ്യകാല കമ്യൂണിസ്റ്റ് നേതാവും പത്രപ്രവര്‍ത്തകനുമായിരുന്നു
Updated on
1 min read

ആദ്യകാല കമ്യൂണിസ്റ്റ് നേതാവും പത്രപ്രവര്‍ത്തകനുമായിരുന്ന ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ (96) അന്തരിച്ചു. വൈകിട്ട് ആറോടെ കണ്ണൂര്‍ നാറാത്തെ വീട്ടില്‍വച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത വ്യക്തിയാണ് ബര്‍ലിന്‍. പി. കൃഷ്ണപിള്ള, എ.കെ ഗോപാലന്‍ ഉള്‍പ്പെടെ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ബര്‍ലിന്‍ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കണ്ണൂര്‍ നാറാത്ത് കോളങ്കട പുതിയ വീട്ടില്‍ അനന്തന്‍ നായരുടേയും, ശ്രീദേവി അമ്മയുടേയും മകനായി 1926 നവംബര്‍ 26നായിരുന്നു ജനനം. എട്ടാം ക്ലാസ്സുവരെ കണ്ണാടിപറമ്പ് ഹയര്‍ എലിമെന്ററി സ്‌കൂളിലും പിന്നീട് കണ്ണൂര്‍ ടൗണ്‍ മിഡില്‍ സ്‌കൂളിലും, ചിറക്കല്‍ രാജാസിലുമായാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. രാജാസ് സ്‌കൂളില്‍ പഠിക്കുമ്പോഴായിരുന്നു രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ തുടക്കം.

പി കൃഷ്ണപിള്ളയായിരുന്നു ബര്‍ലിനിന്റെ രാഷ്ട്രീയ ഗുരു. സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ, കൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ബാലഭാരതസംഘത്തിന്റെ നേതൃസ്ഥാനത്തെത്തി. ഇ.കെ നായനാര്‍ക്കൊപ്പമായിരുന്നു പ്രവര്‍ത്തനം. 1942ല്‍ പാര്‍ട്ടി അംഗത്വം ലഭിച്ചു. പതിനേഴുകാരനായ ബര്‍ലിന്‍ 1943 മേയ് 25ന് ബോംബെയില്‍ നടന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒന്നാം കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായി മാറി. പാര്‍ട്ടി കോണ്‍ഗ്രസില്‍ ബാലസംഘത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് അവതരിപ്പിക്കാനുള്ള നിയോഗവും ബര്‍ലിനായിരുന്നു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ട കാലത്ത് നേതാക്കള്‍ക്കിടയിലെ സന്ദേശവാഹകനായിരുന്നു ബര്‍ലിന്‍. പാര്‍ട്ടി നേതാക്കളുമായും അവരുമായി ബന്ധം പുലര്‍ത്തിയിരുന്നവര്‍ക്കും പാര്‍ട്ടി സന്ദേശങ്ങള്‍ കൈമാറിയിരുന്നത് ബര്‍ലിനായിരുന്നു. ഇടക്കാലത്ത് ജര്‍മനിയിലേക്ക് പോയി. അവിടെ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പത്രങ്ങളുടെ ലേഖകനായിരുന്നു. 1965 മുതൽ 82 വരെ ‘ബ്ലിറ്റ്‌സിന്റെ’ യൂറോപ്യൻ ലേഖകനായിരുന്നു. സിഐഎയെക്കുറിച്ച് ‘ഡെവിൾ ഇൻ ഹിസ് ഡാർട്ട്’ എന്ന അന്വേഷണാത്മക ലേഖനങ്ങളടങ്ങുന്ന പുസ്‌തകവും രചിച്ചു.

പിന്നീട് നാട്ടിലെത്തിയ അദ്ദേഹം സിപിഎം പ്രാദേശിക ഘടകങ്ങളില്‍ സജീവമായി. എന്നാല്‍ പാര്‍ട്ടിയുടെ നയവ്യതിയാനങ്ങളില്‍ എതിര്‍പ്പറിയിച്ച് അദ്ദേഹം അകന്നു. 2005ല്‍ നാറാത്ത് ബ്രാഞ്ച് കമ്മിറ്റിയിലെ മുഴുവന്‍ അംഗങ്ങളുടെയും എതിര്‍പ്പ് അവഗണിച്ച് ലോക്കല്‍ കമ്മിറ്റി തീരുമാനപ്രകാരം ബര്‍ലിനിനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കി.

സിപിഎമ്മുമായി അകന്നെങ്കിലും വിഎസ് അച്യുതാന്ദനൊപ്പം ഉറച്ചുനിന്ന ബര്‍ലിനിന്റെ നിലപാടുകള്‍ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനെ കടുത്ത ഭാഷയിലായിരുന്നു അദ്ദേഹം പലപ്പോഴും വിമര്‍ശിച്ചത്. സിപിഎമ്മിലെ വിഭാഗീയതയുടെ ഭാഗമായി ഈ ബന്ധം കൂട്ടിവായിക്കപ്പെടുകയും ചെയ്തു. അനഭിമതനായതോടെ, പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലാത്ത ആള്‍ എന്നായിരുന്നു മുതിര്‍ന്ന നേതാക്കള്‍ ബര്‍ലിനെ വിശേഷിപ്പിച്ചത്. പാര്‍ട്ടി തള്ളിപ്പറഞ്ഞ കാലത്ത് വി.എസ് ബര്‍ലിനെ വീട്ടിലെത്തി സന്ദര്‍ശിച്ചത് പാര്‍ട്ടിക്കകത്ത് വിവാദങ്ങള്‍ക്കു കാരണമായിരുന്നു. പിന്നീട് വിഎസുമായും അകന്നു. മുന്‍ നിലപാടുകള്‍ തെറ്റായിരുന്നു എന്ന് ബര്‍ലിന്‍ തുറന്നുപറയുകയും ചെയ്തു.

കമ്യൂണിസ്റ്റായി ആയിരിക്കണമെന്നായിരുന്നു ബര്‍ലിനിന്റെ ആഗ്രഹം. കടുത്ത പ്രമേഹംമൂലം കാഴ്ച പൂര്‍ണമായി നശിച്ചിരുന്നു. അസുഖങ്ങള്‍ അലട്ടുമ്പോഴും കണ്ണൂരില്‍ നടന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച അദ്ദേഹം പിണറായി വിജയനെ കണ്ട് മാപ്പ് പറയണം എന്നും പ്രതികരിച്ചത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

logo
The Fourth
www.thefourthnews.in