തൃക്കാക്കര കൂട്ടബലാത്സംഗക്കേസ് : ബേപ്പൂർ കോസ്റ്റൽ സി ഐ പി ആർ സുനുവിന് സസ്പെൻഷൻ
തൃക്കാക്കര കൂട്ടബലാത്സംഗക്കേസിൽ പ്രതിയായ ബേപ്പൂർ കോസ്റ്റൽ സി ഐ പി ആർ സുനുവിന് സസ്പെൻഷൻ. കൊച്ചി പോലീസ് കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഞായറാഴ്ച രാവിലെ കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെത്തി സുനു ഡ്യൂട്ടിയില്‍ പ്രവേശിച്ചിരുന്നു. ഇത് വിവാദമായതോടെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത് കുമാർ അവധിയിൽ പോവാൻ നിർദേശിച്ചിരുന്നു. ഇതുപ്രകാരം സുനു പത്ത് ദിവസത്തെ അവധിയിൽ പ്രവേശിച്ചിരിക്കുകയായിരുന്നു. പിന്നാലെയാണ് സസ്പെന്‍ഷന്‍ ഉത്തരവിറങ്ങിയത്.
ഒരാഴ്ച മുന്‍പാണ് ഇയാളെ തൃക്കാക്കര പോലീസ് കസ്റ്റഡിയിൽ എടുത്തത്. കോഴിക്കോട് കോസ്റ്റൽ സ്റ്റേഷനിലെത്തിയാണ് കസ്റ്റഡിയിൽ എടുത്തത്. എന്നാൽ നാല് ദിവസം തുടർച്ചയായി ചോദ്യം ചെയ്‌തെങ്കിലും തെളിവൊന്നും ലഭിച്ചില്ലെന്ന് കാണിച്ച് പുറത്തുവിടുകയായിരുന്നു.
സുനു ഉൾപ്പടെയുള്ള സംഘം ബലാത്സംഗം ചെയ്‌തെന്ന് കാണിച്ച് തൃക്കാക്കര സ്വദേശിയായ യുവതിയാണ് പോലീസിൽ പരാതി നൽകിയത്. പത്ത് പേരെ പരാതിയിൽ പ്രതി ചേർത്തിട്ടുണ്ട്. അതിൽ മൂന്നാം പ്രതിയാണ് സുനു. ബലാത്സംഗമടക്കം ആറ് ക്രിമിനൽ കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്. 15 പ്രാവശ്യം വകുപ്പ് തല അച്ചടക്ക നടപടി നേരിട്ടുള്ള ഉദ്യോഗസ്ഥനാണ് സുനു. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നിലവില്‍ അന്വേഷണം അവസാനിപ്പിച്ചതടക്കം എല്ലാ കേസുകളും പുനഃപരിശോധിക്കാന്‍ ഡിജിപി ഉത്തരവിട്ടിരുന്നു. ഇയാളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്ത് ഡിജിപി അനില്‍കാന്ത് ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിയിരുന്നു.