അപകടത്തില്‍ തകര്‍ന്ന സൂപ്പര്‍ബൈക്ക്
അപകടത്തില്‍ തകര്‍ന്ന സൂപ്പര്‍ബൈക്ക്

തലസ്ഥാനത്ത് വീണ്ടും സജീവമായി ബൈക്ക് റേസിങ് സംഘങ്ങള്‍; അപകടത്തില്‍ വഴിയാത്രക്കാരി മരിച്ചു

സ്‌പോര്‍ട്‌സ് ബൈക്കുകളും സൂപ്പര്‍ ബൈക്കുകളും ഉള്‍പ്പെടെയുള്ള ഇരുചക്രവാഹനങ്ങളാണ് തിരുവല്ലം-കോവളം ബൈപാസില്‍ മത്സരയോട്ടം നടത്തുന്നത്
Updated on
1 min read

ഒരു ഇടവേളയ്ക്ക് ശേഷം തലസ്ഥാനത്ത് ബൈക്ക് റേസിംഗ് സംഘങ്ങള്‍ വീണ്ടും സജീവമാകുന്നു. കോവളം വാഴമുട്ടത്ത് ബൈക്ക് റേസിങ്ങിനിടെയുണ്ടായ അപകടത്തില്‍ വഴിയാത്രക്കാരി മരിച്ചു. പനത്തുറ സ്വദേശിനി സന്ധ്യ(55)യാണ് മരിച്ചത്. ജോലിക്ക് പോകാനായി റോഡരികില്‍ നില്‍ക്കുമ്പോഴാണ് അമിതവേഗതയില്‍ എത്തിയ സൂപ്പര്‍ബൈക്ക് ഇടിച്ച് തെറിപ്പിച്ചത്.

ഇടിയുടെ ആഘാതത്തില്‍ സന്ധ്യ 200 മീറ്ററോളം തെറിച്ച് വീണതായി നാട്ടുകാര്‍ പറഞ്ഞു. അപകടത്തില്‍ ഗുരുതര പരുക്കുകള്‍ സംഭവിച്ച സന്ധ്യ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. പൊലീസ് എത്തിയാണ് സന്ധ്യയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയത്.

20 ലക്ഷത്തോളം രൂപ വില വരുന്ന സൂപ്പര്‍ ബൈക്കാണ് അപകടത്തില്‍പ്പെട്ടത്

ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ പൊട്ടകുഴി സ്വദേശി അരവിന്ദ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. ബൈക്ക് റേസിങ് സംഘത്തിലെ അംഗമാണ് അരവിന്ദ്. 20 ലക്ഷത്തോളം രൂപ വില വരുന്ന കവാസാക്കി കമ്പനിയുടെ സൂപ്പര്‍ബൈക്കാണ് അപകടത്തില്‍പ്പെട്ടത്.

കഴിഞ്ഞ ജൂണിലും ബൈപ്പാസില്‍ ബൈക്കുകളുടെ മത്സരയോട്ടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചിരുന്നു.

തിരുവല്ലം-കോവളം ബൈപാസില്‍ ബൈക്ക് റേസിങ് സംഘങ്ങള്‍ സജീവമാണ്. സ്‌പോര്‍ട്‌സ് ബൈക്കുകളും, സൂപ്പര്‍ ബൈക്കുകളും ഉള്‍പ്പെടെയുള്ള ഇരുചക്രവാഹനങ്ങളാണ് ഈ മേഖലയില്‍ മത്സരയോട്ടം നടത്തുന്നത്. വഴിയാത്രക്കാര്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും പലപ്പോഴും വലിയ ഭീഷണിയാണ് ഇക്കൂട്ടര്‍ സൃഷ്ടിക്കാറുള്ളത്. ഇത്തരം സംഘങ്ങള്‍ അപകടത്തില്‍പെടുന്നതും പതിവാണ്. കഴിഞ്ഞ ജൂണിലും ബൈപ്പാസില്‍ ബൈക്കുകളുടെ മത്സരയോട്ടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചിരുന്നു.

മുന്‍പ് നടന്ന അപകടങ്ങളുടെ പശ്ചാത്തലത്തില്‍ പോലീസ് നേരത്തെ പരിശോധന ശക്തമാക്കിയിരുന്നെങ്കിലും പരിശോധന അവസാനിപ്പിച്ചത്തോടെ അവസരം മുതലെടുത്ത് വീണ്ടും മത്സരോട്ടം തുടങ്ങുകയായിരുന്നു.

logo
The Fourth
www.thefourthnews.in