എല്ലാം തികഞ്ഞവരെന്ന ചിന്ത കമ്യൂണിസ്റ്റുകാർക്ക് 
പാടില്ല: ബിനോയ് വിശ്വം 

എല്ലാം തികഞ്ഞവരെന്ന ചിന്ത കമ്യൂണിസ്റ്റുകാർക്ക്  പാടില്ല: ബിനോയ് വിശ്വം 

“ഗൗരിയമ്മയുടെ കിടപ്പുമുറിയുടെ ചുമരുകൾ നിറയെ ടി വി തോമസിന്റെ ചിത്രങ്ങളായിരുന്നു. ടി വിയെ അഗാധമായി സ്നേഹിച്ചിരുന്നു അവർ,” ബിനോയ് വിശ്വം പറഞ്ഞു
Updated on
1 min read

ഭാഷാപ്രയോഗത്തിൽ പാലിക്കേണ്ട കമ്യൂണിസ്റ്റ് സമീപനത്തെപ്പറ്റി ചിന്തിക്കാനാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. “ഇടതുപക്ഷം സ്വയം വിമർശനത്തിന് തയ്യാറാകണം. വിമർശിക്കുമ്പോൾ മറുഭാഗത്ത് നിൽക്കുന്നവരുടെ ചരിത്രം, ആശയം, വ്യക്തിത്വം എന്നിവ നാം മനസിലാക്കണം,” ആലപ്പുഴയിൽ കെ ആർ ഗൗരിയമ്മ ജന്മവാർഷിക ആഘോഷം ഉദ്‌ഘാടനം ചെയ്ത് ബിനോയ് വിശ്വം പറഞ്ഞു. 

തിരഞ്ഞെടുപ്പ് തോൽവിയെത്തുടർന്ന് സർക്കാരിനെതിരെ വിമർശനമുന്നയിച്ച യാക്കോബായ സഭ മുൻ ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസിനെ ‘വിവരദോഷി’യെന്നു വിളിച്ച് അധിക്ഷേപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയിൽ സിപിഎമ്മിനുള്ളിൽ വിമർശനം ശക്തിപ്പെടുന്ന വേളയിലാണ് ബിനോയിയുടെ പരാമർശം. തങ്ങൾ എല്ലാം തികഞ്ഞവരാണെന്നും മറുഭാഗത്തുള്ളവർ ശരിയല്ലെന്നും അവരെ എന്തും പറയാമെന്നും കരുതുന്നത് കമ്യൂണിസ്റ്റ് വിമർശനത്തിന്റെ രീതിയല്ലെന്ന് അദ്ദേഹം പറഞ്ഞു. 

ഗൗരിയമ്മയുമായുള്ള വ്യക്തിപരമായ അടുപ്പം ഓർത്തെടുത്ത ബിനോയ് വിശ്വം രണ്ടു പാർട്ടികളിലായി മാറിയപ്പോഴും ഭർത്താവ് ടി വി തോമസിനോട് അഗാധമായ പ്രണയം സൂക്ഷിച്ചിരുന്നയാളായിരുന്നു ഗൗരിയമ്മയെന്ന് പറഞ്ഞു. “ഗൗരിയമ്മയുടെ കിടപ്പുമുറിയുടെ ചുമരുകൾ നിറയെ ടി വി തോമസിന്റെ ചിത്രങ്ങളായിരുന്നു. ടിവിയെ അഗാധമായി സ്നേഹിച്ചിരുന്നു അവർ,” അദ്ദേഹം പറഞ്ഞു. 

ഗൗരിയമ്മയുടെ 106-ാം ജന്മവാർഷികം ജൂൺ 25നാണ് ജെ എസ് എസിന്റെ നേതൃത്വത്തിൽ ആഘോഷിച്ചത്. സംസ്ഥാന പ്രസിഡന്റ് സംഗീത് ചക്രപാണി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി സി ബീനാകുമാരി, സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, ജെ എസ് എസ് സംസ്ഥാന സെക്രട്ടറി പി ആർ ബാനർജി എന്നിവർ പ്രസംഗിച്ചു. 

logo
The Fourth
www.thefourthnews.in