ബിഷപ്പ് ആന്റണി കരിയില്‍
ബിഷപ്പ് ആന്റണി കരിയില്‍

'ഭൂമി ഇടപാടില്‍ നഷ്ടം 29.51 കോടി, ഏകീകൃത കുര്‍ബാന സിനഡിന്റെ വാശി': വൈദികര്‍ക്ക് തുറന്ന കത്തെഴുതി ബിഷപ്പ് കരിയില്‍

സിനഡിന്റെ കല്‍പ്പനകള്‍ നടപ്പാക്കിയിരുന്നെങ്കില്‍ സ്ഥാനം സുരക്ഷിതമാക്കാമായിരുന്നെന്നും ബിഷപ്പ് കരിയില്‍
Updated on
4 min read

സഭാ തര്‍ക്കത്തില്‍ വെളിപ്പെടുത്തലും വിശദീകരണവുമായി എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തന്‍ വികാരി സ്ഥാനം രാജിവെയ്‌ക്കേണ്ടിവന്ന ബിഷപ്പ് ആന്റണി കരിയില്‍. വൈദികര്‍ക്കും വിശ്വാസികള്‍ക്കുമായെഴുതിയ തുറന്ന കത്തിലാണ് രാജിവെയ്‌ക്കേണ്ടിവന്ന സാഹചര്യങ്ങളെക്കുറിച്ച് ബിഷപ്പ് കരിയില്‍ വിശദീകരിക്കുന്നത്. ഭൂമി ഇടപാടില്‍ അതിരൂപതയ്ക്കുണ്ടായത് 29.51 കോടിയുടെ നഷ്ടമാണ്. കോട്ടപ്പടി, ദേവികുളം സ്ഥലങ്ങള്‍ ഗ്യാരന്റി ഭൂമിയായി കരുതി സിനഡ് നിര്‍ദേശിക്കുന്ന വിലയ്ക്ക് സിനഡ് പറയുന്ന വ്യക്തികള്‍ക്ക് വില്‍ക്കുക എന്നതായിരുന്നു നഷ്ടം പരിഹരിക്കാന്‍ സിനഡ് നിര്‍ദേശിച്ച മാര്‍ഗം. അതിനെ സഭയുടെ നിയമ ചട്ടക്കൂടില്‍ ചോദ്യം ചെയ്തു. അതിനിടെയാണ്, ഏകീകൃത കുര്‍ബാന നടപ്പാക്കാന്‍ സിനഡ് വാശി പിടിച്ചത്. ചില രൂപതകളില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കിയെങ്കിലും ഐക്യം ഉണ്ടായിട്ടില്ല. അതിരൂപതയില്‍ കുര്‍ബാന പരിഷ്‌കാരം നടപ്പാക്കിയാല്‍ വലിയ പ്രത്യാഘാതം ഉണ്ടാകുമായിരുന്നു. പ്രശ്‌നം ഉണ്ടാകാതിരിക്കാനാണ് താന്‍ ശ്രമിച്ചത്. എന്നാല്‍, തന്നെ അനുസരണ ഇല്ലാത്തവനായാണ് സിനഡ് ചിത്രീകരിച്ചതെന്ന് ബിഷപ്പ് പറയുന്നു. രാജി സംബന്ധിച്ച് സോഷ്യല്‍ മീഡിയയിലും മറ്റും അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനാല്‍ യാഥാര്‍ത്ഥ്യം അറിയിക്കേണ്ടത് തന്റെ കടമയാണെന്ന് വ്യക്തമാക്കിയ ബിഷപ്പ് കരിയില്‍ ചാലക്കുടി ആശ്രമത്തില്‍ നിന്നാണ് കത്ത് എഴുതിയത്.

ബിഷപ്പ് ആന്റണി കരിയില്‍
എറണാകുളം-അങ്കമാലി അതിരൂപതയിൽ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം; ആന്‍ഡ്രൂസ് താഴത്തിന് ചുമതല, പ്രതിഷേധം ശക്തമാക്കാൻ വിമതപക്ഷം

2019 ഓഗസ്റ്റ് മാസം അവസാനത്തോടെയാണ് എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പൊലീത്തന്‍ വികാരിയായി നിയമിതനാകുന്നത്. അതിരൂപതയിലെ കാനോനിക സമിതികളോടുപോലും ആവശ്യമായ ആലോചന കൂടാതെയാണ് മെത്രാപ്പൊലീത്തന്‍ വികാരി എന്ന പുതിയ സംവിധാനം കൊണ്ടുവന്നതും സിനഡ് ചുമതല ഏല്‍പ്പിച്ചതും. മൂന്ന് വര്‍ഷം സഭയെ സംബന്ധിച്ചിടത്തോളം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. കോവിഡ് മഹാമാരിയെ ഒത്തൊരുമിച്ച് അതിജീവിച്ചു. എന്നാല്‍, ഭൂമി വില്‍പ്പന-വാങ്ങല്‍ ഇടപാടില്‍ അതിരൂപതയ്ക്കുണ്ടായ നഷ്ടം നികത്തുന്നതുമായി ബന്ധപ്പെട്ട റെസ്റ്റിറ്റിയൂഷന്‍ വിഷയമായിരുന്ന സഭാതലത്തില്‍ അതിരൂപത നേരിട്ട പ്രധാന വെല്ലുവിളി. മെത്രാപ്പൊലീത്തന്‍ വികാരി സ്ഥാനം ഏറ്റെടുത്തതുമുതല്‍ ഇക്കാര്യത്തിനായി ആത്മാര്‍ത്ഥമായി പരിശ്രമിച്ചു. റെസ്റ്റിറ്റിയൂഷന്‍ സാധ്യതകള്‍ പഠിക്കുന്നതിനായി ആലോചനാസമിതിയിലെ അംഗങ്ങളെ ഉള്‍പ്പെടുത്തി അതിരൂപതാ പ്രൊക്കുറേറ്റര്‍, സെബാസ്റ്റ്യന്‍ മാണിക്കത്താന്‍ അച്ചന്റെ നേതൃത്വത്തില്‍ കമ്മിറ്റിയെ നിയോഗിച്ചു. റെസ്റ്റിറ്റിയൂഷനുള്ള വിവിധ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന അവരുടെ റിപ്പോര്‍ട്ട് എല്ലാ കാനോനിക സമിതികളിലും ചര്‍ച്ച ചെയ്ത് അംഗീകാരം നേടിയതിനുശേഷം മേജര്‍ ആര്‍ച്ച് ബിഷപ്പിനും പെര്‍മനന്റ് സിനഡിനും സമര്‍പ്പിച്ചു.

റിപ്പോര്‍ട്ട് പ്രകാരം, ഭൂമി ഇടപാടില്‍ അതിരൂപതയ്ക്കുണ്ടായത് 29.51 കോടിയുടെ നഷ്ടമാണ്. കോട്ടപ്പടി, ദേവികുളം സ്ഥലങ്ങള്‍ ഗ്യാരന്റി ഭൂമിയായി കരുതി സിനഡ് നിര്‍ദേശിക്കുന്ന വിലയ്ക്ക് സിനഡ് പറയുന്ന വ്യക്തികള്‍ക്ക് വില്‍ക്കുക എന്നതായിരുന്നു നഷ്ടം പരിഹരിക്കാന്‍ സിനഡ് നിര്‍ദേശിച്ച മാര്‍ഗം. നിര്‍ദേശം കാനോനിക സമിതികള്‍ക്ക് പല കാരണങ്ങള്‍കൊണ്ടും സ്വീകാര്യമല്ലാത്തതിനാല്‍, റിപ്പോര്‍ട്ട് ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്റെ പരിഗണനയ്ക്കായി അയച്ചുകൊടുത്തു. എന്നാല്‍ ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്‍ സിനഡ് തീരുമാനം അംഗീകരിച്ചു. അതിനെതിരെയാണ് സഭയുടെ ചട്ടക്കൂടില്‍ നിന്നുകൊണ്ട് ചോദ്യം ചെയ്തത്. നഷ്ടം ഉണ്ടാക്കിയത് ആരാണെന്ന് അതിരൂപതയ്ക്ക് അറിയേണ്ടതാണ്. അതിരൂപത നേരിട്ട് സിവില്‍ കേസ് കൊടുക്കാന്‍ നിയമോപദേശം കിട്ടിയിട്ടും താന്‍ അത് ചെയ്തില്ല. വിഷയം സഭയ്ക്ക് ഉള്ളില്‍ തന്നെ പരിഹരിച്ച് തീര്‍ക്കാനാണ് ശ്രമിച്ചതെന്ന് അദ്ദേഹം പറയുന്നു.

ബിഷപ്പ് ആന്റണി കരിയില്‍
രാജി സന്നദ്ധത അറിയിച്ച് ബിഷപ്പ് ആന്റണി കരിയില്‍; എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലേക്ക്?

ഭൂമി ഇടപാട് വിവാദത്തില്‍ അതിരൂപത ഏറെ വിഷമിച്ച സാഹചര്യത്തിലാണ് കുര്‍ബാന ഏകീകരണം സംബന്ധിച്ച തീരുമാനം നടപ്പാക്കാന്‍ സിറോ മലബാര്‍ സിനഡ് തീരുമാനിച്ചത്. അത് പുതിയ പ്രതിസന്ധിക്ക് കാരണമായി. കുര്‍ബാനയിലെ ഒരു ഭാഗം അള്‍ത്താരയ്ക്ക് അഭിമുഖമായി അര്‍പ്പിക്കണമെന്ന നിബന്ധന, അമ്പത് വര്‍ഷത്തിലധികമായി പൂര്‍ണമായും ജനാഭിമുഖ കുര്‍ബാന നടത്തിപ്പോന്ന അതിരൂപതയിലെ വൈദികര്‍ക്കും വിശ്വാസികള്‍ക്കും വലിയ ആത്മസംഘര്‍ഷത്തിന് കാരണമായി. പ്രശ്‌നം രൂക്ഷമായതോടെ, സഭയിലെ ശാന്തിയും ഐക്യവും ശിഥിലമായി. അതിരൂപതയില്‍ കുര്‍ബാന പരിഷ്‌കാരം നടപ്പാക്കിയാല്‍ വലിയ പ്രത്യാഘാതം ഉണ്ടാകുമായിരുന്നു. പ്രശ്‌നം ഉണ്ടാകാതിരിക്കാനാണ് ശ്രമിച്ചത്. ഈ പശ്ചാത്തലത്തില്‍, സിറോ മലബാര്‍ സഭയിലെ ഏറ്റവും വലിയ അതിരൂപതയും സഭാ ആസ്ഥാനവുമായ എറണാകുളം-അങ്കമാലി അതിരൂപതയില്‍ അപ്രകാരമൊരു സാഹചര്യം ഉണ്ടാകരുതെന്ന് ദൈവജനത്തെ നയിക്കാന്‍ നിയോഗിക്കപ്പെട്ട വ്യക്തിയെന്ന നിലയില്‍ തീരുമാനിച്ചു. വിഷയത്തില്‍ അതിരൂപതയുടെ നിലപാട് അറിയാവുന്നതിനാല്‍, തീരുമാനം നടപ്പാക്കാനുള്ള അനുയോജ്യമായ സമയം ഇതല്ലെന്ന് ചില പിതാക്കന്‍മാര്‍ക്കൊപ്പം സിനഡില്‍ അറിയിച്ചു. അതിരൂപതയിലെ ബഹുഭൂരിപക്ഷം വൈദികരും ഇക്കാര്യം രേഖാമൂലം സിനഡ് പിതാക്കന്മാരെ അറിയിച്ചു. എന്നാല്‍, ഏകീകൃത കുര്‍ബാന രീതി ഇവിടെയും തുടരണമെന്നായിരുന്നു സിനഡ് പിതാക്കന്മാരുടെ നിലപാട്.

അതിരൂപതയില്‍ തീരുമാനം ഉണ്ടാക്കിയേക്കാവുന്ന അജപാലന പ്രത്യാഘാതങ്ങള്‍ പരിഗണിച്ച് ഒഴിവ് കൊടുക്കുകയായിരിക്കും നല്ലതെന്ന് കരുതി. മാര്‍പാപ്പയുടെയും ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്റെയും ഫ്രീഫെക്‌ററിന്റെയും അനുവാദത്തോടെയായിരുന്നു അത് ചെയ്തത്. ആ തീരുമാനത്തെ സന്തോഷത്തോടെ സ്വീകരിക്കുകയും ഉണ്ടാകാമായിരുന്ന അസ്വസ്ഥതകളെ ഒഴിവാക്കി സമാധാനപൂര്‍വം മുന്നോട്ടുപോകുകയും ചെയ്തു. എന്നാല്‍, ഒഴിവുകൊടുത്തതില്‍ ചില സാങ്കേതിക പോരായ്മകളുണ്ടെന്ന് പറഞ്ഞ്, തന്റെ തീരുമാനം അനുസരണക്കേടായും സിനഡാത്മകതയുടെ ലംഘനമായും വ്യാഖ്യാനിക്കപ്പെട്ടു. തീരുമാനത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ഒട്ടേറെ ശ്രമങ്ങളുണ്ടായി. കുറ്റക്കാരനായി ചിത്രീകരിക്കപ്പെട്ടു. പല മുന്നറിയിപ്പുകളും ലഭിച്ചു. സ്വഭാവികമായും രണ്ട് വഴികളാണുണ്ടായിരുന്നത്. ഒന്നുകില്‍ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി നല്‍കിയ ഒഴിവില്‍നിന്ന് പിന്മാറുക. അല്ലെങ്കില്‍ ഒഴിവ് താല്‍ക്കാലികമായി പിന്തുടരുക. രണ്ടാമത്തെ മാര്‍ഗം സ്വീകരിക്കാനാണ് തീരുമാനിച്ചത്.

ഏകീകൃത കുര്‍ബാന നടപ്പാക്കാന്‍ തീരുമാനിച്ചപ്പോള്‍, പരിഗണിക്കാതെ പോയ നടപടിക്രമങ്ങളെയും ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്‍ നല്‍കിയ നിര്‍ദേശങ്ങളിലെ അപാകതകളെയും കുറിച്ചും മാര്‍പാപ്പയുടെ കത്തിലെ വസ്തുതാപരമായ തെറ്റിനെക്കുറിച്ചും അധികാരികളെ അറിയിച്ചിരുന്നു. മറുപടി കത്തിന് റിവ്യൂ പെറ്റീഷനും നല്‍കിയിരുന്നു. എ്ന്നാല്‍ പെറ്റീഷനും സ്വീകരിച്ചില്ല. വിഷയങ്ങളില്‍ നീതിപൂര്‍വകമായ ഒരു പരിഹാരം റോമില്‍നിന്ന് പ്രതീക്ഷിച്ചിരുന്നു. അപ്പസ്‌തോലിക് സിഞ്ഞത്തൂരയില്‍ സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകളില്‍ ഉള്‍പ്പെടെ തീര്‍പ്പ് കല്‍പ്പിച്ചിട്ടില്ല. അതിനിടെയാണ് ജൂലൈ 19ന് ഡല്‍ഹിയില്‍ ചെന്ന് അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോയെ കാണണമെന്ന് അറിയിപ്പ് ലഭിച്ചത്. മെത്രാപ്പൊലീത്തന്‍ വികാരം സ്ഥാനം ഒഴിയണമെന്നും അതിരൂപത്ക്ക് പുറത്തുള്ള ഏതെങ്കിലും സിഎംഐ ആശ്രമത്തില്‍ താമസിക്കണമെന്നുമായിരുന്നു ന്യൂണ്‍ഷ്യോ ആവശ്യപ്പെട്ടത്. 24 മണിക്കൂറില്‍ രാജിക്കത്ത് നല്‍കണമെന്നായിരുന്നു നിര്‍ദേശം. മറുപടി നല്‍കാന്‍ ഒരാഴ്ച അനുവദിക്കണമെന്ന ആവശ്യംപോലും അനുവദിച്ചില്ല. രാജി ആവശ്യപ്പെട്ടുള്ള കത്തില്‍ കാരണങ്ങള്‍ സൂചിപ്പിച്ചിട്ടില്ലാത്തിനാല്‍, ഉചിതമായ തീരുമാനം എടുക്കുന്നതിനായി കാരണങ്ങള്‍ അറിയിക്കണമെന്ന് മാര്‍പാപ്പയോട് അഭ്യര്‍ത്ഥിച്ചുള്ള കത്ത് ന്യൂണ്‍ഷ്യോയെ ഏല്‍പ്പിച്ചു. എന്നാല്‍, ജൂലൈ 26ന് എറണാകുളത്ത് എത്തിയ ന്യൂണ്‍ഷ്യോ രാജി ആവശ്യപ്പെടുകയായിരുന്നു. കാരണം തേടിയുള്ള അഭ്യര്‍ത്ഥന റോമിനെ അറിയിച്ചെന്നും സഭയുടെ നന്മയ്ക്കുവേണ്ടിയാണ് മാര്‍പാപ്പ രാജി ആവശ്യപ്പെടുന്നതെന്നുമായിരുന്നു മറുപടി. മാര്‍പാപ്പയോടുള്ള അനുസരണത്തെപ്രതി രാജി സന്നദ്ധത അറിയിച്ചു. തുടര്‍ നടപടികള്‍ അറിയിക്കാമെന്ന് പറഞ്ഞ് ന്യൂണ്‍ഷ്യോ മടങ്ങുകയും ചെയ്തു.

സിനഡിന്റെ കല്‍പ്പനകള്‍ നടപ്പാക്കിക്കൊണ്ട് തനിക്ക് സ്ഥാനം സുരക്ഷിതമാക്കാമായിരുന്നെന്ന് ബിഷപ്പ് കത്തില്‍ പറയുന്നു. സത്യത്തിനും നീതിക്കുംവേണ്ടിയുള്ള സഹനം ആത്മാവിന് ആനന്ദം പകരുന്ന അനുഭവമാണെന്ന് തിരിച്ചറിയുന്നു. മനസാക്ഷിയോടും ദൈവജനത്തോടും നീതി പുലര്‍ത്തിയെന്ന അഭിമാനമുണ്ടെന്നും കത്തില്‍ ബിഷപ്പ് കൂട്ടിച്ചേര്‍ക്കുന്നു.

ബിഷപ്പ് ആന്റണി കരിയില്‍
സഭാ തര്‍ക്കത്തില്‍ ആലഞ്ചേരി പക്ഷം ചേർന്ന് വത്തിക്കാൻ; വിമത നിലപാട് സ്വീകരിച്ച ബിഷപ്പിനോട് സ്ഥാനമൊഴിയാന്‍ നിര്‍ദേശം

സഭാ തര്‍ക്കത്തില്‍ മെത്രാപ്പൊലീത്തന്‍ വികാരി ബിഷപ്പ് ആന്റണി കരിയിലിന്റെ രാജി വത്തിക്കാന്‍ സ്വീകരിച്ചതിനുപിന്നാലെ, എറണാകുളം അങ്കമാലി അതിരൂപതയില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണമാണ്. അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനെയാണ് മാര്‍പാപ്പ നിയമിച്ചത്. അതിരൂപതയുടെ മെത്രാപ്പൊലീത്തന്‍ വികാരി സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് വത്തിക്കാന്‍ സ്ഥാനപതി ബിഷപ്പ് കരിയിലിന് നോട്ടീസ് നല്‍കിയിരുന്നു. മാര്‍പാപ്പയുടെയും തിരുസംഘത്തിന്റെയും അനുമതിയോടെയായിരുന്നു നോട്ടീസ്. രാജിവെച്ചശേഷം അതിരൂപത പരിധിയില്‍ താമസിക്കാനോ പൊതുപരിപാടികളില്‍ പങ്കെടുക്കാനോ പാടില്ലെന്നും നിബന്ധനയുണ്ടായിരുന്നു. എന്നാല്‍, ഡല്‍ഹിയിലേക്ക് നേരിട്ട് വിളിപ്പിച്ച് നോട്ടീസ് നല്‍കിയിട്ടും ബിഷപ്പ് മറുപടി നല്‍കിയിരുന്നില്ല. ഇതേത്തുടര്‍ന്ന് ജൂലൈ 29ന് കൊച്ചിയിലെത്തിയ നൂണ്‍ഷ്യോ ലിയോപോര്‍ഡോ ജിറേലി, ബിഷപ്പ് കുര്യന്‍ മഠത്തിക്കണ്ടത്തിലിന്റെ സാന്നിധ്യത്തില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ബിഷപ്പ് കരിയിലിന്റെ രാജി സ്വീകരിച്ചത്.

രാജി വത്തിക്കാനും അംഗീകരിച്ചതോടെയാണ് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിന് അംഗീകാരമായത്. തൃശൂര്‍ അതിരൂപതയുടെ മെത്രാപ്പൊലീത്തന്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തു തുടര്‍ന്നുകൊണ്ടായിരിക്കും ആന്‍ഡ്രൂസ് താഴത്ത് പുതിയ ചുമതല വഹിക്കുക. സഭാ തര്‍ക്കത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പക്ഷത്തിനൊപ്പം നിന്നുകൊണ്ടാണ് വത്തിക്കാന്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതോടെ, പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് വിമതപക്ഷം.

logo
The Fourth
www.thefourthnews.in