ജലന്ധർ ബിഷപ്പ് സ്ഥാനത്തുനിന്ന് ഫ്രാങ്കോ മുളയ്ക്കൽ രാജിവച്ചു

ജലന്ധർ ബിഷപ്പ് സ്ഥാനത്തുനിന്ന് ഫ്രാങ്കോ മുളയ്ക്കൽ രാജിവച്ചു

ബിഷപ്പിന്റെ രാജി വ്യാഴാഴ്ചയാണ് ഫ്രാൻസിസ് മാർപ്പാപ്പ സ്വീകരിച്ചത്
Updated on
1 min read

ജലന്ധർ ബിഷപ്പ് സ്ഥാനത്തുനിന്ന് ഫ്രാങ്കോ മുളയ്ക്കൽ രാജിവച്ചു. ബിഷപ്പിന്റെ രാജി വ്യാഴാഴ്ചയാണ് ഫ്രാൻസിസ് മാർപ്പാപ്പ സ്വീകരിച്ചത്. ഇനി മുതൽ ബിഷപ് ഫ്രാങ്കോ എമിരറ്റസ് എന്നാകും അറിയപ്പെടുക. വീഡിയോ സന്ദേശത്തിലൂടെ ഫ്രാങ്കോ മുളയ്ക്കൽ രാജിതീരുമാനം സ്ഥിരീകരിച്ചു.

ഏറെ സന്തോഷവും നന്ദിയുമുണ്ടെന്ന് രാജിവാർത്തയറിയിച്ച് കൊണ്ട് ഫ്രാങ്കോ മുളയ്ക്കൽ പറഞ്ഞു. രൂപതയുടെ നല്ലതിനും പുതിയ ബിഷപ്പിനെ നിയമിക്കാനുമാണ് തന്റെ രാജിയെന്നും അദ്ദേഹം പറഞ്ഞു.

പ്രത്യക്ഷമായും പരോക്ഷമായും ഒരുപാട് അനുഭവിച്ചതായി ഫ്രാങ്കോ മുളയ്ക്കൽ പറഞ്ഞു. തനിക്കുവേണ്ടി പ്രാർഥിച്ചവർക്കും കരുതൽ നൽകിയവർക്കും നന്ദി. തന്റെ കണ്ണുനീർ സഭയുടെ നവീകരണത്തിന് കാരണമാകട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേത്തു.

കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസിൽ കുറ്റാരോപിതനായിരുന്നു ഫ്രാങ്കോ മുളയ്ക്കൽ. കുറുവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തിൽ 2014-16 കാലയളവിൽ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്നായിരുന്നു കുറ്റം. എന്നാൽ കഴിഞ്ഞ വർഷം കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. കേരളത്തിൽ ഒട്ടേറെ ചർച്ച ചെയ്യപ്പെട്ട സംഭവമായിരുന്നു ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന കേസ്.

പ്രകൃതിവിരുദ്ധ പീഡനത്തിന് ഉൾപ്പെടെ ഇരയായിട്ടുണ്ടെന്ന് കന്യാസ്ത്രീ പരാതി നൽകിയിരുന്നു. തുടര്‍ന്ന് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാകുകയും വിവിധ സംഘടനകളും കന്യാസ്ത്രീകളും രംഗത്തുവന്നു. ഒടുവിൽ ഫ്രാങ്കോയെ പോലീസ് അറസ്റ്റ് ചെയ്ത് പാലാ ജയിലയച്ചതോടെയായിരുന്നു അന്ന് കന്യാസ്ത്രീകളുടെ നേതൃത്വത്തിലുള്ള സമരം അവസാനിച്ചത്.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതിയായതിനെ തുടർന്ന് ഫ്രാങ്കോ മുളയ്ക്കലിനെ 2018 സെപ്റ്റംബറിൽ മുളയ്ക്കൽ ബിഷപ്പ് പദവിയിൽനിന്ന് താത്കാലികമായി മാറ്റി നിർത്തിയിരുന്നു. എന്നാൽ, കോട്ടയം അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഫ്രാങ്കോ മുളയ്ക്കല്‍ വീണ്ടും ജലന്ധര്‍ ബിഷപ്പായി ചുമതലയേറ്റത്. കേസിൽ കോടതി ബിഷപ്പിനെ കുറ്റവിമുക്തനാക്കിയ നടപടി വത്തിക്കാനും സ്വീകരിച്ചിരുന്നു. കുറ്റവിമുക്തനാക്കി നാലു മാസത്തിന് ശേഷമാണ് വത്തിക്കാന്റെ തീരുമാനം വന്നത്.

ഫ്രാങ്കോ മുളയ്ക്കലിന്റെ രാജി അച്ചടക്ക നടപടി അല്ലെന്ന് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി അറിയിച്ചു. രാജി ചോദിച്ചുവാങ്ങിയതാണ് എന്ന വാദങ്ങള്‍ക്കിടെയാണ് വിശദീകരണം.

logo
The Fourth
www.thefourthnews.in