നിരോധിത സംഘടനയുമായി അഹമ്മദ് ദേവര്‍കോവിലിന് ബന്ധമെന്ന് കെ സുരേന്ദ്രന്‍, ഉണ്ടയില്ലാ വെടിയെന്ന് മന്ത്രി

നിരോധിത സംഘടനയുമായി അഹമ്മദ് ദേവര്‍കോവിലിന് ബന്ധമെന്ന് കെ സുരേന്ദ്രന്‍, ഉണ്ടയില്ലാ വെടിയെന്ന് മന്ത്രി

മന്ത്രി സ്ഥാനത്ത് നിന്ന് അഹമ്മദ് ദേവര്‍കോവിലിനെ നീക്കണമെന്ന് കെ സുരേന്ദ്രന്‍; ആരോപണം രാഷ്ട്രീയ വിവരക്കേടെന്ന് ഐഎന്‍എല്‍
Updated on
1 min read

കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച റിഹാബ് ഫൗണ്ടേഷനുമായി ഐഎന്‍എല്ലിന് ബന്ധമുണ്ടെന്ന് ബിജെപി. നിരോധിത സംഘടനയുടെ തലപ്പത്തിരുന്നയാളാണ് മന്ത്രി അഹമ്മദ് ദേവര്‍കോവിലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ആരോപിച്ചു. മന്ത്രിസ്ഥാനത്ത് നിന്ന് അഹമ്മദ് ദേവര്‍കോവിലിനെ നീക്കണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

രാജ്യവിരുദ്ധ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടി നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധമുള്ളയാള്‍ മന്ത്രിസഭയില്‍ അംഗമായി തുടരുന്നതിന് മുഖ്യമന്ത്രി മറുപടി പറയണം . ഭരണകക്ഷിയിലെ ഘടകകക്ഷി ഭീകര സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവെന്നത് ചെറിയ കാര്യമല്ലെന്നും കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ആര്‍എസ്എസിനെയും നിരോധിക്കണമെന്ന കോണ്‍ഗ്രസ് നിലപാടെ പോപുലര്‍ ഫ്രണ്ടിനെ സഹായിക്കാന്‍ മാത്രമെ ഉപകാരപ്പെടുവെന്നും കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

കെ സുരേന്ദ്രന്റേത് ഉണ്ടയില്ലാ വെടിയാണെന്ന് അഹമ്മദ് ദേവര്‍കോവില്‍ പ്രതികരിച്ചു. തീവ്രവാദ സംഘടനകളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഐഎന്‍എല്ലിന്റേതെന്നും അദ്ദേഹം പറഞ്ഞു. സുരേന്ദ്രന്റെ ആരോപണം രാഷ്ട്രീയ വിവരക്കേടാണെന്നും അഹമ്മദ് ദേവര്‍കോവിലിന് റിഹാബ് ഫൗണ്ടേഷനുമായി യാതൊരു ബന്ധവുമില്ലെന്നും ഐഎന്‍എല്‍ നേതാവ് കാസിം ഇരിക്കൂര്‍ പ്രതികരിച്ചു. റിഫാബ് ഫൗണ്ടേഷനുമായി നിലവില്‍ ഐഎന്‍എല്‍ നേതൃത്വത്തില്‍ ആര്‍ക്കും ബന്ധമില്ലെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in