വിഴിഞ്ഞം തുറമുഖ സമരത്തിനെതിരെ കൈകോർത്ത് സിപിഎമ്മും ബിജെപിയും
വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിനെതിരെ കൈകോർത്ത് സിപിഎമ്മും ബിജെപിയും. വിഴിഞ്ഞം പദ്ധതിക്ക് അനുകൂലമായുള്ള ആക്ഷൻ കൗൺസിൽ ലോംഗ് മാർച്ചിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂർ നാഗപ്പനും ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി വി രാജേഷും ഒന്നിച്ചെത്തി.
വിഴിഞ്ഞം തുറമുഖത്തെ ഇല്ലാതാക്കാൻ ആകില്ലെന്ന് പദ്ധതിക്കെതിരെ സമരം നടത്തുന്നവർക്ക് നന്നായി അറിയാമെന്ന് ആനാവൂർ നാഗപ്പൻ പറഞ്ഞു. പദ്ധതിക്കെതിരെ നടക്കുന്ന സമരത്തെ എതിർക്കുന്ന എല്ലാ പ്രക്ഷോഭങ്ങൾക്കും പിന്തുണയുണ്ടാകും. പദ്ധതിയുടെ നിർമാണം നിർത്തിവെക്കാൻ ഒരു സർക്കാരിനും സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രവും സംസ്ഥാനവും സംയുക്തമായി നടത്തുന്ന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖ പദ്ധതിയെന്ന് വി വി രാജേഷ് പറഞ്ഞു. നിർമാണത്തെ തടസപ്പെടുത്തുന്ന ഒരു നടപടിയും അനുവദിക്കില്ലെന്നും വി വി രാജേഷ് വ്യക്തമാക്കി.
തുറമുഖ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുല്ലൂരിൽ നിന്നാണ് പ്രാദേശിക ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് ലോങ് മാർച്ച് നടത്തിയത്. ഈ വേദിയിലാണ് ഇരു നേതാക്കളും ഒരുമിച്ചെത്തിയത്. സമരവേദിയിൽ ഇരു പാർട്ടി നേതാക്കളും സമാനമായ ആശയങ്ങളാണ് പങ്കുവച്ചത്. കോൺഗ്രസ് വാർഡ് അംഗവും മാർച്ചിൽ പങ്കെടുത്തു.
അതേസമയം, വിഴിഞ്ഞം സമരസമിതി കലാപത്തിന് കോപ്പു കൂട്ടുകയാണെന്ന ഗുരുതര ആരോപണവുമായി മന്ത്രി വി ശിവൻകുട്ടിയും രംഗത്തെത്തി. പോലീസിന് നേരെ നിരവധി അക്രമ പ്രവർത്തനങ്ങളാണ് സമരക്കാർ നടത്തുന്നതെന്നും വള്ളവും വലയും കത്തിച്ച് പ്രദേശത്ത് ഭീതി ഉണ്ടാക്കുന്നതായും മന്ത്രി ആരോപിച്ചു.
വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് തടസമായതെല്ലാം ഒരാഴ്‌ചയ്ക്കകം നീക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നിർമാണപ്രദേശത്ത് സഞ്ചാരം തടസപ്പെടുത്തരുതെന്നും കോടതി നിർദേശം നൽകി. ഹർജി വെള്ളിയാഴ്ച വീണ്ടും കോടതി പരിഗണിക്കും.