ക്രൈസ്തവർക്ക് പിന്നാലെ മുസ്ലീങ്ങളെയും അടുപ്പിക്കാൻ ബിജെപി; പെരുന്നാളിന് മുസ്ലീം വീടുകള്‍ സന്ദര്‍ശിക്കും

ക്രൈസ്തവർക്ക് പിന്നാലെ മുസ്ലീങ്ങളെയും അടുപ്പിക്കാൻ ബിജെപി; പെരുന്നാളിന് മുസ്ലീം വീടുകള്‍ സന്ദര്‍ശിക്കും

ഈസ്റ്റർ ദിനത്തിൽ ക്രിസ്ത്യൻ മതമേലധ്യക്ഷന്മാർ മുസ്ലീം സമുദായത്തിൽ നിന്നുള്ള ആളുകളുടെ തിരഞ്ഞെടുത്ത വീടുകൾ സന്ദർശിച്ചത് കേരളത്തിൽ രാഷ്ട്രീയ ചർച്ചയ്ക്ക് വഴിവച്ചിരുന്നു
Updated on
1 min read

വരുന്ന പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായങ്ങളെ പാർട്ടിയിലേക്ക് ആകർഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ച് ബിജെപി. ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ വീടുകൾ സന്ദർശിച്ച്, ക്രിസ്ത്യൻ സമൂഹത്തിലേക്ക് എത്തിച്ചേരാനുള്ള ശ്രമത്തിന് പിന്നാലെ ഈദ് ദിനത്തിൽ മുസ്ലീം സമുദായത്തിൽപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കാനാണ് പദ്ധതി. ഈസ്റ്റർ ദിനത്തിൽ ക്രിസ്ത്യൻ മതമേലധ്യക്ഷന്മാർ മുസ്ലീം സമുദായത്തിൽ നിന്നുള്ള ആളുകളുടെ തിരഞ്ഞെടുത്ത വീടുകൾ സന്ദർശിച്ചത് കേരളത്തിൽ രാഷ്ട്രീയ ചർച്ചയ്ക്ക് വഴിവച്ചിരുന്നു.

ബുധനാഴ്ച കൊച്ചിയിൽ നടന്ന ബിജെപി ഭാരവാഹികളുടെ യോഗത്തിന് ശേഷം മുതിർന്ന ബിജെപി നേതാവും പാർട്ടിയുടെ കേരളത്തിന്റെ ചുമതലയുമുള്ള പ്രകാശ് ജാവദേക്കറാണ് സംസ്ഥാന ഘടകത്തിന് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. പ്രചാരണത്തിന്റെ ഭാഗമായി ബിജെപി പ്രവർത്തകർ മുസ്ലീം സമുദായത്തിൽപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച് ഈദ് ആശംസകൾ അറിയിക്കും. കൂടാതെ, വിഷു ദിനത്തിൽ ബിജെപി പ്രവർത്തകർ തങ്ങളുടെ വീടുകളിലേക്ക് മറ്റുള്ളവരെ ക്ഷണിച്ച് കൈനീട്ടം നൽകണമെന്നുമാണ് നിർദേശം. എല്ലാ വിഭാഗങ്ങളിലെയും സമുദായങ്ങളിലെയും ജനങ്ങളെ ഒന്നിപ്പിക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നം സാക്ഷാത്കരിക്കാനാണ് ബിജെപി പ്രവർത്തകർ ശ്രമിക്കുന്നതെന്നും ജാവദേക്കർ പറഞ്ഞു. ''ക്രിസ്മസിനും ഈസ്റ്ററിനും ക്രൈസ്തവ വിശ്വാസികളുടെ വീട് സന്ദർശിച്ച ബിജെപി പ്രവർത്തകർ ആശംസകൾ കൈമാറി. അത് വലിയ വിജയമായിരുന്നു. എല്ലാവരെയും ഒന്നിപ്പിക്കുകയെന്ന പ്രധാനമന്ത്രിയുടെ ആശയം സാക്ഷാത്ക്കരിക്കാനാണ് ബിജെപി പ്രവർത്തകർ പ്രയത്നിക്കുന്നത്''- പ്രകാശ് ജാവദേക്കർ കൂട്ടിച്ചേർത്തു.

ബിജെപി നേതാക്കൾ ബിഷപ്പുമാരെ സന്ദർശിച്ചതിന് പിന്നാലെ സിപിഎമ്മും കോൺഗ്രസും വിമർശനം ഉന്നയിച്ചിരുന്നു. ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളും കമ്മ്യൂണിസ്റ്റുകാരും ഇന്ത്യയ്ക്ക് ആഭ്യന്തര ഭീഷണിയാണെന്ന ആർഎസ്എസിന്റെ ആരോപണം മുൻനിർത്തിയായിരുന്നു എല്‍ഡിഎഫും യുഡിഎഫും ഇതിനെ പ്രതിരോധിച്ചത്. കൂടാതെ, ഉത്തരേന്ത്യയിലെ ക്രൈസ്തവ ദേവാലയങ്ങൾക്ക് നേരെ ഹിന്ദുത്വ സംഘടനകളുടെ പ്രവർത്തകർ നടത്തിയ ആക്രമണങ്ങളും ചൂണ്ടിക്കാട്ടി. എന്നാൽ തങ്ങളുടെ ന്യൂനപക്ഷ വോട്ട് ബാങ്ക് നഷ്‌ടപ്പെടുന്നതിലുള്ള ആശങ്കയാണ് സിപിഎമ്മിനും കോൺഗ്രസിനുമെന്ന് ബിജെപി ആരോപിച്ചു.

അതേസമയം, ക്രിസ്ത്യൻ സമൂഹവുമായി അടുക്കാനുള്ള ബിജെപിയുടെ ശ്രമം കേരളത്തിലെ പുരോഹിതർക്കിടയിലും ഭിന്നിപ്പുണ്ടാക്കിയിരിക്കുകയാണ്. സമുദായത്തിൽ നിന്നുള്ളവർ തന്നെ രാജ്യത്തിന് ആഭ്യന്തര ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം ബിഷപ്പുമാർ ബിജെപിയുടെ നീക്കത്തെ സ്വാഗതം ചെയ്തു. കാലം മാറിയെന്നും ന്യൂനപക്ഷങ്ങൾക്കെതിരായ മുൻ പ്രഖ്യാപനത്തിന്റെ പേരിൽ ബിജെപിയെ അകറ്റിനിർത്തരുതെന്നും അവർ ആവശ്യപ്പെട്ടു.

logo
The Fourth
www.thefourthnews.in