ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ ഓൺലൈൻ മാധ്യമങ്ങളെ ഒപ്പംനിർത്താൻ ബിജെപി ശ്രമം

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ ഓൺലൈൻ മാധ്യമങ്ങളെ ഒപ്പംനിർത്താൻ ബിജെപി ശ്രമം

മോദി സർക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് പ്രചരിപ്പിക്കണമെന്ന് ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷിന്റെ അധ്യക്ഷതയിൽ വിളിച്ചുചേർത്ത യോഗത്തിൽ ആവശ്യം
Updated on
1 min read

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ ഓൺലൈൻ മാധ്യമങ്ങളെ ഒപ്പം നിർത്താൻ ശ്രമങ്ങളാരംഭിച്ച് ബിജെപി. ദേശീയ നേതാക്കളെ നേരിട്ടെത്തിച്ചാണ് ബിജെപിയുടെ നീക്കം. ഇതിന്റെ തുടക്കമെന്നോണം ചില ഓൺലൈൻ മാധ്യമങ്ങളെ വിളിച്ചുചേർത്ത് ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷിന്റെ അധ്യക്ഷതയിൽ കഴിഞ്ഞയാഴ്ച യോഗം നടത്തി.

സൗത്ത് ലൈവ്, നവ കേരള, കർമ ന്യൂസ്, തത്വമസി ന്യൂസ്, ന്യൂസ് കഫേ, ന്യൂസ് ഇന്ത്യ മലയാളം എന്നിങ്ങനെയുള്ള ഒരു പറ്റം മാധ്യമങ്ങളാണ് യോഗത്തിൽ പങ്കെടുത്തത്. ജൂൺ 13ന് എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിലായിരുന്നു യോഗം.

ബിജെപിയുടെ ഭരണനേട്ടങ്ങളെക്കുറിച്ചുള്ള വാർത്തകൾ കൂടുതലായി നൽകണമെന്നായിരുന്നു ബി എൽ സന്തോഷിന്റെ ആവശ്യം. കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികൾക്ക് നൽകുന്ന പോലെയുള്ള പിന്തുണ ബിജെപിക്കും നൽകണം. വാർത്താസമ്മേളനങ്ങളും ബിജെപി ചെയ്യുന്ന നല്ല കാര്യങ്ങളും ഓൺലൈനിലൂടെ പ്രചരിപ്പിക്കണം എന്നിങ്ങനെ നീളുന്നതായിരുന്നു ആവശ്യങ്ങളുടെ പട്ടികകളെന്ന് യോഗത്തിൽ പങ്കെടുത്തവരിൽ ഒരാൾ 'ദ ഫോർത്തി'നോട് പറഞ്ഞു. ബിജെപി ദേശീയ ജനറൽ സെക്രട്ടറിക്കൊപ്പം സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും യോഗത്തിൽ പങ്കെടുത്തു.

യോഗത്തിൽ രണ്ടോ മൂന്നോ മാധ്യമങ്ങൾ ഒഴിച്ചാൽ ബാക്കിയെല്ലാം ബിജെപി അനുകൂല ഓൺലൈൻ മാധ്യമങ്ങളായിരുന്നു. കേരളത്തിൽ ഒരു വലതുപക്ഷ മാധ്യമ സിൻഡിക്കേറ്റ് രൂപീകരിക്കണമെന്ന് അവരിലൊരാൾ ആവശ്യപ്പെടുകയും ചെയ്തു
നവ കേരള ന്യൂസ് എഡിറ്റർ

അതേസമയം, ബി എൽ സന്തോഷിന്റെ നേതൃത്വത്തിൽ ഒരു യോഗം നടക്കുന്നുവെന്നും പങ്കെടുക്കണമെന്നും അഭ്യർഥിച്ചതിനാലാണ് പോയതെന്ന് 'നവകേരള' ന്യൂസ് എഡിറ്റർ രോഹിത് പറഞ്ഞു. ''യോഗത്തിൽ രണ്ടോ മൂന്നോ മാധ്യമങ്ങൾ ഒഴിച്ചാൽ ബാക്കിയെല്ലാം ബിജെപി അനുകൂല ഓൺലൈൻ മാധ്യമങ്ങളായിരുന്നു. കേരളത്തിൽ വലതുപക്ഷ മാധ്യമ സിൻഡിക്കേറ്റ് രൂപീകരിക്കണമെന്ന് അവരിലൊരാൾ ആവശ്യപ്പെടുകയും ചെയ്തു,'' രോഹിത് പറഞ്ഞു.

യുവാക്കൾ കൂടുതൽ വായിക്കുന്നത് ഓൺലൈൻ മാധ്യമങ്ങളായതിനാൽ മോദി സർക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് പ്രചരിപ്പിക്കണമെന്നായിരുന്നു ബി എൽ സന്തോഷിന്റെ ആവശ്യമെന്ന് 'സൗത്ത് ലൈവ്' അസോസിയേറ്റ് എഡിറ്റർ ശ്രീകുമാർ പറഞ്ഞു. ''ഈ വക തന്ത്രങ്ങൾ കേരളത്തിൽ വില പോകില്ലെന്ന് എന്റെയും സ്ഥാപനത്തിന്റെയും അഭിപ്രായമെന്ന നിലയ്ക്ക് ഞാൻ യോഗത്തിൽ പറഞ്ഞു. 15 മിനുറ്റ് മാത്രമാണ് ഞാൻ യോഗത്തിൽ ഇരുന്നത്. അടച്ചിട്ട മുറിയിലുള്ള യോഗമായിയിരുന്നില്ല നടന്നത്,'' ശ്രീകുമാർ പറഞ്ഞു.

കേരളത്തിലെ മുഖ്യാധാര മാധ്യമങ്ങൾ ആർഎസ്എസ് അജൻഡകൾക്ക് ചുക്കാൻ പിടിക്കുന്നുവെന്ന് സിപിഎം ഉൾപ്പെടെയുള്ള പാർട്ടികൾ ആരോപണമുയർത്തിയിരുന്നു. ഇതിനിടെയാണ് മാധ്യമങ്ങളുടെ ശ്രദ്ധകിട്ടാൻ ബിജെപി ശ്രമങ്ങൾ തുടരുന്നതെന്നത് ശ്രദ്ധേയമാണ്.

കേരളത്തിലെ തിരഞ്ഞെടുപ്പ് നേട്ടങ്ങൾ കൊയ്യാൻ മാധ്യമങ്ങളെ കൂടെ നിർത്താനുള്ള ബിജെപിയുടെ നീക്കങ്ങൾ ഇപ്പോൾ തുടങ്ങിയതല്ല. ചില അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളുടെ ഉടമകളെയും എഡിറ്റർമാരെയും ഉൾപ്പെടുത്തി കഴിഞ്ഞ വർഷം കോഴിക്കോട്ട് കേന്ദ്ര വാർത്ത വിതരണ-പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ ചർച്ച നടത്തിയിരുന്നു. 20 മാധ്യമങ്ങൾ മാത്രമായിരുന്നു പ്രസ് ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിച്ച യോഗത്തിൽ അന്ന് പങ്കെടുത്തത്. ബിജെപിയുടെ ഇത്തരം ശ്രമങ്ങൾ ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഇനിയും തുടരുമെന്ന സൂചനയാണ് നിലവിലെ സംഭവവികാസങ്ങൾ നൽകുന്നത്.

logo
The Fourth
www.thefourthnews.in