ആറ് പോരാ, 20 ലക്ഷ്യമാക്കണം;
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ തന്ത്രം മാറ്റാന്‍ ബിജെപി

ആറ് പോരാ, 20 ലക്ഷ്യമാക്കണം; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ തന്ത്രം മാറ്റാന്‍ ബിജെപി

കേന്ദ്രനേതൃത്വത്തിന്റെ വലിയ പിന്തുണ ലഭിച്ചിട്ടും സംസ്ഥാനത്ത് ഒരു സീറ്റ് പോലും നേടാന്‍ ബിജെപിക്ക് കഴിഞ്ഞില്ലെന്നതില്‍ ശക്തമായ അതൃപ്തിയും ദേശീയ നേതൃത്വത്തിനുണ്ട്.
Updated on
2 min read

അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നേട്ടം കൊയ്യാന്‍ തന്ത്രങ്ങള്‍ മാറ്റാന്‍ ഒരുങ്ങി ബിജെപി. വിജയ സാധ്യതയുള്ള മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന പ്രചാരണ പരിപാടികള്‍ മതിയാകില്ലെന്ന് കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. മുന്‍ വര്‍ഷങ്ങളില്‍ ബിജെപിക്ക് സ്വാധീനമുള്ള ആറ് ലോക്‌സഭാ മണ്ഡലങ്ങള്‍ ലക്ഷ്യം വച്ച് നടത്തിയിരുന്ന പ്രവര്‍ത്തനങ്ങള്‍ അതേപടി തുടരേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വത്തിന്റ നിലപാട്. സംസ്ഥാനത്തെ പാര്‍ട്ടിയ്ക്ക് കേന്ദ്ര നേതൃത്വത്തിന്റെ വലിയ പിന്തുണ ലഭിച്ചിട്ടും സംസ്ഥാനത്ത് ഒരു സീറ്റ് പോലും നേടാന്‍ ബിജെപിക്ക് കഴിഞ്ഞില്ലെന്നതില്‍ ശക്തമായ അതൃപ്തിയും ദേശീയ നേതൃത്വത്തിനുണ്ട്.

തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, മാവേലിക്കര, തൃശ്ശൂര്‍, പാലക്കാട് മണ്ഡലങ്ങളെയാണ് ബിജെപി എ ഗ്രേഡ് മണ്ഡലങ്ങളായി കണക്കാക്കി പ്രവര്‍ത്തിച്ചിരുന്നത്.

തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, മാവേലിക്കര, തൃശ്ശൂര്‍, പാലക്കാട് മണ്ഡലങ്ങളെയാണ് ബിജെപി എ ഗ്രേഡ് മണ്ഡലങ്ങളായി കണക്കാക്കി പ്രവര്‍ത്തിച്ചിരുന്നത്. പാര്‍ട്ടിയുടെ എല്ലാ സാധ്യതകളും ഈ മണ്ഡലങ്ങളില്‍ ഉപയോഗിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ പദ്ധതി ഇനി വേണ്ടെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം.

കേരളത്തിലെ സംഘടനാ പ്രവര്‍ത്തനം പരിശോധിക്കാന്‍ കഴിഞ്ഞ മാസം സംസ്ഥാനത്ത് എത്തിയ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ദുഷ്യന്ത് കുമാര്‍ ഗൗതത്തിന് മുന്നിലും സംസ്ഥാന നേതൃത്വം ജയസാധ്യതയുള്ള ആറ് മണ്ഡലങ്ങളെ കേന്ദ്രീകരിച്ചുള്ള പദ്ധതിയായിരുന്നു മുന്നോട്ട് വച്ചത്.

സംസ്ഥാനത്തെ എല്ലാ മേഖലകളിലും ശ്രദ്ധ പതിയും വിധത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും കേന്ദ്രത്തിന്റെ പദ്ധതികളുടെ ഗുണഭോക്താക്കളെ കണ്ടെത്തി ഇവരെയുള്‍പ്പെടെ പങ്കാളികളാക്കി മുന്നോട്ട് പോവാനുമാണ് നിര്‍ദേശം.

എന്നാല്‍, ജയസാധ്യതയുടെ പേരില്‍ ആറ് സീറ്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ മറ്റ് മണ്ഡലങ്ങളിലെ സംഘടനാപരമായും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും പിന്നോട്ടു പോകുന്നു എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. സംസ്ഥാനത്ത് 35 നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപിയ്ക്ക് 30,000ത്തില്‍ അധികം വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആറ് ലോക്സഭാ സീറ്റുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ശരിയല്ല. ഇത് സംസ്ഥാനത്ത് പാര്‍ട്ടിയുടെ വോട്ടുവിഹിതം കുറയാനുള്‍പ്പെടെ കാരണമായെന്നും നേതൃത്വം വിലയിരുത്തുന്നു. സംസ്ഥാനത്തെ എല്ലാ മേഖലകളിലും ശ്രദ്ധപതിയും വിധത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളെ കണ്ടെത്തി ഇവരെയുള്‍പ്പെടെ പങ്കാളികളാക്കി മുന്നോട്ട് പോവാനുമാണ് നിര്‍ദേശമെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, മുന്‍ തിരഞ്ഞെടുപ്പുകളില്‍ രണ്ട് ലക്ഷത്തില്‍ പരം വോട്ടുകള്‍ സ്വന്തമാക്കാനായ എ ഗ്രേഡ് വിഭാഗത്തില്‍ പെടുന്ന ആറ് മണ്ഡലങ്ങളില്‍ പ്രവര്‍ത്തന ശൈലിമാറ്റാനും നീക്കമുണ്ട്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി മണ്ഡലങ്ങളെ ക്ലസ്റ്ററുകളാക്കി തിരിച്ച്, കേന്ദ്ര നേതാക്കളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കാനുമാണ് നീക്കം. മൂന്ന് സീറ്റുകള്‍ എന്ന നിലയില്‍ രണ്ട് ക്ലസ്റ്ററുകളായാണ് മണ്ഡലങ്ങളെ വിഭജിച്ചിരിക്കുന്നത്.

ശോഭ കരന്ദ്ലജെ, ഭഗവന്ത് ഖുബ എന്നീ നേതാക്കള്‍ക്കാണ് ഈ ആറ് മണ്ഡലങ്ങളുടെ മേല്‍നോട്ട ചുമതല. തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട ജില്ലകളുടെ ചുമതല ശോഭ കരന്ദ്ലജെയും മാവേലിക്കര, തൃശൂര്‍, പാലക്കാട് സീറ്റുകളുടെ മേല്‍നോട്ടം ഭഗവന്ത് ഖുബയും വീതിച്ച് നല്‍കിയിട്ടുണ്ട്. സംസ്ഥാനതലത്തില്‍ 20 നേതാക്കളെയും ഒരോ മണ്ഡലങ്ങളുടെ ചുമതലയും നല്‍കിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in