തീവ്രവാദ പ്രവര്‍ത്തനം: രാജ്യംവിട്ട 35 പേരില്‍ 21 പേരും കേരളത്തില്‍ നിന്നുള്ളവരെന്ന് ജെ പി നദ്ദ
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യവ്യാപകമായി നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിലും തുടക്കം കുറിക്കുകയാണ് ബിജെപി. ദേശിയ അധ്യക്ഷന്‍ ജെ പി നദ്ദയാണ് സംസ്ഥാനത്തെ തയ്യാറെടുപ്പുകള്‍ക്ക് ആരംഭം കുറിക്കാന്‍ തലസ്ഥാനത്തെത്തിയത്. ഇന്ത്യയുടെ ആകെ വികസനമാണ് ലക്ഷ്യമെങ്കില്‍ മോദിക്ക് വോട്ട് നല്‍കണമെന്നും ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഇന്ന് അഴിമതിയുടെ സ്വന്തം നാടായി മാറിയെന്നും ബിജെപി ദേശിയ അധ്യക്ഷന്‍ ജെ പി നദ്ദ പറഞ്ഞു.
നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ അക്കമിട്ട് നിരത്തിയാണ് ദേശീയ അധ്യക്ഷന്‍ പ്രവര്‍ത്തകരുമായി സംവദിച്ചത്. കേരളത്തില്‍ പ്രധാനമന്ത്രി 3200 കോടിയുടെ വികസന പദ്ധതികളാണ് പ്രഖ്യാപിച്ചത്. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി വലിയ പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത്. എന്നാല്‍ സംസ്ഥാനത്തെ ഭരണകൂടം ഭൗതിക മുന്നേറ്റങ്ങളെ കായിക ശേഷികൊണ്ട് തടയാനാണ് ശ്രമിക്കുന്നതെന്നും തീവ്രവാദ പ്രവര്‍ത്തനത്തിന് രാജ്യം വിട്ട 35 പേരില്‍ 21 പേരും കേരളത്തില്‍ നിന്നുള്ളവരാണെന്നും ജെ പി നദ്ദ പറഞ്ഞു.
സ്വര്‍ണക്കടത്ത്, എഐ ക്യാമറ തുടങ്ങി കേരളത്തില്‍ സകല മേഖലയിലും അഴിമതി
ജെ പി നദ്ദ
സ്വര്‍ണക്കടത്ത്, എഐ ക്യാമറ തുടങ്ങി കേരളത്തില്‍ സകല മേഖലയിലും അഴിമതിയാണെന്നും ജെ പി നദ്ദ ആരോപണമുയര്‍ത്തി. പട്‌നയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തെയും അദ്ദേഹം പരിഹസിച്ചു. നായകന്‍ നരേന്ദ്രമോദിയാണ് എന്നാണ് പ്രതിപക്ഷ സമ്മേളനവും തെളിയിക്കുന്നതെന്നായിരുന്നു നദ്ദയുടെ പരിഹാസം.
അടിയന്തരാവസ്ഥയുടെ 25 ആം വാര്‍ഷികത്തില്‍ രാഹുല്‍ ഗാന്ധി ലണ്ടനില്‍ പോയി പറയുന്നത് ഇന്ത്യയില്‍ ജനാധിപത്യമില്ലെന്നാണ്. രാഹുലിന്റെ മുത്തശ്ശി അടിയന്തരാവസ്ഥ കാലത്ത് ജനങ്ങളെ ജയിലിലടച്ചു. കുടുംബ വാഴ്ചയില്‍ നിന്ന് ഇന്ത്യയെ സംരക്ഷിച്ചത് ബിജെപിയാണെന്നും അദ്ദേഹം പറഞ്ഞു.
2024ലെ പാര്‍ലമെന്റ് തെരഞ്ഞടുപ്പ് ലക്ഷ്യമാക്കിയാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ 'വിശാല്‍ ജനസഭ' എന്നപേരില്‍ ബിജെപി പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാന വ്യാപകമായി കൂടുതല്‍ ദേശീയ നേതാക്കളെ പങ്കെടുപ്പിച്ച് തെരഞ്ഞടുപ്പ് മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനാണ് ബിജെപി നേതൃത്വം ലക്ഷ്യമിടുന്നത്.