'അലവലാതി, കണ്ടാമൃഗത്തേക്കാള്‍ തൊലിക്കട്ടി'; ഷംസീറിനെതിരെ വിദ്വേഷ പരാമര്‍ശവുമായി കെ സുരേന്ദ്രന്‍
മിത്ത് വിവാദത്തില്‍ നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരെ വിദ്വേഷവും അധിക്ഷേപവും കലർന്ന പരാമര്‍ശങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഷംസീറിനെ അവന്‍ എന്നും ഇവന്‍ എന്നും ഒരുത്തന്‍ എന്നും അവലാതിയെന്നുമൊക്കെ അധിക്ഷേപിച്ച സുരേന്ദ്രന്‍, 'കണ്ടാമൃഗത്തേക്കാള്‍ തൊലിക്കട്ടിയാണ്' എന്നും കൂട്ടിച്ചേർത്തു.
ഗണപതി മിത്താണെന്ന് പറഞ്ഞ ഷംസീറിനെ പോലെയുള്ള അലവലാതികള്‍ക്ക് അള്ളാഹു നല്ലയാളാണ്. 30 ദിവസം നോമ്പെടുക്കുന്ന, എല്ലാ വെള്ളിയാഴ്ചയും പള്ളിയില്‍ പോകുന്ന ഷംസീര്‍ എന്തിനാണ് ഹിന്ദുക്കളെ അധിക്ഷേപിക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു. കോഴിക്കോട്ട് മഹിളാമോര്‍ച്ച സംസ്ഥാന സമിതി യോഗത്തിലും മാധ്യമപ്രവർത്തകരോടുമായിട്ടായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
യുക്തിവാദികള്‍ മതവിമര്‍ശനം നടത്തിയാല്‍ ബിജെപിക്ക് പരാതിയില്ല. മടമ്പിന് മുകളിലായി ഇടത്തോട്ട് മുണ്ടുടുക്കുന്ന തികഞ്ഞ വിശ്വാസിയാണ് ഷംസീര്‍. സ്വന്തം മതാചാരങ്ങള്‍ എല്ലാം കൃത്യമായി അനുഷ്ഠിച്ച് ഹിന്ദുക്കളെ ആക്ഷേപിക്കുകയാണ് ചെയ്തത്. നാഴികയ്ക്ക് നാല്‍പ്പത് വട്ടം മൗലൂദ് നടത്തുന്ന ആള്‍ക്കാരുടെ ഒപ്പം പോയിരിക്കുന്ന ഷംസീര്‍ ഞങ്ങടെ ഗണപതിയെ ആക്ഷേപിക്കാന്‍ വരണ്ട. വിഘ്‌നേശ്വരന്റെ വിശ്വാസം സംരക്ഷിക്കാന്‍ കേരളത്തിലെ അമ്മമാര്‍ രംഗത്തിറങ്ങേണ്ട സമയമായി. ശബരിമല വിഷയത്തിന് സമാനമായ സംഭവമാണിതെന്നും മഹിളാമോര്‍ച്ച യോഗത്തില്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.
''ഇതിപ്പോള്‍ ഒരു യുക്തിവാദി പറഞ്ഞാല്‍ ഞങ്ങള്‍ക്ക് പരാതിയില്ല. പക്ഷേ ഈ ഷംസീറിനെ പോലെയൊരുത്തന്‍, 30 ദിവസവും നോമ്പെടുക്കുന്ന ആളാണ്. അവന്‍ എല്ലാ വെള്ളിയാഴ്ചയും പള്ളിയില്‍ പോകുന്ന ആളാണ്. ഇവനൊക്കെ പള്ളിയില്‍ പോകുകയും നോമ്പെടുക്കുകയും ഹിന്ദുക്കളെ മാത്രം അധിക്ഷേപിക്കുകയും ചെയ്യുന്നത് എന്ത് അടിസ്ഥാനത്തിലാണ്? ഇന്നലെ നിങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ച ഒരു ചോദ്യത്തിന് ആ ഷംസീര്‍ മറുപടി പറഞ്ഞിട്ടില്ല. നിങ്ങള്‍ വിശ്വാസിയാണോ അല്ലയോ? അപ്പോള്‍ അവന്റെ ദീനിന്റെ കാര്യത്തില്‍ അവന്‍ ഭയങ്കര ശക്തനാണ്. അവന്‍ പള്ളിയില്‍ പോവും... അവന്‍ നോമ്പെടുക്കും... അവന്‍ എല്ലാ ഇസ്ലാമിക വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠിക്കും.... എന്നിട്ട് ഹിന്ദുക്കളുടെ മേല്‍ കുതിരകയറുകയാണ്. അത് സമ്മതിക്കാന്‍ തയ്യാറില്ല. അവിശ്വാസിയാണെങ്കില്‍ നോമ്പെടുക്കരുത്, പള്ളിയില്‍ പോകരുത്,'' സുരേന്ദ്രൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നാഴികയ്ക്ക് നാല്‍പ്പത് വട്ടം ഇവിടുത്തെ മൗലൂദ് നടത്തുന്ന ആള്‍ക്കാരുടെ ഒപ്പം പോയിരിക്കുന്ന എ എന്‍ ഷംസീര്‍ ഞങ്ങളുടെ ഗണപതിയെ ആക്ഷേപിക്കാന്‍ വരണ്ട. അത്രയേ പറഞ്ഞിട്ടുള്ളൂ. അല്ലാതെ ഒരു യുക്തിവാദിയായിട്ടാണ് സംസാരിക്കുന്നതെങ്കില്‍ ആര്‍ക്കും പരാതിയില്ല. ഒരു സനല്‍ ഇടമറുകോ അയാളുടെ മകനോ അല്ലെങ്കില്‍ ഒരു ഗ്രോ വാസുവോ പറഞ്ഞാല്‍ ഞങ്ങള്‍ പ്രതിഷേധിക്കില്ല.
24 മണിക്കൂറും മതവിശ്വാസിയായി പെരുമാറുകയും 30 നോമ്പെടുക്കുകയും എല്ലാ വെള്ളിയാഴ്ചയും പള്ളിയില്‍ പോകുകയും ചെയ്യുന്ന എ എന്‍ ഷംസീര്‍ മടമ്പിനുമേലെയാണ് മുണ്ടുടുക്കുന്നത്. അങ്ങനെയുള്ള മടമ്പിനുമേലെ മുണ്ടുടുക്കുന്ന, തികഞ്ഞ മതവിശ്വാസിയായി പ്രവര്‍ത്തിക്കുന്ന ഒരു കമ്യൂണിസ്റ്റുകാരന്‍... ഇവിടെ എല്ലാ സിപിഎം നേതാക്കളും മുസ്ലിം നേതാക്കളും അവരുടെ മതാചാരങ്ങള്‍ എല്ലാം നടത്തുകയാണ്. പക്ഷേ ഒരു സുരേഷ് കുറുപ്പ് എം എല്‍ എയ്ക്ക് മൂകാംബികയില്‍ പോകണമെങ്കില്‍ തലയില്‍ മുണ്ടിട്ടുപോകണം. ശബരിമലയില്‍ ആരെങ്കിലും പോയാല്‍ അവരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കും. ഇതെന്ത് നിലപാടാണ്? ആ നിലപാടിനെയാണ് ഞങ്ങള്‍ ചോദ്യം ചെയ്യുന്നത്. ഇത് ശരിയല്ല. നിങ്ങള്‍ അവിശ്വാസിയാണെങ്കില്‍ എല്ലാവരുടെയും കാര്യത്തില്‍ ഈ അഭിപ്രായം പറയണം.'' സുരേന്ദ്രൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ശാസ്ത്രീയ ചിന്തകളുണ്ടാകേണ്ടതിനെക്കുറിച്ച് എറണാകുളം കുന്നത്തുനാട് മണ്ഡലത്തിലെ വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽ നടത്തിയ എ എന്‍ ഷംസീറിന്റെ പ്രസംഗമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ബിജെപി ഉൾപ്പെടെയുള്ള സംഘപരിവാർ സംഘടനകളാണ് ആദ്യം പ്രതിഷേധമുയർത്തിയത്. പിന്നാലെ എന്‍എസ്എസ് പരസ്യമായി രംഗത്തെത്തിയിരുന്നു. തിരുവനന്തപുരത്ത് വിശ്വാസികളുടെ നാമജപ യാത്രയുള്‍പ്പെടെ സംഘടിപ്പിച്ചായിരുന്നു എന്‍എസ്എസിന്റെ പ്രതിഷേധം.
എന്‍ എസ്എസിന് പുറമെ എസ്എന്‍ഡിപി നേതാക്കളും പരാമര്‍ശത്തെ വിമര്‍ശിച്ച് രംഗത്തെത്തി. വിശ്വാസത്തെ ഹനിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളിയും മറ്റുള്ളവരെ നിന്ദിക്കരുതെന്ന് വെള്ളാപ്പള്ളി നടേശനും പ്രതികരിച്ചു. ശാസ്ത്രവും മിത്തും കൂട്ടിക്കലര്‍ത്തി ഷംസീര്‍ നടത്തിയ പരാമര്‍ശം വര്‍ഗീയവാദികള്‍ക്ക് ആയുധം കൊടുക്കുകയാണെന്നും ശാസ്ത്രബോധത്തെ മതവിശ്വാസവുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം.
അതേസമയം സ്പീക്കറുടെ പ്രസംഗത്തില്‍ മാപ്പ് പറയാനോ തിരുത്തലിനോ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം. സ്പീക്കര്‍ പറഞ്ഞത് മുഴുവന്‍ ശരിയാണെന്നും പ്രസംഗം വ്യാഖ്യാനിച്ച് വര്‍ഗീയ ധ്രുവീകരണം നടത്താനുള്ള ശ്രമമാണ് നടന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ആരുടെയും മത വിശ്വാസം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഒരു വിശ്വാസ സമൂഹത്തിനും എതിരല്ലെന്നും സ്പീക്കര്‍ എ എന്‍ ഷംസീറും വിശദീകരിച്ചു.