'രാഷ്ട്രീയ കേന്ദ്രങ്ങളെ ഇളക്കിമറിച്ചു', വിവാദത്തിന് പിന്നിൽ വോട്ടുബാങ്ക്;  പാംപ്ലാനിക്ക് പിന്തുണയുമായി തൃശ്ശൂർ അതിരൂപത

'രാഷ്ട്രീയ കേന്ദ്രങ്ങളെ ഇളക്കിമറിച്ചു', വിവാദത്തിന് പിന്നിൽ വോട്ടുബാങ്ക്; പാംപ്ലാനിക്ക് പിന്തുണയുമായി തൃശ്ശൂർ അതിരൂപത

പാംപ്ലാനിയുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യാനും അവഹേളിക്കാനും രാഷ്ട്രീയകക്ഷികൾ മാറി മാറി മത്സരിക്കുന്നു
Updated on
1 min read

റബ്ബറിന് 300 രൂപ വില തന്നാല്‍ ബിജെപിയെ സഹായിക്കാമെന്ന നിലയില്‍ നിലപാടെടുത്ത തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്ക് പിന്തുണയുമായി തൃശ്ശൂർ അതിരൂപത. ബിജെപിയെ സഹായിക്കാമെന്ന ബിഷപ്പിന്റെ പ്രസ്താവന രാഷ്ട്രീയ കേന്ദ്രങ്ങളെ ഇളക്കിമറിച്ചെന്നും അതിരൂപതയുടെ മുഖപത്രമായ കത്തോലിക്കാ സഭയിൽ പറയുന്നു. പാംപ്ലാനിയുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യാനും അവഹേളിക്കാനും രാഷ്ട്രീയകക്ഷികൾ മാറി മാറി മത്സരിക്കുകയാണെന്നും എല്ലാവരുടെയും ലക്ഷ്യം വോട്ട് ബാങ്ക് മാത്രമാണെന്നും തൃശൂർ അതിരൂപത വ്യക്തമാക്കി.

തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളെല്ലാം രാഷ്ട്രീയ പാർട്ടികളുടെ നേട്ടമോ കോട്ടമോ ആണ് ചര്‍ച്ച ചെയ്തത്. ആർച്ച് ബിഷപ് ഉയർത്തിക്കാണിച്ച കർഷകരുടെ പ്രശ്നപരിഹാരം ആരുടെയും അജണ്ടയിൽ ഇല്ലെന്നും അതിരൂപത ചൂണ്ടിക്കാട്ടി. 'സഭാ നേതൃത്വം ശബ്ദിക്കരുതെന്നോ?' എന്ന തലക്കെട്ടോടെയാണ് തൃശൂര്‍ അതിരൂപത മുഖപത്രം ലേഖനം പ്രസിദ്ധികരിച്ചത്.

കർഷകരുടെ പ്രശനത്തിന് പരിഹാരമുണ്ടാകുന്നതിനാണ് പാംപ്ലാനി ഇടപെട്ടതെന്നും അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ റബർ കർഷകർക്ക് നാലുമാസമായി മുടങ്ങിക്കിടന്ന സബ്സിഡി ലഭിച്ചു. വോട്ടുചോർച്ച ഉണ്ടാകുമെന്ന പേടിയിൽ സർക്കാർ അതിവേഗത്തിൽ നടപടി സ്വീകരിക്കുകയായിരുന്നു എന്നും തൃശ്ശൂർ അതിരൂപത ലേഖനത്തില്‍ അവകാശപ്പെടുന്നു.

അതേസമയം, കേരളത്തിലെ ഇടതു പക്ഷസർക്കാരിന്റെ രുക്ഷമായ ഭാഷയിലാണ് മുഖപ്രസംഗം വിമര്‍ശിക്കുന്നത്. ഭരണവീഴ്ച മൂലം സംസ്ഥാനം കടം കയറി മുടിയുകയാണെന്നും വിമർശനം. കേരളത്തിലെ യുവാക്കൾ നാടുവിടേണ്ട നിലയാണുള്ളത്. മുൻപ് കത്തോലിക്കാസഭ മുന്നോട്ട് വച്ച കാര്യങ്ങൾ അംഗീകരിക്കാൻ ബുദ്ധിമുട്ട് കാട്ടിയ ഇടത് സർക്കാരിന് കാലക്രമേണ അവരുടെ ആശയങ്ങൾ അംഗീകരിക്കേണ്ടി വന്നുവെന്നും അതിരൂപത ഓർമിപ്പിച്ചു. സ്വാശ്രയ വിഷയത്തിൽ ഇടത് സർക്കാരിനെ തള്ളി കത്തോലിക്കാ സഭ മുന്നോട്ടുവച്ച സമീപനങ്ങളെ പിന്നീട് അംഗീകരിക്കേണ്ടി വന്ന ചരിത്രമുണ്ടെന്നും അതിരൂപത വ്യക്തമാക്കി. രാഷ്ട്രീയനേതാക്കൾ ഉണർന്നു പ്രവർത്തിച്ചിരുന്നെങ്കിൽ മതമേലധ്യക്ഷന്മാർ രംഗത്തുവരേണ്ട ആവശ്യമില്ലായിരുന്നു എന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.

അതേസമയം, പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നർകോട്ടിക്സ് ജിഹാദ് പരാമർശത്തെയും തൃശൂർ അതിരൂപത ലേഖനത്തില്‍ പിന്തുണയ്ക്കുന്നുണ്ട്. മയക്കുമരുന്നുമായി ബന്ധപ്പെട്ട് പാലാ ബിഷപ്പ് ഉന്നയിച്ച ആരോപണങ്ങള്‍ കാര്യങ്ങൾ പിൽക്കാലത്ത് ശരിയായില്ലേയെന്നും ലേഖനത്തിൽ ചോദിച്ചു. അന്ന് മയക്കുമരുന്നുവിപത്തിനെയും അതിന്റെ പിന്നിലുള്ള തീവ്രവാദ ചങ്ങലകളെയും കുറിച്ചാണ് പാലാ ബിഷപ് സംസാരിച്ചതെന്നും അതിരൂപത പറഞ്ഞു.

റബ്ബര്‍ വില 300 രൂപയാക്കിയാല്‍ ബിജെപിക്ക് കേരളത്തില്‍ ഒരു എംപി പോലുമില്ലെന്ന വിഷമം പരിഹരിക്കുമെന്നായിരുന്നു പാംപ്ലാനി പറഞ്ഞത്. കുടിയേറ്റ ജനതയ്ക്ക് അതിജീവനം വേണമെങ്കില്‍ രാഷ്ട്രീയമായി പ്രതികരിക്കണമെന്നായിരുന്നു ആര്‍ച്ച് ബിഷപ്പിന്റെ നിലപാട്. ജനാധിപത്യത്തില്‍ വോട്ടായി മാറാത്ത ഒരു പ്രതിഷേധവും പ്രതിഷേധമല്ലെന്ന സത്യം കര്‍ഷകര്‍ തിരിച്ചറിയണമെന്നും ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞിരുന്നു.

logo
The Fourth
www.thefourthnews.in