പലവട്ടം പൊലിഞ്ഞ ബിജെപിയുടെ ക്രിസ്ത്യന്‍ പ്രേമം ഇത്തവണ റബറില്‍ പൂക്കുമോ?

പലവട്ടം പൊലിഞ്ഞ ബിജെപിയുടെ ക്രിസ്ത്യന്‍ പ്രേമം ഇത്തവണ റബറില്‍ പൂക്കുമോ?

ക്രിസ്ത്യന്‍ ന്യൂനപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി കേരള രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയാകാനുള്ള സംഘപരിവാറിന്റെയും ബിജെപിയുടെയും തുടര്‍ശ്രമമാണെന്ന് കരുതണം
Updated on
3 min read

ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് ബിജെപിയുടെ രാഷ്ട്രീയനീക്കങ്ങള്‍ തുടരുമ്പോള്‍ ഓര്‍ക്കേണ്ടുന്ന ചില പഴയ കഥകളുമുണ്ട്. കേരളത്തില്‍ ആദ്യമായല്ല ക്രിസ്ത്യന്‍ ന്യൂനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യമാക്കി രാഷ്ട്രീയ പരീക്ഷണങ്ങള്‍ നടക്കുന്നത്. കേരളാ കോണ്‍ഗ്രസ് വിട്ട ജോണി നെല്ലൂരിന്റെ നേതൃത്വത്തില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി എന്ന പുതിയ പാര്‍ട്ടി വരുമ്പോള്‍ അത് കേരള രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയാകാനുള്ള സംഘപരിവാറിന്റെയും ബിജെപിയുടെയും തുടര്‍ശ്രമങ്ങളുടെ ഭാഗമാണെന്നുവേണം കരുതാന്‍.

പി സി തോമസും മൂവാറ്റുപുഴ ലോക്സഭാ പരീക്ഷണവും

കെ എം മാണിയുമായി തെറ്റിപ്പിരിഞ്ഞ പി സി തോമസ് 2004 ലാണ് ഐഎഫ്ഡിപി എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് ലോക്‌സഭയിലേക്ക് എന്‍ഡിഎ പിന്തുണയോടെ മൂവാറ്റുപുഴയില്‍നിന്ന് മത്സരിക്കുന്നത്. ഫലം വന്നപ്പോള്‍ കെ എം മാണിയുടെ മകന്‍ ജോസ് കെ മാണിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി പി സി തോമസ് ജയിച്ചുകയറി. എല്‍ഡിഎഫിനെയും യുഡിഎഫിനെയും അട്ടിമറിച്ചുള്ള ഈ വിജയം കേരളത്തിലെ മുന്നണി രാഷ്ട്രീയ സംവിധാനത്തെ അപ്പാടെ ഞെട്ടിപ്പിക്കുന്നതായി മാറി. 1989 മുതല്‍ താന്‍ തുടര്‍ച്ചയായി ലോക്‌സഭയിലേക്ക് മത്സരിച്ച മൂവാറ്റുപുഴയില്‍നിന്ന് മകനെ പിന്‍ഗാമിയായി കെ എം മാണി പ്രഖ്യാപിച്ചതോടെയാണ് പി സി തോമസ് ഇടഞ്ഞത്.

സംസ്ഥാനത്തുനിന്ന് എന്‍ഡിഎ പിന്തുണയില്‍ വിജയിച്ച ഏക എംപിയായ പി സി തോമസ് എ ബി വാജ്‌പേയി സര്‍ക്കാരില്‍ മന്ത്രിയായി. ഇതിനിടെ, വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മതവികാരം ചൂഷണം ചെയ്തുവെന്ന് ചൂണ്ടികാട്ടി എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി എം ഇസ്മയില്‍ നല്‍കിയ ഹര്‍ജിയില്‍ തോമസിന്റെ എം പി സ്ഥാനം ഹൈക്കോടതി റദ്ദാക്കി. അപ്പോഴേക്കും സഭയുടെ കാലാവധി പൂര്‍ത്തിയായതിനാല്‍ അയോഗ്യത എംപി സ്ഥാനത്തെ ബാധിച്ചില്ല. പിന്നീട് കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിച്ചപ്പോള്‍ മൂവാറ്റുപുഴ ഇല്ലാതായി. തുടര്‍ന്ന് ജോസഫ് ഗ്രൂപ്പില്‍ തിരിച്ചെത്തിയ പി സി തോമസ് വീണ്ടും എന്‍ഡിഎയിലേക്കു മടങ്ങി. വര്‍ഷങ്ങളായുള്ള അവഗണനയും സീറ്റ് നിഷേധിച്ചെന്ന ആരോപണവുമുയര്‍ത്തി 2021ല്‍ എന്‍ഡിഎ വിട്ട പി സി തോമസ് പി ജെ ജോസഫിനൊപ്പം ചേര്‍ന്ന് യുഡിഎഫില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഒരു എം പിയെ ഉണ്ടാക്കാനായെന്നതല്ലാതെ വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ കാര്യമായ ചലനം സ്യഷ്ടിക്കാന്‍ സംഘപരിവാറിന്റെ ഈ പരീക്ഷണത്തിന് സാധിച്ചില്ല.

നടക്കാതെ പോയ മാണിയുടെ എന്‍ ഡി എ പ്രവേശനം

ബാര്‍ കോഴ വിവാദത്തില്‍ മുന്നണിയിലും പാര്‍ട്ടിയിലും പ്രതിച്ഛായ നഷ്ടമായ കെ എം മാണി 2016 ഓഗസ്റ്റ് ഏഴിന് യുഡിഎഫ് വിട്ട് ബി ജെ പിയുടെ ഭാഗമാകാന്‍ പദ്ധതിയിട്ടതായി പൊതുസംസാരമുണ്ടായി. രണ്ടിലയില്‍നിന്ന് താമരയിലേക്കുള്ള കേരള കോണ്‍ഗ്രസ് എമ്മിന്റെ ചുവടുമാറ്റത്തിന് പക്ഷേ സഭയുടെ പിന്തുണ ലഭിച്ചില്ല. ഇതോടെ നീക്കത്തില്‍നിന്ന് മാണി പിന്മാറുകയായിരുന്നു. മാണിയുടെ എന്‍ഡിഎ പ്രവേശനവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന ബിജെപി നേതാക്കളുമായി വരെ ചര്‍ച്ചകള്‍ നടന്നിരുന്നു. മാണി വിഭാഗത്തെ എത്തിച്ച് ക്രിസ്ത്യന്‍ വോട്ട് ബാങ്ക് ശക്തിപ്പെടുത്താമെന്ന ചിന്തയാണ് ഈ നീക്കത്തിനുപിന്നില്‍ ബിജെപി ലക്ഷ്യം വച്ചത്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ അല്‍ഫോന്‍സ് കണ്ണന്താനത്തെ ക്രിസ്തീയ ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ ഉള്‍പ്പെടെ മത്സരിപ്പിച്ചുവെങ്കിലും നിലം തൊട്ടില്ല. ബിജെപിയുടെ വോട്ട് വിഹിതം കുറയ്ക്കാനല്ലാതെ കൂട്ടാന്‍ കണ്ണന്താനത്തിന് സാധിച്ചില്ല.

കണ്ണന്താനം വഴി ഒരു ശ്രമം

ഇടതുപക്ഷ എംഎല്‍എയും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ അല്‍ഫോന്‍സ് കണ്ണന്താനത്തെ 2017 ലാണ് ബിജെപി സ്വന്തം പാളയത്തിലെത്തിക്കുന്നത്. മാണിയെ കിട്ടാത്തതിനു പകരമെന്നോണം കൂടിയായിരുന്നു ഈ നീക്കം. ഐഎഎസ് രാജിവച്ച് ഇടത് സ്വതന്ത്രനായി മത്സരിച്ച് കാഞ്ഞിരപ്പള്ളിയില്‍ എംഎല്‍എയായി വിജയിച്ച അല്‍ഫോന്‍സ് കണ്ണന്താനത്തെ സമര്‍ത്ഥമായ നീക്കത്തിലൂടെയാണ് ബിജെപിക്കാരനാക്കിയത്. മധ്യപ്രദേശില്‍നിന്ന് രാജ്യസഭയിലെത്തിച്ച അല്‍ഫോണ്‍സിനെ ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് മന്ത്രിയുമാക്കി. പ്രധാന നേതാക്കളെ തഴഞ്ഞ് പാര്‍ട്ടിയുടെ ദേശീയ എക്സിക്യുട്ടീവില്‍ ക്ഷണിതാവുമാക്കി. പിന്നീട് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ അല്‍ഫോന്‍സ് കണ്ണന്താനത്തെ ക്രിസ്തീയ ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ ഉള്‍പ്പെടെ മത്സരിപ്പിച്ചുവെങ്കിലും നിലം തൊട്ടില്ല. ബിജെപിയുടെ വോട്ട് വിഹിതം കുറയ്ക്കാനല്ലാതെ കൂട്ടാന്‍ കണ്ണന്താനത്തിന് സാധിച്ചില്ല. രണ്ടാം മോദി സര്‍ക്കാര്‍ വന്നപ്പോഴേക്കും കണ്ണന്താനത്തെ എവിടെയും കാണാനില്ലാത്ത അവസ്ഥയായി.

2021 തിരഞ്ഞെടുപ്പിലെ പരീക്ഷണങ്ങള്‍

2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് ബിജെപി നല്‍കിയത്. റേച്ചല്‍ മത്തായി, ജോര്‍ജ് കുര്യന്‍ എന്നിവരെ നേതൃത്വത്തില്‍ എത്തിച്ചതിന് സമാനമായ രീതിയില്‍ കൂടുതല്‍ പേരെ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ക്രിസ്ത്യന്‍ പ്രാമുഖ്യമുള്ള കൂടുതല്‍ പേര്‍ക്ക് ബി ജെപി അവസരം നല്‍കിയത്.
യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണിക്ക് അമ്പലപ്പുഴയിലും മുന്‍ ഡിജിപി ജേക്കബ് തോമസിന് ഇരിങ്ങാലക്കുടയിലും ഉള്‍പ്പടെ സ്ഥാനാര്‍ത്ഥിത്വം നല്‍കിയെങ്കിലും സ്ഥിതി മെച്ചപ്പെട്ടില്ല.

ടോം വടക്കന്‍, മുന്‍ ഡിജിപി ജേക്കബ് തോമസ് എന്നിവരിലേക്ക് എത്തിയതിനുപിന്നിലും വ്യക്തമായ ധാരണകളുണ്ടായിരുന്നു. എന്നാല്‍, ലക്ഷ്യം വച്ചതെന്തോ അത് നേട്ടത്തിലെത്തിക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ല. ഏറ്റവുമൊടുവില്‍ ജോണി നെല്ലൂരിനെ ഉപയോഗിച്ചുള്ള പരീക്ഷണത്തിനു തൊട്ടുമുന്‍പ് എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ ബിജെപി സ്വന്തം പാളയത്തിലെത്തിച്ചതിന്റെ ഫലം അറിയാനിരിക്കുന്നതേയുള്ളൂ.

എളുപ്പത്തില്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാനുള്ള പുളിങ്കൊമ്പായി മാത്രമാണ് ജോണി നെല്ലൂരിനെ പോലെയുള്ളവര്‍ ബിജെപിയെ കാണുന്നതെന്ന് ഡല്‍ഹി സെന്റ് സ്റ്റീഫന്‍ കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. വത്സന്‍ തമ്പു ദ ഫോര്‍ത്തിനോട് പറഞ്ഞു. ഇടതു-വലതു മുന്നണികളെ ഭീഷണിപ്പെടുത്തുന്ന തന്ത്രം കൂടിയാണ് സഭ പയറ്റുന്നത്. അതുകൊണ്ടുതന്നെ സഭയുടെ രാഷ്ട്രീയ മുഖംമൂടിയാണ് ജോണി നെല്ലൂരിനെ പോലെയുള്ളവര്‍. കേരളത്തിലെ സഭകള്‍ രാഷ്ട്രീയം കളിക്കാതെ കളിക്കുകയാണ്. അവര്‍ സംരക്ഷണത്തിനും സ്വാധീനത്തിനുമായാണ് രാഷ്ട്രീയ കക്ഷികളുമായി കൂട്ടുകൂടുന്നതെന്നും അദ്ദേഹം പറയുന്നു.

സഭയിലെ പല പുരോഹിതര്‍ക്കെതിരെയും നിലവില്‍ ഗുരുതരമായ പല കേസുകളുണ്ട് ഇതില്‍ നിന്നെല്ലാം ഒരു സുരക്ഷിതത്വം അവര്‍ ആഗ്രഹിക്കുന്നു ഇത് ബിജെപിയിലേക്ക് അടുക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നാകാം

ഡോ. വത്സന്‍ തമ്പു

കേരളത്തില്‍ നിലവില്‍ സഭയ്ക്ക് രാഷ്ട്രീയ സ്വാധീനം കുറഞ്ഞു. ജനാധിപത്യത്തിന്റെ വാള്‍ സഭയ്ക്കുമേല്‍ തൂക്കി ഭീഷണിപ്പെടുത്തുന്ന തന്ത്രമാണ് ബിജെപി ഇപ്പോള്‍ പ്രയോഗിക്കുന്നത്. സഭയിലെ പല പുരോഹിതര്‍ക്കെതിരെയും നിലവില്‍ ഗുരുതരമായ പല കേസുകളുണ്ട് ഇതില്‍ നിന്നെല്ലാം ഒരു സുരക്ഷിതത്വം അവര്‍ ആഗ്രഹിക്കുന്നു ഇത് ബിജെപിയിലേക്ക് അടുക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നാണെന്നും അദ്ദേഹം പറയുന്നു. അധികാരവും പണവും ലഭിക്കാനും ഇ ഡി, സി ബി ഐ പോലെയുള്ള അന്വേഷണ ഏജന്‍സികളെ ഭയപ്പെടാതെ ഉറങ്ങാന്‍ ബിജെപി പ്രവേശനം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പോടെ നിലവിലെ ഭരണകക്ഷിയായ എല്‍ഡിഎഫിന് കൂടുതല്‍ പ്രിയം 28 ശതമാനത്തോളം വരുന്ന മുസ്ലിം വിഭാഗത്തോടാണെന്നു കത്തോലിക്കാ സഭകള്‍ വിശ്വസിക്കുന്നു

ഇതുവരെ കേരളത്തിലെ സാഹചര്യങ്ങളില്‍ യുഡിഎഫിനെയും എല്‍ഡിഎഫിനെയും മാറിമാറി പിടിക്കുന്നതായിരുന്നു സഭകളുടെ ശീലം. എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പോടെ നിലവിലെ ഭരണകക്ഷിയായ എല്‍ഡിഎഫിന് കൂടുതല്‍ പ്രിയം 28 ശതമാനത്തോളം വരുന്ന മുസ്ലിം വിഭാഗത്തോടാണെന്നു കത്തോലിക്കാ സഭകള്‍ വിശ്വസിക്കുന്നു, ഈ സാഹചര്യത്തില്‍ തങ്ങളുടെ സ്വാധീനം നിലനിര്‍ത്തുന്നതിന്റെയും കൂടി ഭാഗമായി മോദിക്ക് ഒപ്പം പോകുമെന്ന് പറയുന്നത് ഗുണകരമാകുമെന്ന് അവര്‍ കരുതന്നതായും അദ്ദേഹം നിരീക്ഷിക്കുന്നു.

മുസ്ലിം ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ ഇന്ത്യന്‍ പൗരത്വത്തിന് പോലും അവകാശമില്ലെന്ന നിലപാട് തിരുത്താതെ ബിജെപിക്ക് കേരളത്തില്‍ രക്ഷയില്ല. കേരളത്തിലെ രാഷ്ട്രീയ വിജയം കൈവരിക്കാന്‍ ഈ നിലപാട് തിരുത്തിയാല്‍ ദേശീയതലത്തില്‍ ഇത് അവര്‍ക്ക് തിരിച്ചടിയാകും. നെഗറ്റീവ് രാഷ്ട്രീയം പറഞ്ഞാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപി രാഷ്ട്രീയ വിജയങ്ങള്‍ കൊയ്തതെന്നും അദ്ദേഹം ചൂണ്ടികാണിക്കുന്നു.

കേരളത്തില്‍ ബിജെപി അധികാരത്തില്‍ വരണമെങ്കില്‍ യുഡിഎഫ് തകരണമെന്ന് കേരള സര്‍വകലാശാലയിലെ മുന്‍ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം അധ്യാപകനും രാഷ്ട്രീയ നിരീക്ഷകനുമായ ജെ പ്രഭാഷ് ദ ഫോര്‍ത്തിനോട് പറഞ്ഞു. കേരളത്തില്‍ നിലവിലുള്ള ഇടതു-വലതു സംവിധാനത്തില്‍ വിള്ളലുണ്ടാക്കാതെ 2024 തിരഞ്ഞെടുപ്പില്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ പോലും ബിജെപിക്കാവുമെന്ന് തോന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജോണി നെല്ലൂരിനെയും അനില്‍ ആന്റണിയും പോലെയുള്ളവരെ കൊണ്ടുവരുന്നതിലൂടെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ബിജെപിക്ക് വിശ്വാസ്യതയുണ്ടെന്ന തോന്നല്‍ ജനങ്ങള്‍ക്കിടയില്‍ വളര്‍ത്തിയെടുക്കാന്‍ ഉപകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒറ്റത്തവണ മാത്രം അക്കൗണ്ട് തുറന്ന ചരിത്രം മാത്രമാണ് കേരളത്തിലെ ബിജെപിക്കുള്ളത്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ക്രിസ്ത്യന്‍ സമുദായത്തെ ഒപ്പം നിര്‍ത്തിയാല്‍ ഗുണമാകുമെന്ന ധാരണയാണ് വര്‍ഷങ്ങളായി കേരളത്തില്‍ ക്രിസ്ത്യന്‍ ബെല്‍റ്റിനെ അടിപ്പിക്കാന്‍ ബിജെപിയെ നിരന്തരം പ്രരിപ്പിക്കുന്ന ഘടകം. ഗോവയിലും ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള വടക്കുകഴക്കന്‍ സംസ്ഥാനങ്ങളിലും സസ്യാഹാരം മാത്രം മതിയെന്ന രാഷ്ട്രീയ നിലപാട് മയപ്പെടുത്തുന്ന കാഴ്ചയാണ് ബിജെപിയില്‍നിന്നുണ്ടാകുന്നത്. അതേ തരത്തില്‍ കേരളത്തിന്റെ രാഷ്ട്രീയ പള്‍സ് അനുകൂലമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ കൂടെക്കൂട്ടാന്‍ ബിജെപി തന്ത്രം പയറ്റുന്നത്.

logo
The Fourth
www.thefourthnews.in