സ്വപ്‌നത്തില്‍ ലഭിക്കുന്ന സന്ദേശം; പരിചയമില്ലാത്ത സ്ഥലങ്ങളിലേക്ക് യാത്ര, ദുരൂഹ മരണങ്ങള്‍ക്ക് പിന്നിൽ ബ്ലാക്ക് മാജിക്ക്?
അരുണാചല്‍പ്രദേശില്‍ മലയാളികളെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. ദമ്പതികളായ കോട്ടയം മീനടം നെടുംപൊയ്കയില്‍ നവീന്‍ തോമസ് (39), ഭാര്യ വട്ടിയൂര്‍ക്കാവ് മൂന്നാംമൂട് അഭ്രക്കുഴി എംഎംആര്‍എ സിഎര്‍എ കാവില്‍ ദേവി (41), വട്ടിയൂര്‍ക്കാവ് മേലത്തുമേഖല എംഎംആര്‍എ 198 ശ്രീരാഗത്തില്‍ ആര്യ ബി നായര്‍ (29) എന്നിവരാണ് മരിച്ചത്. പോസ്റ്റ് മോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ ഇന്നു ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കേസ് അന്വേഷിക്കാനായി കേരള പോലീസ് സംഘം അരുണാചലിൽ എത്തിയിട്ടുണ്ട്.
ഭാര്യയെയും സുഹൃത്തായ ആര്യയെയും വിചിത്ര വഴികളിലേക്ക് നയിച്ചത് നവീനാണെന്നാണ് സൂചന. മരണശേഷം പരലോകത്ത് ജീവിക്കാമെന്ന് പറഞ്ഞ് നവീന്‍ ഇവരെ വിശ്വസിപ്പിച്ചിരുന്നു. ആര്യക്ക് നവീന്‍ മൃതദേഹത്തിന്റെയും രക്തത്തുള്ളികളുടെയും ചിത്രങ്ങള്‍ അയച്ചുകൊടുത്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതാണ്, കൂട്ട മരണത്തിലേക്ക് നയിച്ചത് ദുര്‍മന്ത്രവാദമാണെന്ന സംശയം ഉയരാന്‍ കാരണമായത്.
അടുത്തമാസം ഏഴിന് ആര്യയുടെ വിവാഹം ഉറപ്പിച്ചിരുന്നു. ആര്യയും ദേവിയും തമ്മില്‍ നല്ല സൗഹൃദത്തിലായിരുന്നു. ആര്യയുടെ വിവാഹം ഉറപ്പിച്ചതിനുപിന്നാലെയാണ് ഇവര്‍ മരിക്കാന്‍ തീരുമാനിച്ചതെന്ന ആരോപണവുമുണ്ട്. ആര്യയെ കഴിഞ്ഞമാസം 27 മുതല്‍ കാണാനില്ലെന്ന് കാണിച്ച് പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു.
നവീന്‍ മരണാനന്തര ജീവിതത്തെക്കുറിച്ച് ഇന്റര്‍നെറ്റില്‍ തിരഞ്ഞതായുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. '' സന്തോഷത്തോടെ ജീവിച്ചു, ഇനി ഞങ്ങള്‍ പോകുന്നു'' എന്ന കുറിപ്പ് മൃതദേഹങ്ങളുടെ സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.
ആരും പോകാത്ത വിദൂരസ്ഥലങ്ങളെക്കുറിച്ച് സ്വപ്‌നത്തില്‍ കാണാറുണ്ടെന്നും ഇവിടേക്ക് പോകാറുണ്ടെന്നും ഇവര്‍ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. പൊതുവേ, സമൂഹത്തോട് ഇടപഴകാതെ മാറി നിന്നിരുന്ന ഇവര്‍ക്ക്, ചുരുക്കം ചില സുഹൃത്തക്കള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആര്യയും ദേവിയും ചില വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ വഴി ട്യൂഷന്‍ എടുത്തിരുന്നു. കുറച്ചുദിവസത്തേക്ക് ട്യൂഷനില്ലെന്നും അടുത്ത ട്യൂഷന്‍ സമയം അറിയിക്കാമെന്നും ഇവര്‍ വിദ്യാര്‍ഥികളോട് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് അരുണാചലിലേക്ക് പോയത്.
ശ്രീകാര്യത്തെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയാണ് ആര്യ. ദേവി മുന്‍പ് ഇവിടെ അധ്യാപികയായി ജോലി ചെയ്തിരുന്നു. മാര്‍ച്ച് 27ന് ആണ് മൂവരും അരുണാചലിലേക്കു പോയത്. അരുണാചലിന്റെ തലസ്ഥാനമായ ഇറ്റാനഗറില്‍നിന്ന് 100 കിലോമീറ്റര്‍ മാറി സിറോയിലെ ഹോട്ടലിലാണ് മുറിയെടുത്തത്. കുടുംബമാണെന്നും ആര്യ മകള്‍ ആണെന്നും പറഞ്ഞാണ് ഇവര്‍ മുറിയെടുത്തത്.
കഴിഞ്ഞദിവസങ്ങളില്‍ റസ്റ്ററന്റിലെത്തി ആഹാരം കഴിച്ച ഇവരെ ഇന്നലെ രാവിലെ 10 കഴിഞ്ഞിട്ടും പുറത്തു കാണാതിരുന്നതോടെ ഹോട്ടല്‍ ജീവനക്കാര്‍ അന്വേഷിച്ചു ചെല്ലുകയായിരുന്നു. മുറിയില്‍ ആര്യ കട്ടിലിലും ദേവി നിലത്തും കൈഞരമ്പ് മുറിഞ്ഞനിലയില്‍ മരിച്ചുകിടക്കുകയായിരുന്നു. നവീന്റെ മൃതദേഹം ശുചിമുറിയിലായിരുന്നു. ദേഹമാസകലം വ്യത്യസ്ത തരത്തിലുള്ള മുറിവുകളുണ്ടാക്കി രക്തം വാര്‍ന്നാണ് മൂവരുടെയും മരണം.
പ്രശസ്ത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫര്‍ ബാലന്‍ മാധവന്റെയും ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ യോഗ അധ്യാപിക ലതയുടെയും മകളാണു ദേവി. ലാറ്റക്‌സ് റിട്ട. ഉദ്യോഗസ്ഥന്‍ അനില്‍കുമാറിന്റെയും ജിബാലാംബികയുടെയും മകളാണ് ആര്യ.