തൃപ്പൂണിത്തുറ പടക്കശാലയിൽ വന്‍ സ്ഫോടനം; ഒരു മരണം, 16 പേർക്ക് പരുക്ക്, നാല് പേരുടെ നില ഗുരുതരം
തൃപ്പൂണിത്തുറയില്‍ പടക്കശാലയില്‍ നടന്ന വന്‍സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. തിരുവനന്തപുരം ഉള്ളൂര്‍ പോങ്ങുംമൂട് സ്വദേശി വിഷ്ണുവാണ് മരിച്ചത്. ടെമ്പോ ട്രാവലര്‍ ഓടുന്ന വിഷ്ണു പടക്കശാലയിലെ ലോഡ് കിട്ടിയതിനെ തുടര്‍ന്ന് ഇന്നലെയാണ് വീട്ടില്‍ നിന്നു പോയത്.
സ്ഫോടനത്തിൽ 16 പേർക്ക് പരുക്കേറ്റിട്ടുണ്ട്. നാലു പേരുടെ നില ഗുരുതരമാണ്. നടന്നത് ഉഗ്ര സ്ഫോടനമെന്നാണ് പ്രാഥമിക വിവരം. പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി എത്തിച്ച പടക്കങ്ങൾ വാഹനത്തിൽനിന്ന് ഇറക്കുന്നതിനിടെ പൊട്ടിത്തെറിച്ചതെന്നാണ് പുറത്തുവരുന്ന പ്രാഥമിക റിപോർട്ടുകൾ. സ്‌ഫോടനത്തിൽ പടക്ക നിർമാണ ശാല പൂർണമായും തകർന്നു. സമീപത്തെ നിരവധി വീടുകള്‍ക്കും നാശനഷ്ടവും കേടുപാടുകളുമുണ്ടായിട്ടുണ്ട്. പൊട്ടിത്തെറിയുടെ പ്രകമ്പനത്തിൽ വീടുകളുടെ ജനാലകളുടെ ചില്ലുകളും മേൽക്കൂരകളും തകർന്നു.
ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. പടക്കങ്ങൾ എത്തിച്ച വാഹനം പൂർണമായും കത്തിനശിച്ചു.
രണ്ടു കിലോമീറ്റർ ദൂരത്തേക്കു വരെ സ്ഫോടനത്തിന്റെ ആഘാതമുണ്ടായെന്നാണ് സമീപവാസികളുടെ മൊഴി. സമീപത്തെ വീടുകൾക്കുള്ളിലും പ്രകമ്പനമുണ്ടായി. സമീപത്തെ കടകളിലേക്കും തീ പടര്‍ന്നിരുന്നു. ആറ് യൂണിറ്റ് അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്നാണ് തീ പടരുന്നത് നിയന്ത്രണവിധേയമാക്കിയത്.
തൃപ്പൂണ്ണിത്തുറയിലെ പൊട്ടിത്തെറിയില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കളമശേരി മെഡിക്കല്‍ കോളേജിലും എറണാകുളം ജനറല്‍ ആശുപത്രിയിലും മികച്ച ചികിത്സാ സൗകര്യമേര്‍പ്പെടുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. തൃപ്പൂണ്ണിത്തുറ ആശുപത്രിയിലും കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ കനിവ് 108 ആംബുലന്‍സുകള്‍ വിന്യസിക്കാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.