അപകടത്തിനു കാരണം സുരക്ഷാവീഴ്ച; സര്‍വീസ് നടത്തിയത് മാനദണ്ഡങ്ങള്‍ പാലിക്കാതെ
മലപ്പുറം താനൂർ ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച അപകടത്തിൽപ്പെട്ട ബോട്ട് സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ദൃക്സാക്ഷികൾ. ഇരുപത് പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന ബോട്ടിലാണ് നാല്പതോളം പേരെ കയറ്റിയത്. ഏകദേശം ആറരമണിയോടെയായിരുന്നു ബോട്ട് അപകടത്തിൽ പെട്ടത്. അഞ്ചുമണി വരെ മാത്രമായിരുന്നു ഈ പ്രദേശത്ത് ബോട്ട് യാത്രയ്ക്ക് അനുമതി ഉണ്ടായിരുന്നത്. ഏകദേശം ആറരമണിയോടെയായിരുന്നു ബോട്ട് അപകടത്തിൽ പെട്ടത്. അഞ്ചുമണി വരെ മാത്രമായിരുന്നു ഈ പ്രദേശത്ത് ബോട്ട് യാത്രയ്ക്ക് അനുമതി ഉണ്ടായിരുന്നത്. ഈ മാനദണ്ഡങ്ങളെല്ലാം മറികടന്നായിരുന്നു ബോട്ട് യാത്ര. അതേസമയം ലൈസൻസില്ലാതെയാണ് ബോട്ട് സർവീസ് നടത്തിയതെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. അനധികൃതമായി സർവീസ് നടത്തിയതിലൂടെ ക്രിമിനൽ കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും മന്ത്രി.
ബോട്ടിലുണ്ടായിരുന്നവർ ലൈഫ് ജാക്കറ്റുകളും ധരിച്ചിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. നിലവിൽ പതിനൊന്ന് മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണസംഖ്യ ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. വെളിച്ചമില്ലാത്തതാണ് രക്ഷാപ്രവർത്തനം ഏറെ ദുസ്സഹമാക്കുന്നത്. എത്ര പേർ ബോട്ടിലുണ്ടായിരുന്നുവെന്നതിന് പറ്റിയും വ്യക്തമായ വിവരങ്ങളില്ല.
ബോട്ട് തലകീഴായ മറിയുകയായിരുന്നു എന്ന് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടയാൾ പറയുന്നു. കരയിൽ നിന്ന് 300 മീറ്റർ അകലെയാണ് അപകടം നടന്നതെന്നും ഇയാൾ വ്യക്തമാക്കി. ഞായറാഴ്ച ആയതിനാൽ ബീച്ചിൽ നിരവധി ആളുകളുണ്ടായിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. രാത്രി ആയതിനാൽ വെളിച്ചക്കുറവ് രക്ഷാ പ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. താനൂരിലും പരിസരങ്ങളിലുമുള്ളവരാണ് അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്നത്.