ചമ്പക്കുളം മൂലം വള്ളംകളിക്കിടെ വള്ളം മറിഞ്ഞു; മുഴുവൻ പേരെയും രക്ഷപ്പെടുത്തി

ചമ്പക്കുളം മൂലം വള്ളംകളിക്കിടെ വള്ളം മറിഞ്ഞു; മുഴുവൻ പേരെയും രക്ഷപ്പെടുത്തി

ചമ്പക്കുളം പഞ്ചായത്തിലെ സിഡിഎസ് പ്രവർത്തകർ തുഴഞ്ഞ കാട്ടിൽതെക്കെതിൽ വള്ളം ആണ് മുങ്ങിയത്
Updated on
1 min read

ചമ്പക്കുളം മൂലം വള്ളംകളിക്കിടെ കളിവള്ളം മറിഞ്ഞ് അപകടം. ചമ്പക്കുളം പഞ്ചായത്തിലെ സിഡിഎസ് പ്രവർത്തകർ തുഴഞ്ഞ കാട്ടിൽതെക്കെതിൽ വള്ളം ആണ് മുങ്ങിയത്. മുഴുവന്‍ ആളുകളെയും രക്ഷപ്പെടുത്തി. സംഘാടനത്തിലെ പിഴവാണ് അപകടത്തിന് വഴിവച്ചതെന്നാണ് ആരോപണം.

ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനല്‍ മത്സരത്തിന് തൊട്ടുമുന്‍പാണ് അപകടം ഉണ്ടായത്. വനിതകളുടെ വള്ളങ്ങളുടെ ഫൈനലിൽ പങ്കെടുത്ത തെക്കനോടിവള്ളമാണ് മറിഞ്ഞത്. ഒരു വള്ളം തുഴച്ചില്‍ തുടങ്ങി ഫിനിഷിങ് ലൈൻ എത്തുന്നതിന് മുന്‍പ് മറ്റ് മത്സരം തുടങ്ങരുത് എന്ന ചട്ടം പാലിക്കാത്തതാണ് അപകട കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ചുണ്ടന്‍ വള്ളങ്ങള്‍ പോകുമ്പോഴുണ്ടാകുന്ന ഓളം വലിയ അപകടം ഉണ്ടാക്കുന്നത് തടയാനാണ് ഇത്തരത്തിൽ മത്സരം ക്രമീകരിക്കുന്നത്. എന്നാല്‍ കാട്ടിന്‍ തെക്കേതിന്‌റെ വനിതകള്‍ തുഴഞ്ഞ വള്ളം ഫിനിഷിങ് ലൈനില്‍ എത്തുന്നതിന് മുന്‍പ് തന്നെ ചുണ്ടന്‍ വള്ളങ്ങളുടെ ലൂസേഴ്‌സ് ഫൈനല്‍ ആരംഭിക്കുകയായിരുന്നു.

മൂന്ന് ചുണ്ടന്‍ വള്ളങ്ങള്‍ കടന്ന് പോയതിന് പിന്നാലെയാണ് ഓളത്തില്‍ പെട്ട് വള്ളം മറിഞ്ഞത്. വേഗത്തില്‍ മത്സരം പൂര്‍ത്തിയാക്കാനാണ് വനിതാ ഫൈനൽ അവസാനിക്കും മുൻപ് ചുള്ളൻ വള്ളങ്ങളുടെ ഫൈനൽ ആരംഭിച്ചതെന്നാണ് ആക്ഷേപം. ഓളത്തില്‍പെട്ട് മറിഞ്ഞ വള്ളത്തിലുണ്ടായിരുന്ന മുഴുവൻ തുഴച്ചിലുകാരും വെള്ളത്തിൽ വീണു. വിവിധ വള്ളങ്ങളിലെത്തിയവർ ഇവരെ കരകയറ്റുകയായിരുന്നു.

22 പേരാണ് വള്ളത്തിലുണ്ടായിരുന്നത്. അതിൽ 17 പേരും വനിതകളാണ്. ഇവരെ ചമ്പക്കുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വള്ളം മറിഞ്ഞതിനെ തുടര്‍ന്ന് ജലോത്സവത്തിലെ തുടര്‍ന്നുള്ള മത്സരങ്ങള്‍ വൈകിയാണ് നടത്തിയത്. ജില്ലാകളക്ടറുടെ നിർദേശത്തെ തുടർന്നാണ് മത്സരം താത്കാലികമായി നിർത്തിവച്ചത്.

logo
The Fourth
www.thefourthnews.in