തിരുവനന്തപുരത്ത് പോലീസിന് നേരെ ബോംബേറ്; പ്രതിയും അമ്മയും അറസ്റ്റിൽ
തിരുവനന്തപുരം കണിയാപുരത്ത് പോലീസിന് നേരെ ബോംബേറ്. യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പിടികൂടാനെത്തിയപ്പോഴാണ് പോലീസിന് നേരെ ബോംബേറുണ്ടായത്. അണ്ടൂര്‍ക്കാണം പായ്ചിറയിലുള്ള സഹോദരങ്ങളായ ഷമീര്‍, ഷഫീഖ് എന്നിവരുടെ വീട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണം. പെട്രോൾ ബോംബും മഴുവുമെറിഞ്ഞെങ്കിലും പോലീസ് തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.
പോലീസിനെ ആക്രമിക്കാൻ ശ്രമിച്ചതിന് ഷമീറിന്റെ അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു. ഷമീറിന്റെ സഹോദരനായ ഷഫീക്ക് ഓടി രക്ഷപ്പെട്ടു. അതിനിടെ പൊലീസ് കസ്റ്റഡിയിലിരിക്കെ പ്രതി ഷമീര്‍ ആത്മഹത്യക്ക് ശ്രമിച്ചു. ബ്ലേഡ് കൊണ്ട് കഴുത്തറുത്തായിരുന്നു ആത്മഹത്യാ ശ്രമം. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.
പുത്തൻതോപ്പ് സ്വദേശി നിഖിൽ നോർബെറ്റിനെയാണ് ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി മർദിച്ചത്. നിഖിലിനെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെടുകയായിരുന്നു. ബൈക്കിൽ പോവുകയായിരുന്ന നിഖിലിനെ അഞ്ചംഗ സംഘം തടഞ്ഞ് നിർത്തി ബലമായി കടത്തി ക്കൊണ്ടുപോവുകയായിരുന്നു. ഓടി രക്ഷപ്പെടാതിരിക്കാൻ വയറ്റിൽ പടക്കവും വാളും തിരുകിവെച്ചിരുന്നു. നിഖിലിനെ പിന്നീട് വിവിധ സ്ഥലങ്ങളിലെത്തിച്ച് മാരകായുധങ്ങൾ ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയും ചെയ്തു. ഗുണ്ടാ സംഘം നിഖിലിന്റെ പിതാവ് നോർബെറ്റിനെ ഫോണിൽ വിളിച്ച് അഞ്ച് ലക്ഷം രൂപ ഉടൻ കഴക്കൂട്ടത്ത് എത്തിക്കണമെന്ന് ആവശ്യപ്പെടുകയും നിഖിലിന്റെ പിതാവ് കഴക്കൂട്ടം പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.
രണ്ട് വർഷം മുൻപ് കണിയാപുരത്ത് നടന്ന സ്വർണക്കവർച്ച കേസിലെ പ്രതികളായ ഷെഫീക്കും ഷമീറുമാണ് നിഖിലിനെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചയോടെ പോലീസ് ആണ്ടൂർകോണത്തെ പ്രതികളുടെ വീട്ടിലെത്തുകയായിരുന്നു. ആ സമയത്താണ് പോലീസിനെതിരായ ആക്രമണം ഉണ്ടായത്. സംഘത്തിൽ പന്ത്രണ്ടോളം പേരുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.