മനുവിന്റെ മരണത്തിൽ ഹൈക്കോടതി ഇടപെടൽ: സ്വവർഗ പങ്കാളിക്ക് മൃതദേഹം വിട്ടുനൽകാനാകില്ല, രക്ഷിതാക്കളെ കാര്യം ബോധ്യപ്പെടുത്തണം

മനുവിന്റെ മരണത്തിൽ ഹൈക്കോടതി ഇടപെടൽ: സ്വവർഗ പങ്കാളിക്ക് മൃതദേഹം വിട്ടുനൽകാനാകില്ല, രക്ഷിതാക്കളെ കാര്യം ബോധ്യപ്പെടുത്തണം

നാളെ രാവിലെവരെ മൃതദേഹത്തിന് നൽകേണ്ട എല്ലാ ബഹുമാനവും നൽകി മോർച്ചറിയിൽ സൂക്ഷിക്കണമെന്ന് ആശുപത്രിക്ക് നിർദേശം നൽകി
Updated on
1 min read

തന്റെ ജീവിത പങ്കാളിയായ മനുവിന്റെ മൃതദേഹം വിട്ടുനൽകാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ക്വീര്‍ വ്യക്തിയായ ജിബിൻ നൽകിയ ഹർജിയിൽ പോലീസിൽ നിന്ന് വിവരങ്ങൾ തേടി ഹൈക്കോടതി. എഫ്ഐആർ സംബന്ധിച്ച വിവരങ്ങൾ കേസന്വേഷിക്കുന്ന കളമശേരി പോലീസ് നൽകണമെന്ന് കോടതി പറഞ്ഞു.

മനുവിന്റെ മരണത്തിൽ ഹൈക്കോടതി ഇടപെടൽ: സ്വവർഗ പങ്കാളിക്ക് മൃതദേഹം വിട്ടുനൽകാനാകില്ല, രക്ഷിതാക്കളെ കാര്യം ബോധ്യപ്പെടുത്തണം
'മനുവിന്റെ മൃതദേഹം വിട്ടുകിട്ടണം;' ഹർജിയുമായി ഗേ പങ്കാളി ജെബിൻ ഹൈക്കോടതിയിൽ

രക്ഷിതാക്കളുമായി സംസാരിച്ച് മൃതദേഹം ഏറ്റെടുക്കുന്ന കാര്യത്തിൽ ഏറ്റവും ഒടുവിലത്തെ വിവരം ബുധനാഴ്ച രാവിലെ അറിയിക്കണമെന്ന് പോലീസിനും നാളെ രാവിലെവരെ മൃതദേഹത്തിന് നൽകേണ്ട എല്ലാ ബഹുമാനവും നൽകി മോർച്ചറിയിൽ സൂക്ഷിക്കണമെന്ന് ആശുപത്രിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പരുക്കേറ്റ് ആശുപത്രിയിൽ കഴിയവേ മരണപ്പെട്ടതിനാൽ ചികിത്സാ ചെലവായ 1.30 ലക്ഷം രൂപ നല്കാൻ ബുദ്ധിമുട്ടുണ്ടെന്നും, കയ്യിലുള്ള മുപ്പതിനായിരം രൂപ സ്വീകരിച്ച് മൃതദേഹം തനിക്ക് വിട്ടുനല്കണമെന്നുമായിരുന്നു മനുവിന്റെ പങ്കാളിയായ കോട്ടയം മുണ്ടക്കയം സ്വദേശി ജെബിന്റെ ആവശ്യം. സ്വവര്‍ഗ പങ്കാളിയെ അനന്തരാവകാശിയായി കണക്കാക്കാൻ സാധിക്കില്ല എന്ന് പറഞ്ഞാണ് ആശുപത്രി ജെബിന് മൃതദേഹം വിട്ടുനൽകാതിരുന്നത്. ഇതിനെ തുടർന്നാണ് തന്റെ പങ്കാളിയുടെ മൃതദേഹം വിട്ടു നൽകണമെന്നാവശ്യപ്പെട്ട് യുവാവ് ഹൈക്കോടതിയെ സമീപിക്കുന്നത്.

ലീവ് ഇൻ റിലേഷനിൽ ആറ് വർഷമായി ഒന്നിച്ച് താമസിച്ചിരുന്ന തന്റെ പങ്കാളിയാണ് മരണപ്പെട്ടതെന്നാണ് യുവാവ് ഹർജിയിൽ പറയുന്നത്. ഫെബ്രുവരി മൂന്നിന് പുലർച്ചെ ഫ്ലാറ്റിൽ നിന്ന് താഴെ വീണുണ്ടായ അപകടത്തിൽ സാരമായി പരിക്കേറ്റ മനു നാലിനാണ് മരിച്ചത്. ചൊവ്വാഴ്ച ഹർജി പരിഗണിക്കവെ അപകട മരണത്തിൽ പൊലീസ് സ്വീകരിച്ച നടപടിയുടെ വിശദാംശങ്ങൾ ശേഖരിക്കേണ്ടതുണ്ടെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചു. എഫ്ഐആർ രജിസറ്റർ ചെയ്തതിലടക്കം വ്യക്തത വരുത്തേണ്ടതുണ്ടെന്നും, ഹർജിക്കാരന്റെ പങ്കാളിയുടെ മരണത്തിനിടയാക്കിയ അപകടത്തിൽ എന്തെങ്കിലും ദുരൂഹതകളുണ്ടോയെന്ന് അറിയേണ്ടതുണ്ടെന്നും സർക്കാർ വ്യക്തമാക്കി.

മനുവിന്റെ മരണത്തിൽ ഹൈക്കോടതി ഇടപെടൽ: സ്വവർഗ പങ്കാളിക്ക് മൃതദേഹം വിട്ടുനൽകാനാകില്ല, രക്ഷിതാക്കളെ കാര്യം ബോധ്യപ്പെടുത്തണം
'ഞങ്ങൾ മരിച്ചാലും അവർക്കത് അപകടമരണമായിരിക്കും'; സൈബർ ബുള്ളിയിങ്ങിനെതിരെ മാർച്ചുമായി ക്വീർ വ്യക്തികൾ

ഹർജിക്കാരനുമായി മരിച്ച വ്യക്തിക്കുള്ള ബന്ധത്തിന് നിയമപരമായി സാധുതയില്ലാത്തതിനാൽ മൃതദേഹം വിട്ടു നല്കാൻ പറ്റില്ല എന്ന് നിരീക്ഷിച്ച കോടതി രക്ഷിതാക്കളെ കാര്യങ്ങൾ ബോധ്യപ്പെടുത്തണമെന്നും പറഞ്ഞു. ഹർജി കോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കും. മനുവിനെ ചികിൽസിച്ച ആസ്റ്റർ മെഡ്സിറ്റിക്ക് കഴിഞ്ഞ ദിവസം കോടതി നോട്ടീസ് അയച്ചിരുന്നു.

logo
The Fourth
www.thefourthnews.in