ബ്രഹ്മപുരത്തെ ചൂട് വിടാതെ നിയമസഭ: സമാന്തര സഭ നടത്തി പ്രതിപക്ഷ പ്രതിഷേധം; തീ അണഞ്ഞതില്‍ വിഷമമെന്ന് മന്ത്രിയുടെ പരിഹാസം
ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലുണ്ടായ തീപിടിത്തം സംബന്ധിച്ച വിവാദത്തില്‍ ഭരണ പ്രതിപക്ഷ വാക്ക് പോര്. അസാധാരണ പരാമര്‍ശങ്ങള്‍ക്കും, സമാന്തര സഭാ നടത്തിയുള്ള പ്രതിഷേധങ്ങള്‍ക്കും ഇന്ന് നിയമസഭ സാക്ഷിയായി. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ ജനങ്ങള്‍ കാണുന്നു എന്ന സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ പരാമര്‍ശമാണ് ഇന്ന് സഭാ നടപടികളെ ശ്രദ്ധേയമാക്കിയത്. ഡയസിന് മുന്നില്‍ ബാനര്‍ ഉയര്‍ത്തി പ്രതിഷേധിച്ച ഷാഫി പറമ്പില്‍ അടക്കമുള്ള പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെയായായിരുന്നു സ്പീക്കറുടെ പരാമര്‍ശം. ടി ജെ വിനോദ്, സി ആര്‍ മഹേഷ്, റോജി എം ജോണ്‍, എ കെ എം അഷ്‌റഫ് എന്നിവരെ ലക്ഷ്യമിട്ടായിരുന്നു ജനങ്ങള്‍ എല്ലാം കാണുന്നു എന്ന് സ്പീക്കര്‍ പറഞ്ഞത്. എന്നിട്ടും പ്രതിഷേധം തുടര്‍ന്ന ഷാഫി പറമ്പിലിനോട് അടുത്ത തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്നും സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കി. ഇത്തവണ ഭൂരിപക്ഷം കുറവാണെന്നും സ്പീക്കര്‍ ഓര്‍മിപ്പിച്ചു.
പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ കൂടി സംരക്ഷിക്കേണ്ട സ്പീക്കര്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഭയന്ന് സ്വന്തം ഉത്തരവാദിത്വം നിറവേറ്റാതിരിക്കുന്നത് പരാജയമാണെന്നായിരുന്നു ഷാഫി പറമ്പിൽ നല്‍കിയ മറുപടി. 'ഞങ്ങള്‍ കസേര തല്ലിപ്പൊളിച്ചില്ല, കമ്പ്യൂട്ടര്‍ താഴെയെറിഞ്ഞിട്ടില്ല, മൈക്ക് കേട് വരുത്തിയിട്ടില്ല. പകരം ഞങ്ങള്‍ സമരം ചെയ്തിട്ടുണ്ട്, പറയാനുളളത് പറഞ്ഞിട്ടുണ്ടെന്നും ഷാഫി പറമ്പിൽ പറഞ്ഞു. അതിനാൽ ഞങ്ങളെ ഭയപ്പെടുത്താമെന്ന് സ്പീക്കര്‍ കരുതണ്ടെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേർത്തു. തന്റെ ജയവും പരാജയവും പാലക്കാട്ടുകാരും പാര്‍ട്ടിയും തീരുമാനിക്കും. എന്നും ഷാഫി പിന്നീട് ഫേസ്ബുക്കിലും കുറിച്ചു. ഡിവൈഎഫ്‌ഐ നേതാവിലേക്ക് സ്പീക്കര്‍ ചുരുങ്ങരുതെന്നും പ്രതിപക്ഷ അംഗങ്ങള്‍ പരിഹസിച്ചു. സ്പീക്കറുടെ വിവാദ പരാമര്‍ശത്തില്‍ മുഖ്യമന്ത്രിയടക്കം ഉത്തരം പറയണമെന്നായിരുന്നു അൻവർ സാദത്ത് എംഎൽഎ മാധ്യമങ്ങളോട് പ്രതികരിച്ചത്.
ബ്രഹ്മപുരം പ്രശ്നത്തില്‍ പ്രതിഷേധിച്ച കൊച്ചി കോര്‍പറേഷനിലെ വനിതാ കൗണ്‍സിലര്‍മാര്‍ക്കെതിരായ പോലീസ് നടപടി സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയം നൽകിയിരുന്നു. എന്നാൽ പ്രമേയം അവതരിപ്പിക്കാനുള്ള അനുമതി സ്പീക്കർ നിഷേധിച്ചതോടെയാണ് നിയമസഭയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചത്. അടിയന്തരപ്രമേയമായി വിഷയം പരിഗണിക്കാനാവില്ലെന്നും സബ്മിഷൻ ആയി ഉന്നയിക്കാമെന്നും സ്പീക്കർ വ്യക്തമാക്കി. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഉള്ള പ്രശ്നങ്ങൾ നിയമസഭയിൽ ചർച്ച ചെയ്യാൻ പറ്റില്ലെന്ന് സ്പീക്കർ സഭയില്‍ റൂളിംഗ് നല്‍കി. സ്‌പീക്കറിന്റെ നിലപാടിൽ തൃപ്തരല്ലാത്ത പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുകയായിരുന്നു.
മുതിർന്ന കോണ്‍ഗ്രസ് നേതാക്കളെ വരെ പോലീസ് ക്രൂരമായി മർദിച്ചെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. ഗൗരവം ഉള്ള വിഷയമാണിതെന്നും മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെയും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പ്രതിഷേധത്തിന്റെ ഭാഗമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം, സമാന്തര സഭ നടത്തി അടിയന്തര പ്രമേയം അവതരിപ്പിച്ചും പ്രതിഷേധം സംഘടിപ്പിച്ചു.
അതേസമയം, യുഡിഎഫ് കൗൺസിലർമാർ കോര്‍പറേഷന്‍ കൗണ്‍സിലില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നുവെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിലെ തീ അണഞ്ഞതില്‍ വിഷമമുള്ള പോലെയാണ് പ്രതിപക്ഷത്തിന്റെ നിലപാടുകളെന്നും വ്യവസായ മന്ത്രി പി രാജീവ് പ്രതികരിച്ചു.