ബ്രഹ്മപുരം ഒരു 'ഡയോക്‌സിന്‍ ബോംബ്'; മുന്നറിയിപ്പുണ്ടായിട്ടും 
അധികൃതര്‍ അനങ്ങിയില്ല, റിപ്പോര്‍ട്ട് ഫയലില്‍ ഉറങ്ങുന്നു

ബ്രഹ്മപുരം ഒരു 'ഡയോക്‌സിന്‍ ബോംബ്'; മുന്നറിയിപ്പുണ്ടായിട്ടും അധികൃതര്‍ അനങ്ങിയില്ല, റിപ്പോര്‍ട്ട് ഫയലില്‍ ഉറങ്ങുന്നു

കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ തിരുവനന്തപുരം ഡിവിഷന്‍ നാല് വര്‍ഷം മുന്‍പ് നടത്തിയ പഠനത്തിലാണ് ഗുരുതര കണ്ടെത്തല്‍
Updated on
1 min read

ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റ് ഉയര്‍ത്തുന്ന ഗുരുതര ഭീഷണിയെ കുറിച്ച് സര്‍ക്കാരിന് മുന്നില്‍ റിപ്പോര്‍ട്ടുകളുണ്ടായിട്ടും ഇപ്പോഴത്തെ സാഹചര്യത്തിലേക്ക് നയിച്ചത് ഗുരുതര അനാസ്ഥയെന്ന് വിലയിരുത്തല്‍. ബ്രഹ്മപുരം പ്ലാന്റ് ഒരു ഡയോക്സിന്‍ ബോംബിന് സമാനമാണെന്ന സിഎസ്ഐആര്‍ തിരുവനന്തപുരം ഡിവിഷന്‍ നടത്തിയ പഠന റിപ്പോര്‍ട്ട് മുന്നിലുണ്ടായിട്ടും സര്‍ക്കാര്‍ ചെറുവിരല്‍ അനക്കാന്‍ തയ്യാറായില്ലെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. മാലിന്യ കൂമ്പാരം കത്തുന്നത് വഴി അന്തരീക്ഷത്തിലെത്തുന്ന ഡയോക്സിന്‍ ജീവന് ഹാനികരമാകുന്ന അളവിലാണെന്നും മൂന്ന് വര്‍ഷം മുന്‍പ് സര്‍ക്കാരിന് മുന്നിലെത്തിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഗുരുതര സാഹചര്യമെന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ട് മുലപ്പാല്‍, പശു-ആട്ടിന്‍ പാല്‍, മാംസം എന്നിവയില്‍ ഡയോക്‌സിന്റെ സാന്നിധ്യം കണ്ടെത്തുന്നതിന് മറ്റൊരു പഠനം നടത്താനും അന്തരീക്ഷത്തിലെ ഡയോക്‌സിന്‍ വ്യാപനം കുറയ്ക്കുന്നതിനുള്ള നടപടികള്‍ നടപ്പിലാക്കാനും ശുപാര്‍ശ ചെയ്യുന്നുണ്ട്. 2021 ഡിസംബറിലാണ് സംസ്ഥാന സര്‍ക്കാരിന് സിഎസ്ഐആര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ജീവന് ഹാനികരമാകും വിധം ശരാശരി 10.3 പിക്കോഗ്രാം (ഒരു ഗ്രാമിന്റെ ലക്ഷം കോടിയില്‍ ഒരംശം) ഡയോക്‌സിന്റെ അളവാണ് ഒരു ഘനമീറ്റര്‍ അന്തരീക്ഷ വായുവില്‍ അന്ന് കണ്ടെത്തിയത്.

Attachment
PDF
STUDY_REPORT_ON_THE_EMISSION_OF_DIOXINS_AND_FURANS_DURING_THE_FIRE_BREAKOUT_AT_BRAHMAPURAM_WASTE_TREATMENT_PLANT_–_FEBRUARY_2020.pdf
Preview

2019 ഫെബ്രുവരിയില്‍ ബ്രഹ്മപുരത്ത് തീപ്പിടിത്തമുണ്ടായപ്പോഴാണ് സിഎസ്‌ഐആര്‍ പഠനം നടത്തിയത്. ഇതിനായി പുക പടര്‍ന്ന മേഖലയിലെ അന്തരീക്ഷ വായുവില്‍ നിന്നും മാലിന്യ കൂമ്പാരത്തിന്റെ പരിസരത്തെ ചാരത്തില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ചു. ജീവന് ഹാനികരമാകും വിധം ശരാശരി 10.3 പിക്കോഗ്രാം (ഒരു ഗ്രാമിന്റെ ലക്ഷം കോടിയില്‍ ഒരംശം) ഡയോക്‌സിന്റെ അളവാണ് ഒരു ഘനമീറ്റര്‍ അന്തരീക്ഷ വായുവില്‍ അന്ന് കണ്ടെത്തിയത്. മുന്‍ പഠനങ്ങളേക്കാള്‍ 10 മുതല്‍ 50 ശതമാനം വരെ കൂടുതല്‍.

ചതുപ്പുകളിലും ഡയോക്‌സിന്‍ സാന്നിധ്യം

തീയണയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് മാലിന്യം നീക്കുന്നത് വഴി ചതുപ്പുകളിലും ഡയോക്‌സിന്‍ സാന്നിധ്യം കണ്ടെത്താനായി എന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. 6.8 നാനോഗ്രാം ഡയോക്‌സിന്റെ സാന്നിധ്യമാണ് പ്ലാന്റിലെ ചതുപ്പുകളില്‍ സിഎസ്‌ഐആര്‍ കണ്ടെത്തിയത്. കത്തിക്കരിഞ്ഞ ചാരത്തില്‍ നിന്നും ഒരു കിലോഗ്രാമില്‍ 158.5 നാനോഗ്രാം ഡയോക്‌സിനും കണ്ടെത്തിയതായും റിപ്പോര്‍ട്ടിലുണ്ട്.

വീണ്ടും പഠനം നടത്താനാണ് സര്‍ക്കാര്‍ സിഎസ്‌ഐആറിന് നല്‍കിയ പുതിയ നിര്‍ദേശം

ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുന്ന ബ്രഹ്മപുരം മാലിന്യ പ്ലാന്റ് ഡയോക്‌സിന്‍ ബോബിന് സമാനമാണെന്ന് വിദഗ്ദ പഠനത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടും സര്‍ക്കാര്‍ മതിയായ ശ്രദ്ധ ചെലുത്തിയോ എന്നത് പുതിയ സാഹചര്യത്തിലും ചോദ്യമായി നില്‍ക്കുകയാണ്. പഠനം നടന്ന് നാല് വര്‍ഷത്തിന് ശേഷം 12 ദിവസത്തോളമാണ് ബ്രഹ്മപുരം നിന്ന് കത്തിയത്. തീയണഞ്ഞതോടെ പ്രദേശത്ത് വീണ്ടും പഠനം നടത്താനാണ് സര്‍ക്കാര്‍ സിഎസ്‌ഐആറിന് നല്‍കിയ പുതിയ നിര്‍ദേശം.

എന്നാല്‍, മുലപ്പാല്‍, ആട്- പശു എന്നിവയുടെ പാല്‍, മുട്ട, ഇറച്ചി എന്നിവയിലെ ഡയോക്‌സിന്‍ സാന്നിധ്യം കണ്ടെത്താന്‍ വിശദ പഠനം നടത്തണമെന്ന വിദഗ്ദ സംഘത്തിന്റെ നിര്‍ദേശം ഇന്നും കടലാസില്‍ തുടരുകയാണ്. അത്യാധുനിക സംസ്‌കരണ പ്ലാന്റ് സാഥാപിക്കുക, ബയോമൈനിങ്ങിലൂടെ നിലവിലെ മാലിന്യങ്ങള്‍ മാറ്റുക, വിഷമയമായ ചാരം ശാസ്തീയമായി സംസ്‌കരിക്കുക തുടങ്ങിയ ശുപാര്‍ശകളും 2021ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ടെങ്കിലും ഒന്നും എങ്ങുമെത്തിയില്ല.

logo
The Fourth
www.thefourthnews.in