ലോകകപ്പിലെ ബ്രസീലിന്റെ തോല്‍വി താങ്ങാനായില്ല,  തലച്ചോറില്‍ രക്തം കട്ടപിടിച്ച് ആരാധകന്‍ ഗുരുതരാവസ്ഥയില്‍

ലോകകപ്പിലെ ബ്രസീലിന്റെ തോല്‍വി താങ്ങാനായില്ല, തലച്ചോറില്‍ രക്തം കട്ടപിടിച്ച് ആരാധകന്‍ ഗുരുതരാവസ്ഥയില്‍

അക്ഷയ് യുടെ ജീവന്‍ രക്ഷിക്കാന്‍ 18 ലക്ഷം രൂപയോളം ചെലവ് വരും
Updated on
1 min read

ഖത്തര്‍ ലോകകപ്പില്‍ നിന്ന് ബ്രസീല്‍ പുറത്തായതിന്റെ ആഘാതത്തില്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ച് യുവഫുട്‌ബോള്‍ താരം ഗുരുതരാവസ്ഥയില്‍. കാക്കനാട് പാറയ്ക്കാമുഗള്‍ കളപ്പുരയ്ക്കല്‍ കെ പി അക്ഷയ് ആണ് ഇഷ്ട ടീം പുറത്തായതിനു പിന്നാലെ ചികിത്സയില്‍ കഴിയുന്നത്. ഗുരുതരാവസ്ഥയില്‍ ഉള്ള 23 കാരനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ചികിത്സാ സഹായവുമായി ഒരു നാട് മുഴുവന്‍ മുന്നിട്ടിറങ്ങുകയാണ്. പരിശോധനയില്‍ അമിത രക്തസമ്മര്‍ദ്ദം മൂലം തലച്ചോറില്‍ രക്തം കട്ടപിടിച്ച് ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അക്ഷയ്ക്ക് ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ ശസ്ത്രക്രിയ വേണ്ടിവരും. എന്നാല്‍ ഈ സാഹചര്യത്തില്‍ അത്തരമൊരു ശസ്ത്രക്രിയ വളരെ പെട്ടന്ന് സാധ്യമല്ല എന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

കാനറികളുടെ കടുത്ത ആരാധകനായ യുവാവ് ബ്രസീല്‍- ക്രൊയേഷ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടം വീടിനടുത്ത് ബിഗ്‌സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നത് കാണാനായി സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയതായിരുന്നു. ബ്രസീലിന്റെ ജയം ആഘോഷിക്കാനായുള്ള പടക്കവും മറ്റും കൈയില്‍ കരുതി എത്തിയ അക്ഷയ്ക്ക് അപ്രതീക്ഷിത തോല്‍വി കടുത്ത നിരാശയുണ്ടാക്കിയിരുന്നു. അതിനാല്‍ വീട്ടിലേക്ക് മടങ്ങാതെ അവിടെത്തന്നെ കിടന്നു. രാവിലെ സുഹൃത്തുക്കള്‍ വിളിച്ചിട്ടും ഉണരാതെ വന്നപ്പോള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ജീവന്‍ രക്ഷിക്കാന്‍ 18 ലക്ഷം രൂപയോളം ചെലവ് വരും. കൂലിപ്പണി ചെയ്ത് കുടുംബം നോക്കുന്ന അക്ഷയ് യുടെ മാതപിതാക്കള്‍ക്ക് അത്രയും വലിയ തുക വഹിക്കാനുള്ള ശേഷിയില്ല. കെ ടി പുരുഷോത്തമന്റെയും ജയയുടെയും മൂത്തമകനായ അക്ഷയ് ഒരു കൊറിയര്‍ സര്‍വ്വീസില്‍ ജോലി നോക്കി വരികയായിരുന്നു. ആരോഗ്യ സ്ഥിതിയില്‍ ഇപ്പോള്‍ നേരിയ പുരോഗതി ഉണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആരോഗ്യനിലയിലുണ്ടാകുന്ന മാറ്റങ്ങള്‍ കണക്കിലെടുത്താവും ശസ്ത്രക്രിയ തീരുമാനിക്കുക.

വലിയ കാല്പന്ത് പ്രേമിയായ അക്ഷയ് സംസ്ഥാനത്തെ വിവിധ ക്ലബ്ബുകള്‍ക്കായി കളിക്കുന്നുണ്ട്. യുവതാരത്തെ ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടുവരാനുള്ള പണം സമാഹരിക്കാന്‍ നാട്ടുകാര്‍ തന്നെ രംഗത്തിറങ്ങിയിട്ടുണ്ട്. അതിനായി ചികിത്സാ സഹായനിധിയും രൂപീകരിച്ചു കഴിഞ്ഞു. തൃക്കാക്കര നരസഭാ കൗണ്‍സിലര്‍മാരായ എം ഒ വര്‍ഗീസ്, അബ്ദുഷാന എന്നിവര്‍ രക്ഷാധികരികളായും പിഎ വേലായുധന്‍ ചെയര്‍മാനായും അനില്‍ കുമാര്‍ കണ്‍വീനറായും പി ഐ ജെയിന്‍ ട്രഷററായും ആണ് ചികിത്സാനിധി പ്രവര്‍ത്തിക്കുന്നത്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ കാക്കനാട് രാജഗിരി വാലി ശാഖയിലാണ് അക്കൗണ്ട് തുറന്നിരിക്കുന്നത്.

ബാങ്ക്: സൗത്ത് ഇന്ത്യന്‍ ബാങ്ക് (രാജഗിരി ബ്രാഞ്ച്), വാലി കാക്കനാട്

അക്കൗണ്ട് നമ്പര്‍: 0587053000008842

IFSC കോഡ് : SIBL0000587

ഗൂഗിള്‍ പേ നമ്പര്‍: 9946902955

logo
The Fourth
www.thefourthnews.in