ലക്ഷങ്ങൾക്കൊപ്പം വിജിലന്‍സ് പിടിച്ചെടുത്തതില്‍ തേനും പുളിയും; കൈക്കൂലിക്കേസിൽ വില്ലേജ് അസിസ്റ്റന്റ് റിമാന്‍ഡില്‍
ലക്ഷങ്ങളുമായി കൈക്കൂലി കേസില്‍ പിടിയിലായ പാലക്കാട് വില്ലേജ് അസിസ്റ്റന്റ് റിമാന്‍ഡില്‍. പാലക്കാട് പാലക്കയത്തെ വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. സുരേഷ് കുമാറിന്റെ വാടക വീട്ടില്‍നിന്ന് പിടിച്ചെടുത്ത തൊണ്ടി മുതല്‍ ഉള്‍പ്പെടെയുള്ള വസ്തുക്കൾ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.
ലോക്കല്‍ മാപ്പ്, സ്‌കെച്ച് എന്നിവ തയ്യാറാക്കുന്നതിനായി സുരേഷ് പണം ആവശ്യപ്പെട്ടുവെന്നായിരുന്നു വിജിലന്‍സിന് ലഭിച്ച പരാതി. 2500 രൂപയാണ് പരാതിക്കാരനോട് ഇയാള്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇക്കാര്യം പരാതിക്കാരന്‍ വിജിലന്‍സിനെ അറിയിച്ചു. തുടർന്നായിരുന്നു സുരേഷ് കുമാറിന്റെ വാടകവീട്ടിൽ ഉൾപ്പെടെ റെയ്ഡ് നടത്തിയതും അറസ്റ്റും.
സുരേഷ് കുമാറിൽനിന്ന് ഒരു കോടിയിലേറെ രൂപയുടെ അനധികൃത സ്വത്ത് സമ്പാദ്യമാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. ഇയാൾ വാടകയ്ക്ക് താമസിക്കുന്ന മണ്ണാര്‍ക്കാട്ടെ വീട്ടില്‍നിന്ന് 33 ലക്ഷം രൂപയും വിവിധ ബാങ്കുകളില്‍ നിക്ഷേപമായി 45 ലക്ഷം രൂപയും കണ്ടെത്തി. 9000 രൂപ വരുന്ന 17 കിലോ നാണയങ്ങളും വിജിലന്‍സ് പിടിച്ചെടുത്തു. വീട് വയ്ക്കാനാണ് പണം സ്വരുക്കൂട്ടിയതെന്നാണ് പ്രതിയുടെ മൊഴി.
നാടു നീളെ നടന്ന് ഇയാള്‍ കൈക്കൂലി വാങ്ങിയെന്നാണ് നാട്ടുകാരുടെ ആരോപണം. ഏറ്റവും കുറഞ്ഞത് 500 രൂപയായിരുന്നു സുരേഷിന്റെ കൂലിയെന്നും ഒരാളുടെ കൈയില്‍നിന്ന് 10000 രൂപ വാങ്ങിയിട്ടുണ്ടെന്നും നാട്ടുകാര്‍ ആരോപിച്ചു. തണ്ടപ്പേരിനായി ഒരാളില്‍നിന്ന് ആറായിരം രൂപയാണ് അടുത്തിടെ വാങ്ങിയതായും ആരോപണമുണ്ട്.
പണത്തിനു പുറമേ കിട്ടുന്നതെന്നും കൈക്കൂലിയായി വാങ്ങുകയെന്നതായിരുന്നു സുരേഷ് കുമാറിന്റെ രീതിയെന്നാണ് വിജിലൻസ് പറയുന്നത്. കൈക്കൂലിയായി വാങ്ങിയ തേനും കുടംപുളിയും വരെ വിജിലന്‍സ് കണ്ടെത്തി. പരിശോധനയില്‍ 10 ലിറ്റര്‍ തേനാണ് ഇയാളുടെ വാടക വീട്ടില്‍ നിന്നും കണ്ടെത്തിയത്.
കൂടാതെ 10 കെട്ട് പൊട്ടിക്കാത്ത മുണ്ടും ഷര്‍ട്ടും ഒപ്പം പേനകളും വിജിലന്‍സ് കണ്ടെത്തി. സംസ്ഥാനത്തെ വിജിലന്‍സ് റെയ്ഡുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ അനധികൃതസമ്പാദ്യമാണിതെന്നാണ് വിലയിരുത്തല്‍.
ചൊവ്വാഴ്ച രാവിലെ മണ്ണാര്‍ക്കാട്ട് നടന്ന സംസ്ഥാന സര്‍ക്കാരിന്റെ പരാതിപരിഹാര അദാലത്തിനിടെയാണ് പാലക്കയം വില്ലേജ് ഓഫീസിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വി. സുരേഷ് കുമാര്‍ പിടിയിലാവുന്നത്. ഇന്ന് രാവിലെ 10 മണിയോടെയാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്. വിജിലന്‍സ് സ്‌പെഷ്യല്‍ ജഡ്ജ് ജി അനിലാണ് കേസ് പരിഗണിച്ചത്.