നിയമന കോഴ വിവാദം: ഹരിദാസന്റെ പരാതി പോലീസിന് കൈമാറാതെ ആരോഗ്യ വകുപ്പ്;  അന്വേഷണം പേഴ്‌സണല്‍ സ്റ്റാഫിന്റെ പരാതിയില്‍

നിയമന കോഴ വിവാദം: ഹരിദാസന്റെ പരാതി പോലീസിന് കൈമാറാതെ ആരോഗ്യ വകുപ്പ്; അന്വേഷണം പേഴ്‌സണല്‍ സ്റ്റാഫിന്റെ പരാതിയില്‍

ശാസ്ത്രീയമായ അന്വേഷണത്തിലൂടെ സംഭവത്തിന്റെ യഥാര്‍ത്ഥ വസ്തുത പുറത്ത് കോണ്ടുവരാനുള്ള ശ്രമത്തിലാണ് പോലീസ്. കേസില്‍ നാളെ വൈകുന്നേരത്തിനുള്ളില്‍ പൂര്‍ണ്ണചിത്രം കിട്ടുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ
Updated on
1 min read

ആരോഗ്യ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെതിരായ നിയമന കോഴ ആരോപണത്തില്‍ വസ്തുത ഏതെന്ന് കണ്ടെത്താനാകാതെ കുഴങ്ങി പോലീസ്. ആരോഗ്യ മന്ത്രിയും പേഴ്‌സണല്‍ സ്റ്റാഫും തെളിവുകള്‍ നിരത്തി കൈക്കൂലി ആരോപണത്തെ പ്രതിരോധിക്കുമ്പോള്‍ പരാതിക്കാരനായ ഹരിദാസ് ഇപ്പോഴും ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. അതേസമയം, തന്റെ പേര് ദുരുപയോഗം ചെയ്ത് ജോലി തട്ടിപ്പിന് ശ്രമിച്ചു എന്ന പേഴ്‌സണല്‍ സ്റ്റാഫ് അഖില്‍ മാത്യുവിന്റെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ഹരിദാസന്റെ വിശദമായ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം

ശാസ്ത്രീയമായ അന്വേഷണത്തിലൂടെ സംഭവത്തിന്റെ യഥാര്‍ത്ഥ വസ്തുത പുറത്ത് കോണ്ടുവരാനുള്ള ശ്രമത്തിലാണ് പോലീസ്. എന്നാല്‍, കൈക്കൂലി നല്‍കിയെന്ന് ആരോപണമുയര്‍ത്തിയ മലപ്പുറം സ്വദേശി ഹരിദാസന്‍ ആരോഗ്യ മന്ത്രിക്ക് നല്‍കിയ പരാതി ഇതുവരെ പോലീസിന് കൈമാറിയിട്ടില്ല. പേഴ്‌സണല്‍ സ്റ്റാഫിന്റെ പരാതിയിലാണ് നിലവിലെ അന്വേഷണം. ഇതിന്റെ ഭാഗമായി ഹരിദാസന്റെ വിശദമായ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

അഖിൽ മാത്യുവിനെതിരായ ഹരിദാസന്റെ പരാതി ഈ മാസം 23ന് ഡിജിപിക്ക് കൈമാറിയിട്ടുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി പ്രതികരിച്ചത്. എന്നാല്‍ പോലീസിന് ലഭിച്ചത് മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അഖിൽ മാത്യുവിന്റെ പരാതി മാത്രമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച് നാഗരാജു ഇന്ന് നടത്തിയ പ്രതികരണം. ഇ മെയിൽ വഴി ലഭിച്ച പരാതിയില്‍ ഇന്നലെത്തന്നെ അഖിൽ മാത്യുവിന്റെ മൊഴി രേഖപ്പെടുത്തിയെന്നും ഹരിദാസന്റെ മൊഴിയെടുക്കാൻ പൊലീസ് സംഘം ഇന്ന് മലപ്പുറത്തേക്ക് തിരിച്ചെന്നുമാരുന്നു കമ്മീഷണറുടെ വിശദീകരണം.

ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ടാണ് അഖില്‍ മാത്യുവും ആരോഗ്യ മന്ത്രിയുടെ ഓഫീസും ആരോപണത്തെ പ്രതിരോധിക്കുന്നത്

അതേസമയം, സെപ്റ്റംബര്‍ 10ന് ഉച്ചയ്ക്ക് 2 മണിക്ക് ശേഷം മന്ത്രിയുടെ ഓഫീസിന് പുറത്തെ ഓട്ടോ സ്റ്റാന്റിന് അടുത്ത് വച്ച് ഒരു ലക്ഷം രൂപ അഖില്‍ മാത്യുവിന് കൈക്കൂലി നല്‍കിയെന്നായിരുന്നു ഹരിദാസന്‍ ആരോഗ്യ മന്ത്രിക്ക് നല്‍കിയ പരാതി. എന്നാല്‍ അന്ന് ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ടാണ് അഖില്‍ മാത്യുവും ആരോഗ്യ മന്ത്രിയുടെ ഓഫീസും ആരോപണത്തെ പ്രതിരോധിക്കുന്നത്. ഇതിന് ശേഷവും കോഴ നല്‍കി എന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ഹരിദാസന്‍. വൈകിട്ട് 4 മണിക്കും 6 മണിക്കും ഇടയിലാണ് താന്‍ പണം നല്‍കിയതെന്നും ശേഷം ഒരു മണിക്കൂറിന് ശേഷമാണ് താന്‍ തിരിച്ച് മടങ്ങിയതെന്നും ഹരിദാസന്‍ പറയുന്നു.

ഹരിദാസന്റെ പരാതിയില്‍ പണം വാങ്ങിയെന്ന് പറയുന്ന പേഴ്‌സല്‍ സ്റ്റാഫ് അഖില്‍ മാത്യുവിന്റെ പരാതിയില്‍ മാത്രമാണിപ്പോള്‍ കന്റോണ്‍മെന്റ് പൊലീസിന്റെ അന്വേഷണം. ഹരിദാസന്റെ പരാതി അതേ പടി വിശ്വസിക്കാന്‍ കഴിയാത്തത് കൊണ്ടാണ് പൊലീസിന് കൈമാറാത്തതെന്നാണ് മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. കേസില്‍ നാളെ വൈകുന്നേരത്തിനുള്ളില്‍ പൂര്‍ണ്ണചിത്രം കിട്ടുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

logo
The Fourth
www.thefourthnews.in