കൈക്കൂലി വിവാദം: പേഴ്‌സണല്‍ സ്റ്റാഫംഗത്തോട് വിശദീകരണം തേടിയെന്ന് മന്ത്രി വീണാ ജോര്‍ജ്

കൈക്കൂലി വിവാദം: പേഴ്‌സണല്‍ സ്റ്റാഫംഗത്തോട് വിശദീകരണം തേടിയെന്ന് മന്ത്രി വീണാ ജോര്‍ജ്

സ്റ്റാഫംഗം അഖില്‍ മാത്യു കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ കന്റോണ്‍മെന്റ് പോലീസ് കേസെടുക്കും
Updated on
1 min read

മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിനായി ആരോഗ്യ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗം അഖില്‍ മാത്യു കൈക്കൂലി വാങ്ങിയെന്ന മലപ്പുറം സ്വദേശി ഹരിദാസന്റെ പരാതിയില്‍ വിശദീകരണവുമായി മന്ത്രി വീണാ ജോര്‍ജ് രംഗത്തെത്തി. മകന്റെ ഭാര്യയ്ക്ക് മെഡിക്കല്‍ ഓഫിസര്‍ നിയമത്തിനായി അഞ്ച്‌ ലക്ഷം രൂപ തവണകളായി നല്‍കാന്‍ ആവശ്യപ്പെട്ടുവെന്നാണ് ഹരദാസന്റെ പരാതി. പത്തനംതിട്ട സ്വദേശി അഖില്‍ സജീവാണ് ഇതിന് ഇടനിലക്കാരനെന്നും പരാതിയില്‍ പറയുന്നു.

പരാതിയില്‍ സ്റ്റാഫംഗത്തോട് വിശദീകരണം തേടിയെന്നും ജോലിക്ക് കൈക്കൂലി വാങ്ങിയ വിവാദത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അഖില്‍ മാത്യുവിന് ഇതുമായി യാതൊരു ബന്ധവുമില്ല, അഖില്‍ മാത്യു തന്റെ ബന്ധുവല്ലെന്നും പരാതി പോലീസിന് കൈമാറിയെന്നും മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ആയുഷ് മിഷന്‍ മെയില്‍ പുറത്തുവന്നത് എങ്ങനെയെന്ന് പരിശോധിക്കണമെന്നും തന്റെ ഓഫിസ് ആരും ദുരുപയോഗം ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പേഴ്‌സനല്‍ സ്റ്റാഫിന്റെമേല്‍ ചെയ്യാത്ത കുറ്റം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ അതും ആദ്യ പരാതിയിലും അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സെപ്റ്റംബര്‍ 13ന് ലഭിച്ച പരാതിയില്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തോട് വിശദീകരണം തേടിയെന്നും അദ്ദേഹത്തിന് ഇതുമായി ബന്ധപ്പെട്ട് യാതൊരു അറിവും ഇല്ലെന്ന് വസ്തുതകള്‍ നിരത്തി അറിയിച്ചെന്നുമാണ് മന്ത്രിയുടെ വിശദീകരണം. സെപ്റ്റംബര്‍ 20ന് മുഖ്യമന്ത്രിയുടെ ഓഫിസിനെ ഇക്കാര്യം അറിയിച്ചു. 23നാണ് പോലീസില്‍ പരാതി നല്‍കിയതെന്നും മന്ത്രി പറയുന്നു. അതേസമയം, സ്റ്റാഫംഗം അഖില്‍ മാത്യു കമ്മീഷണര്‍ക്ക് നല്‍കിയ
പരാതിയില്‍ കന്റോണ്‍മെന്റ് പോലീസ് അഖിലിന്റെ മൊഴിയെടുത്തു. കൈക്കൂലി വാങ്ങിയെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്നാണ് അഖിലിന്റെ പരാതി.

logo
The Fourth
www.thefourthnews.in