ജഡ്ജിമാരുടെ പേരിൽ കോഴ: പോലീസിന് നിയമോപദേശം ലഭിച്ചു; അഭിഭാഷകന് ബാർ കൗൺസിൽ നോട്ടീസയച്ചു
അനുകൂല വിധിക്കായി ജഡ്ജിമാർക്ക് കോഴ നൽകാനെന്ന പേരിൽ കക്ഷികളിൽ നിന്ന് പണം വാങ്ങി എന്ന ആരോപണം നേരിടുന്ന അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെയുള്ള പരാതിയിൽ പോലീസിന് നിയമോപദേശം ലഭിച്ചു. അഡ്വക്കറ്റ് ജനറലിന്റെ നിർദ്ദേശപ്രകാരം ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ് നിയമോപദേശം നൽകിയത്. സൈബിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിൽ അപാകതയില്ലെന്നാണ് നിയമോപദേശമെന്നാണ് സൂചന.
സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ നൽകിയ പ്രാഥമിക റിപ്പോർട്ടിനെ തുടർന്ന് ഡിജിപി ഈ വിഷയത്തിൽ ഐജിയുടെ നിയമോപദേശം തേടിയിരുന്നു. ക്രിമിനൽ കേസുകളിൽ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്റെ നിർദേശം അടിസ്ഥാനമാക്കിയാണ് നിയമോപദേശം തയ്യാറാക്കുന്നത്.
ഇതിനിടെ കേരള ബാർ കൗൺസിൽ വിശദീകരണം ആവശ്യപ്പെട്ട് കാരണം കാണിക്കൽ നോട്ടീസ് നൽകി. 14 ദിവസത്തിനകം വിശദീകരണം നൽകണമെന്നാവശ്യം. കേന്ദ്ര നിയമ മന്ത്രാലയത്തിന് നൽകിയ പരാതി കഴിഞ്ഞ ദിവസം ഉചിതമായ നടപടിക്കായി ബാർ കൗൺസിലിന് കൈമാറിയതിന്റെയും ഹൈകോടതി വിജിലൻസ് രജിസ്ട്രാറുടെയും പോലീസ് മേധാവിയുടേയും അന്വേഷണ റിപ്പോർട്ടുകളുടേയും അടിസ്ഥാനത്തിലാണ് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ ബാർ കൗൺസിൽ തീരുമാനമെടുത്തത്.
ആരോപണം അന്വേഷിച്ച ഹൈക്കോടതി വിജിലൻസ് രജിസ്ട്രാർ നൽകിയ റിപ്പോർട്ട് അംഗീകരിച്ചാണ് ഹൈക്കോടതി ഫുൾ കോർട്ട് യോഗം പോലീസിനോട് റിപ്പോർട്ട് തേടിയത്. സൈബി ജോസ് നൽകുന്ന വിശദീകരണം പരിശോധിച്ചാവും ബാർ കൗൺസിൽ തുടർ നടപടി തീരുമാനിക്കുക. ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്‌ണൻ, ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് സിയാദ് റഹ്മാൻ എന്നിവർക്ക് നൽകാനെന്ന പേരിൽ കക്ഷികളിൽ നിന്ന് സൈബി ജോസ് 77 ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം.