പിഎസ്‌സി അംഗമാകുന്നതിന് കോഴ: ആരോപണം തള്ളാതെ മുഖ്യമന്ത്രി; നിയമനടപടിയെന്ന് മുഹമ്മദ് റിയാസ്
പിഎസ്‌സി അംഗമാകുന്നതിന് സിപിഎം നേതാവ് കോഴ ആവശ്യപ്പെട്ടുവെന്ന ആരോപണം തള്ളാതെ മുഖ്യമന്ത്രി. എന്നാല്‍ തന്നെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ്. കോഴ വാങ്ങിച്ചുവെന്ന ആരോപണം സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടുളി തള്ളി. കഴിഞ്ഞ ദിവസമാണ് പി എസ് സി അംഗമായി നിയമനം കിട്ടുന്നതിന് സിപിഎമ്മിന്റെ കോഴിക്കോട്ടെ നേതാവ് കോഴ ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത പുറത്തുവന്നത്.
മന്ത്രി മുഹമ്മദ് റിയാസിന്റെ പേര് ഉപയോഗിച്ചാണ് കോഴ ആവശ്യപ്പെട്ടെതെന്നും അതില്‍ ഒരു പങ്ക് കൊടുത്തതെന്നുമായിരുന്നു ആരോപണം. ഇത് സംബന്ധിച്ച് ഇന്ന് നിയമസഭയില്‍ ചോദ്യം വന്നപ്പോള്‍ മുഖ്യമന്ത്രി ഇക്കാര്യം നിഷേധിച്ചില്ല. എന്നാല്‍ ആരോപണങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയുമില്ല. നാട്ടില്‍ പല വിധ തട്ടിപ്പുകള്‍ നടക്കുന്നുവെന്നും അതിനെതിരെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പി എസ് സി അംഗങ്ങളുടെ നിയമനത്തില്‍ ഒരു തരത്തിലും അഴിമതിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
കോഴ നല്‍കിയിട്ടും സ്ഥാനം ലഭിച്ചില്ലെന്നതിനെ തുടര്‍ന്നാണ് പാര്‍ട്ടിക്ക് പരാതി നല്‍കിയതെന്നായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നത്. ഇത് സിപിഎം അന്വേഷിക്കുന്നതിനിടെയാണ് ആരോപണം തള്ളാത്ത പ്രസ്താവന മുഖ്യമന്ത്രി നടത്തിയത്. അതേസമയം, തന്നെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. എന്നാല്‍ കോഴ ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല.
അതേസമയം, ആരോപണം നേരിടുന്ന സിപിഎം ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളി ഒരു തരത്തിലുള്ള കോഴയും വാങ്ങിയിട്ടില്ലെന്ന് പ്രതികരിച്ചു. ഒരു തരത്തിലുള്ള കോഴയും വാങ്ങിയിട്ടില്ലെന്നും ഇത് സംബന്ധിച്ച് പാര്‍ട്ടി തന്നോട് വിശദീകരണമൊന്നും ചോദിച്ചിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മുഹമ്മദ് റിയാസ് വഴി പിഎ്സ സി അംഗത്വം ശരിയാക്കാമെന്നും അത് നടക്കാത്തപ്പോള്‍ ആരോഗ്യവകുപ്പില്‍ ഉന്നത തസ്തിക ശരിയാക്കി തരാമെന്നും പറഞ്ഞ് കോഴ വാങ്ങിയെന്നാണ് ആരോപണം. ജോലി കിട്ടിത്താതിനെ തുടര്‍ന്നാണ് പണം നല്‍കിയവര്‍ സിപിഎമ്മിനെ സമീപിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ വിവാദമുണ്ടായതിനെ തുടര്‍ന്നാണ് ആരോപണം നിഷേധിക്കാതെ മുഖ്യമന്ത്രി നിയമസഭയില്‍ പ്രസ്താവന നടത്തിയത്. പി എസ് സി അംഗത്തെ നിയമിക്കാന്‍ പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗം ഇടപെട്ടുവെന്നത് ശുദ്ധ അംസബന്ധമാണെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.