ബഫര്‍സോണ്‍: വിധി നടപ്പാക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് കേരളം; സുപ്രീംകോടതിയില്‍ പുന:പരിശോധന ഹര്‍ജി നല്‍കി
ബഫര്‍ സോണ്‍ വിധിക്കെതിരെ കേരളം സുപ്രീംകോടതിയില്‍ പുന:പരിശോധനാ ഹര്‍ജി സമര്‍പ്പിച്ചു. വിധി നടപ്പാക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. ബഫര്‍ സോണില്‍പ്പെടുന്ന ജനങ്ങളെ മറ്റ് സ്ഥലങ്ങളിലേയ്ക്ക് പുനരധിവസിപ്പിക്കാന്‍ സാധിക്കില്ലെന്നും കേരളം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറിയാണ് പുന:പരിശോധന ഹര്‍ജി നല്‍കിയത്.
ജൂണ്‍ മൂന്നിന് ജസ്റ്റിസ് നാഗേശ്വര റാവുവിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് പുറപ്പെടുവിച്ച വിധി പുന: പരിശോധിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടിക്കുന്നത്. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം ബഫര്‍സോണ്‍ ആക്കണമെന്നായിരുന്നു കോടതിയുടെ വിധി.
സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം 2011 സെന്‍സസ് പരിശോധിക്കുമ്പോള്‍ ദേശീയ ജനസാന്ദ്രതയുടെ രണ്ടിരട്ടിയാണ് കേരളത്തിലെ ജനസാന്ദ്രതയെന്നും അതിനാല്‍ ബഫര്‍സോണ്‍ മേഖലയില്‍ നിന്ന് ജനങ്ങളെ പുനരധിവസിപ്പിക്കുക ബുദ്ധിമുട്ടാണെന്നാണ് കേരളം ചൂണ്ടിക്കാട്ടിയത്. ഭരണഘടന ഉറപ്പാക്കുന്ന ജീവിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമായി ഈ വിധി മാറുമെന്നും കേരളം സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞു. സുപ്രീംകോടതി ഇത് നടപ്പാക്കുമ്പോള്‍ കൊച്ചിയിലെ മംഗളവനത്തിന് സമീപമുള്ള ഹൈക്കോടതിയെ ഇത് ബാധിക്കുമെന്നും കേരളം അറിയിച്ചു. ബഫര്‍സോണിലെ വിധി കേരളത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.