വിഡി സതീശന്‍
വിഡി സതീശന്‍

ബഫര്‍സോണ്‍: ഗുരുതരമായ അനാസ്ഥയ്ക്ക് സർക്കാർ ഉത്തരം പറയണം, മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്

ജനവാസ കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് പുറത്തിറക്കിയത് എന്തിനെന്ന് വിഡി സതീശന്‍
Updated on
1 min read

ബഫര്‍സോൺ വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത് ദുരൂഹത നിറഞ്ഞ നിരുത്തരവാദിത്ത സമീപനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ജനവാസ കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തരുത് എന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തീരുമാനത്തെ ഇപ്പോഴത്തെ സര്‍ക്കാര്‍ അട്ടിമറിച്ചതായും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

മാനുവല്‍ സര്‍വെ വേണം എന്ന പ്രതിപക്ഷത്തിന്റെ ആവശ്യം എന്തുകൊണ്ട് സര്‍ക്കാര്‍ അംഗീകരിച്ചില്ല. വിദഗ്ദ സമിതി എന്ത് ചെയ്‌തെന്നു പോലും സര്‍ക്കാര്‍ അന്വേഷിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. താന്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കാന്‍ തയ്യാറാകണം എന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളത്തില്‍ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

എന്തിനാണ് ഓഗസ്റ്റ് 29 നടത്തിയ ഉപഗ്രഹ സര്‍വെ റിപ്പോര്‍ട്ട് മൂന്ന് മാസം പൂഴ്ത്തിവച്ചത്. അവ്യക്തത മാത്രമുളള രണ്ടാമത്തെ റിപ്പോര്‍ട്ട് ആര്‍ക്ക് വേണ്ടി. എന്തിനാണ് ജനവാസ കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് പുറത്തിറക്കിയത്. സുപ്രിംകോടതിയില്‍ തിരച്ചടി ഉണ്ടായാല്‍ കേരളം ഉത്തരവാദിത്തം ഏറ്റെടുക്കുമോ എന്നിങ്ങനെയുള്ള ചോദ്യങ്ങളുന്നയിച്ച പ്രതിപക്ഷ നേതാവ് ഫീല്‍ഡ് സര്‍വെ അംഗീകരിക്കാത്തതില്‍ ദുരൂഹതയുണ്ടെന്നും ആരോപിച്ചു.

സര്‍ക്കാര്‍ ബഫര്‍സോണ്‍ വിഷയം കൈകാര്യം ചെയ്തത് ലാഘവത്തോടെയല്ലെന്നും, പ്രതിപക്ഷവുമായി സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനവാസ കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തരുത് എന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തീരുമാനത്തെ അട്ടിമറിച്ചെന്നും വിഡി സതീശന്‍ ആരോപിച്ചു. പെട്ടന്ന് പരിഹരിക്കേണ്ടിയിരുന്ന പ്രശ്നം സര്‍ക്കാര്‍ വഷളാക്കിയെന്നും അദ്ദേഹം പറഞ്ഞു.

logo
The Fourth
www.thefourthnews.in