മുഖ്യമന്ത്രി പിണറായി വിജയന്‍
മുഖ്യമന്ത്രി പിണറായി വിജയന്‍

ബഫർസോൺ: ഉപഗ്രഹ സർവേ അന്തിമരേഖയല്ല, പോരായ്മകളുണ്ടെന്ന് മുഖ്യമന്ത്രി

ഉപഗ്രഹ സര്‍വേയില്‍ എല്ലാ കാര്യങ്ങളും ഉള്‍പ്പെട്ടിട്ടില്ല. അതുകൊണ്ടാണ് റിപ്പോര്‍ട്ടില്‍ കൂടുതല്‍ വ്യക്തത വേണമെന്ന് സര്‍ക്കാര്‍ നിലപാടെടുത്തതെന്ന് മുഖ്യമന്ത്രി
Updated on
1 min read

ബഫര്‍സോണുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഉപഗ്രഹ സർവേയില്‍ എല്ലാ കാര്യങ്ങളും ഉള്‍പ്പെട്ടിട്ടില്ല. അതുകൊണ്ടാണ് റിപ്പോര്‍ട്ടില്‍ കൂടുതല്‍ വ്യക്തത വേണമെന്ന് സര്‍ക്കാര്‍ നിലപാടെടുത്തത്. സർവേയ്ക്ക് പിന്നില്‍ സദുദ്ദേശം മാത്രമായിരുന്നു ഉണ്ടായിരുന്നത്. സര്‍വേ അന്തിമരേഖയല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന കേരളോത്സവത്തിന്റെ ഉദ്ഘാടന കര്‍മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബഫര്‍ സോണിന്റെ പേരില്‍ വിവേചനമുണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി

ജനവാസ കേന്ദ്രങ്ങളില്‍ സാധാരണ ജീവിതം നയിക്കാനാകണം. കോടതി വിധിയില്‍ എന്തൊക്കെ ചെയ്യണമെന്ന് ആലോചിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും, കേന്ദ്ര സര്‍ക്കാരിന് ആവുന്നത് അവരും ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓരോ പ്രദേശത്തെയും പ്രത്യേകത മനസിലാക്കാന്‍ വിദഗ്ദ സമിതിയെ വെച്ചു. പ്രാദേശിക പ്രത്യേകതകള്‍ പഠിക്കാന്‍ ജസ്റ്റിസ് തോട്ടത്തില്‍ അധിപനായി വിദഗ്ധ സമിതിയെ നിയോഗിച്ചു. എന്നാല്‍ ബഫര്‍ സോണിന്റെ പേരില്‍ വിവേചനമുണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നാടിന്റെയും ജനങ്ങളുടെയു താത്പര്യം സംരക്ഷിക്കാന്‍ എല്ലാവരുടേയും പിന്തുണ വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കുറ്റമറ്റ റിപ്പോര്‍ട്ട് കോടതി മുൻപാകെ സമര്‍പ്പിക്കും. വ്യക്തമായ ഉദ്ദേശത്തോടെ ചില പ്രത്യേക നീക്കങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ അത്തരം ഉദ്ദേശമനുസരിച്ചല്ല സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനം ജനങ്ങളുടെ താത്പര്യമനുസരിച്ചാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സുപ്രീംകോടതിയില്‍ പുതിയ റിപ്പോര്‍ട്ടാകും സമർപ്പിക്കുകയെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു

ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കില്ലെന്ന് നേരത്തെ വനംമന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാണ് സര്‍വേ നടത്തിയത്. അപാകതകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പുതിയ റിപ്പോര്‍ട്ടാകും സമര്‍പ്പിക്കുകയെന്നും എ കെ ശശീന്ദ്രന്‍ പ്രതികരിച്ചിരുന്നു.

logo
The Fourth
www.thefourthnews.in