തൃശൂരിൽ സദാചാര ആക്രമണത്തിന് ഇരയായ ബസ് ഡ്രൈവർ മരിച്ചു; കൊലയാളികൾ ഒളിവിലെന്ന് പോലീസ്

തൃശൂരിൽ സദാചാര ആക്രമണത്തിന് ഇരയായ ബസ് ഡ്രൈവർ മരിച്ചു; കൊലയാളികൾ ഒളിവിലെന്ന് പോലീസ്

കഴിഞ്ഞ മാസം പതിനെട്ടിന് അർധരാത്രിയായിരുന്നു സഹർ ആക്രമണത്തിന് ഇരയായത്. ചിറയ്ക്കല്‍ തിരുവാണിക്കാവ് ക്ഷേത്രത്തിന് സമീപത്തുവച്ചാണ് മര്‍ദ്ദനമേറ്റത്.
Updated on
1 min read

തൃശൂർ തിരുവാണിക്കാവിൽ സദാചാര ആക്രമണത്തിന് ഇരയായ ബസ് ഡ്രൈവർ മരിച്ചു. തൃശൂർ-തൃപ്രയാർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്ന ചേർപ്പ് സ്വദേശി സഹർ ആണ് മരിച്ചത്. കഴിഞ്ഞ മാസം പതിനെട്ടിന് അർധരാത്രിയായിരുന്നു സഹർ ആക്രമണത്തിന് ഇരയായത്. തൃശൂർ ജൂബിലി മിഷൻ ആശുപ്രതിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കൊലയാളികളായ ആറ് പേരും ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.

സഹറിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സമീപത്തെ ക്ഷേത്രത്തിലെ സിസിടിവി കാമറയിൽ പതിഞ്ഞിരുന്നു. കഴിഞ്ഞ ശിവരാത്രി ദിവസം രാത്രി ചിറയ്ക്കല്‍ തിരുവാണിക്കാവ് ക്ഷേത്രത്തിന് സമീപത്തുവച്ചാണ് മര്‍ദ്ദനമേറ്റത്. രാത്രി സമയത്ത് പ്രദേശത്ത് സഹറിനെ കണ്ടതിൽ ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനമേറ്റ സഹര്‍ വീട്ടിലെത്തി കിടന്നെങ്കിലും പുലര്‍ച്ചയോടെ വേദന അനുഭവപ്പെടുകയായിരുന്നു.

തുടർന്ന് ആദ്യം കരാഞ്ചിറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്കും മാറ്റുകയായിരുന്നു. ഒരാഴ്ചയ്ക്കിടെ സഹറിന്റെ ആരോഗ്യ നില വഷളായി. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ പ്രതികൾക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തും.

logo
The Fourth
www.thefourthnews.in